കാർഷികമേഖലയെ രക്ഷിക്കാൻ വൈവിധ്യവത്കരണം, മൂല്യവർധന
"രണ്ടോ മൂന്നോ ഏക്കർ സ്ഥലമേയുള്ളു അവിടെ തെങ്ങായിരുന്നു കൃഷി. തെങ്ങിനു മുഴുവൻ കൂന്പുചീയൽ വന്നതോടെ അതു മുഴുവൻ വെട്ടി റബറുവെച്ചു. ഇപ്പോ റബറിനും വിലയില്ല.ഇനി എന്തു കൃഷിയാണ് ചെയ്യേണ്ടത്'. തോമസ് ചേട്ടനെപ്പോലെ സങ്കടം പറയുന്ന നിരവധി കർഷകരുണ്ട് നമുക്കു ചുറ്റും.

ഉയർന്നു വരുന്ന വിദ്യാഭ്യാസച്ചെലവുകൾ, ചികിത്സച്ചെലവുകൾ, ജീവിതനിലവാരത്തിൽ വന്ന മാറ്റങ്ങൾ എന്നിവയ്ക്കനുസരിച്ച് കർഷകരുടെ വരുമാനത്തിൽ ഉർച്ചയൊന്നുമുണ്ടാകുന്നില്ല. മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നൽകി അവരെ നല്ല ജോലിയിലെത്തിക്കണമെന്നാണ് മിക്ക കർഷകരുടെയും ആഗ്രഹം. പക്ഷേ, ഈ ആഗ്രഹങ്ങളൊന്നും നിറവേറ്റാനാവശ്യമായ വരുമാനം കിട്ടുന്നില്ല. കാർഷിക വായ്പ എടുത്തും മറ്റും കൃഷി ചെയ്യുന്നവരാകട്ടെ കൃത്യമായ തിരിച്ചടവ് നടത്താനാകാതെ ബുദ്ധിമുട്ടുകയാണ്. കാർഷികമേഖലയെ സംരംക്ഷിക്കുന്നതിനും നിലവിലുള്ള കൃഷി അന്യം നിന്നു പോകാതിരിക്കാനും സുസ്ഥിര കൃഷി നടപ്പിലാക്കണം എന്നുള്ളത് വർഷങ്ങളായി കേൾക്കുന്നതാണ്. പക്ഷേ, സുസ്ഥിര കൃഷി ഒരിടത്തും എത്തിയിട്ടില്ല ഇതുവരെ.

കാർഷികോത്പന്നങ്ങൾക്ക് വില ലഭിക്കുന്നില്ല എന്നുള്ളതാണ് പ്രധാന പ്രശ്നം.അതോടൊപ്പം രോഗങ്ങൾ, കീടങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നിവയെല്ലാം കർഷകർക്ക് പ്രതിസന്ധികൾ ഉയർത്തുകയാണ്. രാസവളപ്രയോഗവും കീടനാശിനികളുടെ ഉപയോഗവും മണ്ണിന്‍റെ ഫലപുഷ്ടിയെ ഇല്ലാതാക്കിയിട്ടുണ്ട്.

ഓർഗാനിക് കൃഷിയും മൂല്യവർധനവും വിളകളുടെ വൈവിധ്യ വത്കരണവുമാണ് കാർഷിക മേഖലയിൽ സാന്പത്തികമായി നേട്ടമുണ്ടാക്കുവാനുള്ള വഴികൾ എന്ന തിരിച്ചറിവിലേക്ക് കേരളത്തിലെ കർഷകരും പതിയെ കടന്നുവരികയാണ്. തുടക്കത്തിലുള്ള ആവേശമായി ഈ നല്ല തുടക്കവും ഒതുങ്ങിപ്പോകരുതെന്നുമാത്രം.

വൈവിധ്യമാർന്ന വിളകൾ

രണ്ടോ മൂന്നോ ഏക്കർ സ്ഥലത്തെ ഒരു വിളയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പറ്റില്ലെന്നുള്ള തിരിച്ചറിവ് ചെറിയതോതിലെങ്കിലും കേരളത്തിലെ കർഷകരുടെ ഇടയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഒറ്റവിള കൃഷിയെക്കാൾ എന്തുകൊണ്ടും നഷ്ട‌സാധ്യത കുറയ്ക്കുവാൻ ബഹുവിള കൃഷി സഹായകമാകും. കാരണം കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പ്രത്യേകിച്ച് മഴയുടെ ലഭ്യത കൂടുകയോ കുറയുകയോ ചെയ്താൽ അത് വിളവിനെ സാരമായി തന്നെ ബാധിക്കും. കീടബാധയോ മറ്റോ ഒരു ചെടിക്കു വന്നാൽ അത് പെട്ടന്നു തന്നെ കൃഷിയിടത്തിലേക്ക് വ്യാപിക്കും. ഉത്പന്നങ്ങളുടെ കയറ്റുമതി ഇറക്കുമതി നിയന്ത്രണങ്ങളിൽ വരുന്ന മാറ്റങ്ങൾ, അന്താരാഷ്ട്രകരാറുകൾ എന്നിവയെല്ലാം കാർഷികോത്പന്നങ്ങളുടെ വിലയിടവിനെ ബാധിക്കാറുണ്ട്. വർഷത്തിൽ എല്ലാക്കാലത്തും എല്ലാ വിളകളും ലഭിക്കണമെന്നില്ല. എന്നുള്ളതും വൈവിധ്യവത്കരണത്തിന്‍റെ സാധ്യത ഉയർത്തുന്നു.

നാണ്യവിളകൾ, ഭക്ഷ്യവിളകൾ, പഴങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന കൃഷികൾ ചെയ്യാം. ഒപ്പം പശു,ആട്, കോഴി തുടങ്ങിയവയെയും വളർത്താം. പാൽ, മുട്ട എന്നിവയ്ക്കൊപ്പം വളവും ലഭിക്കും.
റംബുട്ടാൻ, മാംഗോസ്റ്റീൻ, ഡ്രാഗണ്‍ഫ്രൂട്ട,് പാഷൻഫ്രൂട്ട് തുടങ്ങിയ വിദേശികൾ നമ്മുടെ പഴത്തോട്ടങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. പഴമായി വിൽക്കുകയോ, സംസ്കരിച്ച ഡ്രൈഫ്രൂട്ടായോ, സിറപ്പായോ, എനർജി ഡ്രിങ്കായി വിൽക്കുകയോ ചെയ്യാം. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാന്പാറയിലെ പുനർജനി എന്ന കർഷക കൂട്ടായ്മ ഇതിനുദാഹരണമാണ്. വിവിധ വിളകൾ കൃഷി ചെയ്യുന്നതോടൊപ്പം തന്നെ പശു, കോഴി എന്നിവയെയും ഇവർ വളർത്തുന്നുണ്ട്.

ഇതോടൊപ്പം ഉത്പന്നങ്ങളുടെ സംഘടിതമായ മൂല്യവർധന, സംസ്കരണം എന്നീ മേഖലയിലേക്ക് കർഷക കൂട്ടായാമകൾ കടന്നുവരേണ്ടതുണ്ട്. കാർഷികോത്പന്നങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ടാകണം. ഇത് ഒരു കർഷകനു മാത്രമായ സാധിക്കുകയില്ല. കർഷകരുടെ സഹകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു.
നാളികേര ബോർഡ് മുൻകൈയെടുത്ത് കർഷകരെക്കൊണ്ടുതന്നെ സ്ഥാപിച്ച നാളികേര ഉത്പാദന സംഘങ്ങളും ഫെഡറേഷനുകളും പ്രൊഡ്യൂസർ കന്പനികളും ഇത്തരമൊരു നീക്കത്തിനു ഉദാഹരണമാണ്.

മൂല്യവർധനവിലൂടെ സാന്പത്തിക നേട്ടം

കാർഷികരംഗത്തെ പുത്തൻ പ്രവണതയാണ് കാർഷിക ഉത്പന്നങ്ങളിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുക എന്നത്. ഇത്തരം ഉത്പന്നങ്ങൾക്ക് നല്ല ഡിമാൻഡമുണ്ട്. കയറ്റുമതി സാധ്യതകൾ കൂടിയുള്ള ഉത്പന്നങ്ങളാണെങ്കിൽ മെച്ചപ്പെട്ട നേട്ടമുണ്ടാകും.

കാർഷികോത്പന്നങ്ങളുടെ വിലയിടിവിനെ മറികടക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് മൂല്യവർധിത ഉത്പന്നങ്ങൾ. ഉത്പാദനം കൂടുതലാകുന്ന ഘട്ടങ്ങളിലും മൂല്യവർധവനവിനെ ആശ്രയിക്കാവുന്നതാണ്.

ഉദാഹരണമാണ് ചക്ക. ഏതാനും മാസങ്ങൾ മാത്രമാണ് സീസണ്‍. ആ കാലയളവിൽ ഇവയെ സംസ്കരിച്ച് സൂക്ഷിച്ചാൽ ഓഫ് സീസണിൽ മെച്ചപ്പെട്ട വിലയ്ക്ക് വിറ്റഴിക്കാം. ചക്കയുടെ എല്ലാ ഭാഗങ്ങളും തന്നെ ഭക്ഷ്യയോഗ്യമാക്കി മാറ്റാമെന്നു കണ്ടെത്തിയിരിക്കുകയാണ്.

അസംസ്കൃത കാർഷികോത്പന്നമായി വിൽക്കുന്നതിനേക്കാൾ മെച്ചപ്പെട്ട വില മൂല്യവത്കരണത്തി ലൂടെ നേടിത്തരും. പ്രത്യേകിച്ച് ഓർഗാനിക് ഉത്പന്നങ്ങളാണെങ്കിൽ ഇത്തരം വസ്തുക്കൾക്ക് ഡിമാൻഡ് ഉയരുകയാണ്.

ഗ്രാമ പ്രദേശങ്ങളിലുള്ളവർക്ക് കുടിൽ വ്യവസായം പോലെയോ മറ്റോ ആരംഭിക്കാവുന്നതാണ് ഇത്തരം സംരംഭങ്ങൾ. സ്മോൾ സ്കെയിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റ്, ഓർഗാനിക് ഭക്ഷ്യ സംസ്കരണ യൂണിറ്റ്, അഗ്രി ടൂറിസം, ബയോ ഇന്ധനങ്ങൾ വികസിപ്പിച്ചെടുക്കൽ മുതലായവയൊക്കെ കാർഷിക രംഗത്തെ മൂല്യ വർധനവിന് ഉദാഹരണമാണ്.
എറണാകുളം ചുള്ളിക്കൽ സ്വദേശി ആദിൽ ബഷീർ കരിന്പിൽ നി്ന്നും കരിന്പിൻ ജ്യൂസും ചെറുധാന്യങ്ങളുടെ കുക്കീസുമായാണ് മുല്യവർധനവിൽ മുന്നേറുന്നത്. ആദിൽ മൂല്യവർധന രംഗത്തെ മികച്ച മാതൃകയാണ്.

മൂല്യവർധന ഉത്പന്നങ്ങൾക്കു ണ്ടാകേണ്ട സവിശേഷതകൾ

* അനന്യമായ ഉത്പന്നം: പലരും മൂല്യ വർധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്പോൾ മുന്പ് ചെയ്തു വിജയിച്ചവരെ പിന്തുടരുകയാണ് ചെയ്യാറ്. അങ്ങനെയാകരുത് അനന്യമായ ഉത്പന്നം തയ്യാറാക്കൻ ശ്രമിക്കണം.
* പുതുമ: പുതുമയുള്ള ഉത്പന്നമായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിൽ മാർക്കറ്റിലുള്ള ഉ്തപന്നമാണെങ്കിൽ കൂടി അതലെന്തെങ്കിലും പുതുമ കൊണ്ടുവരണം.
* കയറ്റുമതി സാധ്യതകൾ: വികസിപ്പിച്ചെടുക്കുന്ന ഉത്പന്നങ്ങളെ പ്രാദേശിക വിപണിയെ മാത്രം ലക്ഷ്യമാക്കി നിർമിച്ചാൽ പോര. ഇന്ത്യമഹാരാജ്യവും അന്താരാഷ്ട്ര വിപണികളും കൂടി പരിഗണിക്കണം.
* ഉയർന്ന മൂല്യം: ഇന്ത്യൻ സുഗന്ധവ്യജ്ഞനങ്ങളുടെ സത്ത് മുതാലയവ അന്താരാഷ്ട്ര വിപണിയിൽ ഉയർന്ന വില ലഭിക്കുന്നവയാണ്. ഇത്തരത്തിൽ ഉയർന്ന മൂല്യം ലഭിക്കുന്ന മൂല്യവർധന ഉത്പന്നങ്ങൾ കണ്ടെത്തുക.
* ലഭ്യത: ആവശ്യമായ അളവിൽ കൃത്യമായി ലഭിക്കുന്ന ഉ്തപന്നങ്ങളെ കണ്ടെത്താൻ ശ്രമിക്കണം. വിപണിയിൽ എല്ലായ്പ്പോഴും ലഭ്യമാക്കാവുന്ന ഉത്പന്നമായിരിക്കണം. സീസണലായാൽ ആ സംരംഭം കൊണ്ടുനടക്കുക ബുദ്ധിമുട്ടാകും.

* വിപണി: എല്ലാറ്റിനുമുപരിയായ വിപണിയെക്കുറിച്ച് പഠിക്കണം. വിപണി സാധ്യതകൾ പഠിച്ചതിനുശേഷം വേണം മൂല്യവർധവനവിലേക്ക് കടക്കാൻ. തുടർച്ചയായി വിപണിയെ നിരീക്ഷിക്കുകയും പഠിക്കുകയും വേണം. ആളുകളുടെ മാറുന്ന ഭക്ഷ്യശൈലികൾക്കനുസരിച്ച് ഉത്പന്നത്തിനു മാറ്റം വരണം.ഫാം ടൂറിസം

ടൂറിസം മേഖലയിൽ കേരളത്തിന് വലിയ സാധ്യതകൾ നൽകുന്ന ഒന്നാണ് ഫാം ടൂറിസം. കേരളം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ കൊച്ചിയും കുമരകവും ആലപ്പുഴയും മാത്രം ആസ്വദിച്ചു പോകാതെ കേരളത്തിന്‍റെ ഗ്രാമപ്രദേശങ്ങൾ കൂടി ആസ്വദിക്കാൻ അവസരമുണ്ടാക്കാൻ ഫാം ടൂറിസത്തിനു കഴിയും.

കൃഷിയിടങ്ങളിൽ തന്നെ താമസ സൗകര്യം, കൃഷി ചെയ്യാനവസരം, വിളവെടുക്കാൻ അവസരം എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികൾ കൃഷിയിടത്തോടൊപ്പം ആരംഭിക്കാം. പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങൾ അടുത്തുണ്ടെങ്കിൽ അവ കൂടി പ്രയോജനപ്പെടുത്തി ടൂറിസം സാധ്യതകൾ വിപുലപ്പെടുത്താം. കേരളത്തിൽ ചിലയിടങ്ങളിലെല്ലാം ഫാം ടൂറിസം ചെറിയ തോതിലെങ്കിലും ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ചെറുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന തേജസ്വിനി എന്ന നാളികേര കർഷക കൂട്ടായ്മ ഇത്തരത്തിൽ ഫാം ടൂറിസം നടപ്പിലാക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ ഉണ്ണീസ് നവര ഫാമിന്‍റെ ഉടമ പി.നാരയണൻ ഉണ്ണിയും ഫാം ടൂറിസത്തിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നുണ്ട്. വിദേശ സഞ്ചാരികളും അതോടൊപ്പം നഗരങ്ങളിൽ ജോലിയും താമസവുമായി കഴിയുന്ന മലയാളികളും ഇത്തരം സാധ്യതകൾ കേട്ടറിഞ്ഞെത്തുന്നുണ്ടെന്ന് ഇവർ പറയുന്നു. ഭാവിയിൽ മികച്ച ഒരു മേഖലയായി മാറാൻ സാധ്യതയുള്ള ഒന്നാണ് ഫാം ടൂറിസം.

പദ്ധതികൾ തുടങ്ങിയാൽ പോര

വിളകളുടെ വൈവിധ്യവത്കരണം, മൂല്യവർധിത ഉത്പന്നങ്ങൾ,ഓർഗാനിക് കൃഷി എന്നിവയൊക്കെ തുടക്കത്തിലെ ഒരു ആവേശമായിമാത്രം ഒതുങ്ങിപ്പോകാതിരിക്കാൻ കർഷകർ, കർഷക കൂട്ടായ്മകൾ, സർക്കാർ, സർക്കാർ ഏജൻസികൾ എന്നിവർ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിൽ ഏറെ ആവശത്തോടെ തുടങ്ങിയതായിരുന്നു നീര. കേരകർഷകർക്ക് ഏറെ പ്രതീക്ഷകൾ നൽകി ആരംഭിച്ച പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണിപ്പോൾ. പദ്ധതികൾ ആരംഭിച്ച് പാതി വഴിയിൽ ഉപേക്ഷിക്കാതെ കർഷകർ അതുവഴി വരുമാനം നേടിത്തുടങ്ങി ഒരു സ്ഥിരത നേടുന്നതുവരെ അവർക്ക് ആവശ്യമായ പിന്തുണ നൽകണം. മൂല്യവർധിത ഉത്പന്നങ്ങൾ ചെയ്യുന്നവർക്ക് സാങ്കേതിക വിദ്യ സഹായങ്ങൾ, പരിശീലനങ്ങൾ എന്നിവ ഏറെ ആവശ്യമാണ് ഇതിനുള്ള പിന്തുണയും നൽകേണ്ടതുണ്ട്.

വിവിധയിനം വിളകൾ കൃഷി ചെയ്യുന്നവരാണെങ്കിൽ അവർ ഓരോ കൃഷിയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഓരോ വിളയ്ക്കും ആവശ്യമായ പരിപാലന രീതികൾ എന്നിവയെക്കുറിച്ചുകൂടിയുള്ള വിവരങ്ങൾ ലഭ്യമാക്കണം.

കാർഷിക രംഗത്ത് നിരവധി യന്ത്രങ്ങൾ വന്നു കഴിഞ്ഞു. സബ്സിഡി നിരക്കിൽ ഇവ കർഷകനു ലഭ്യമാക്കേണ്ടതുണ്ട്. കൃഷിയെ കഴിയുന്നത്ര യന്ത്രവത്കൃതമായി ചെലവു കുറയ്ക്കുവാൻ സാധിക്കണം. സമയം ലാഭിക്കുവാൻ സാധിക്കണം. വെള്ളം കുറച്ചുപയോഗിച്ചുള്ള ഡ്രിപ് ഇറിഗേഷൻ പോലുള്ള പദ്ധതികൾ വ്യാപിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ ഇതാവശ്യമാണ്. ഭാവിയിൽ വെള്ളമാണ് ഏറ്റവും പ്രശ്നമായി മാറുക. വെള്ളമില്ലാതെ കൃഷി സാധിക്കുകയില്ല. പക്ഷേ ഏറ്റവും കുറച്ചു വെള്ളം ഉപയോഗിച്ചുള്ള കൃഷിയിലേക്ക് നീങ്ങണം.

ഗുജറാത്തിൽനിന്നു കേരളത്തിനൊരു പാഠം

ഗുജറാത്തിലെ ഖെദ്ദ ജില്ലയിലെ ധുണ്ടി ഗ്രാമത്തിന്‍റെ കഥയാണ്. സൂര്യൻ കത്തി ജ്വലിക്കുന്ന ഗ്രാമമാണ്. രണ്ടുവർഷം വരെ മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്തിരുന്ന ഗ്രാമം. ഇന്ന് കത്തി ജ്വലിക്കുന്ന സൂര്യൻ അവർക്ക് ഉൗർജവും വെള്ളവും സന്പത്തുമാണ്.

രണ്ടു വർഷം മുന്പ് ലോകത്തിലെ ആദ്യത്തെ സോളാർ ഇറിഗേഷൻ കോഓപ്പറേറ്റീവ് സൊസൈറ്റിക്കു ഈ ഗ്രാമത്തിൽ തുടക്കം കുറിച്ചു.- ധുണ്ടി സൈർ ഉൗർജ് ഉത്പാദക സഹകാരി മണ്ഡൽ അഥവാ ഡിഎസ് യുയുഎസ്എം എന്ന പേരിൽ. ഒന്പതു കർഷകർ ചേർന്നാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ന് വിള കൊയ്യുന്നതുപോലെ അവർ സൗരോർജം ഉത്പാദിപ്പിക്കുന്നു.
സോളാർ പന്പുകൾ ഉപയോഗിച്ചു കൃഷിയിടം നനയ്ക്കുന്നു. ഉത്പാദിപ്പിക്കുന്ന സോളാർ ഉൗർജത്തിൽ മിച്ചമുള്ളത് വിൽക്കുന്നു. ഈ മേഖലയിലെ മറ്റു കർഷകർക്കു വെള്ളവും വിൽക്കുന്നു.

സഹകരണ പ്രസ്ഥാനത്തിന്‍റെ അമ്മത്തൊട്ടിലായ ഗുജറാത്തിൽ നിന്നുള്ള ആദ്യത്തെ ഈ സൗരോർജ സഹകരണ പ്രസ്ഥാനം ഗ്രാമീണ ജീവിതത്തിന്‍റെ അലകും പിടിയും മാറ്റുകയാണ്. ഈ സോളർ സംരംഭകരിൽനിന്നും പകുതി വിലയ്ക്കു വെള്ളം വാങ്ങുവാൻ സമീപ പ്രദേശങ്ങളിലെ കർഷകർക്കു കഴിയുന്നു. മാത്രവുമല്ല ഈ സംരംഭകരുടെ വരുമാനത്തിൽ മൂന്നിരട്ടിവരെ വർധനയുമുണ്ടായിരിക്കുന്നു.

മഴ കുറഞ്ഞുവരുന്ന, വെയിൽ ദിനങ്ങൾ വർധിക്കുന്ന കേരളത്തിനും പ്രയോജനപ്പെടുത്താവുന്ന കാര്യമാണ് സോളാർ വൈദ്യുതി ഉത്പാദനം.

ഗ്രാമങ്ങളിൽ സോളാർ സംരംഭകർ ഉണ്ടാവേണ്ടിയിരിക്കുന്നു. ഉൗർജക്ഷമതയിലൂടെ കൃഷിയുടെ ചെലവുകൾ കുറയ്ക്കുവാനും കുറഞ്ഞ ഉർജച്ചെലവിൽ ഉത്പന്നങ്ങൾ സംസ്കരിക്കുവാനും സാധിക്കും. ഇതു കർഷക കുടുംബങ്ങളുടെ വരുമാനത്തിൽ വർധനയുണ്ടാക്കും.

ഓർഗാനിക് കടകൾ

ഓർഗാനിക് ഉത്പന്നങ്ങൾക്ക് ഇക്കാലത്ത് നല്ല ഡിമാൻഡാണ്. അതുകൊണ്ടു തന്നെ ഓർഗാനിക് പച്ചക്കറികളും ഉ്തപന്നങ്ങളും വിൽക്കുന്ന കടകൾ, ഇവ വീട്ടു പടിക്കൽ എത്തിച്ചു നൽകുന്ന സ്റ്റാർട്ടപ് സംരംഭങ്ങൾ എന്നിവയ്ക്ക് ഈ മേഖലകളിൽ നേട്ടം കൊയ്യാനാകും. ഓർഗാനികായിട്ടാണ് കൃഷി ചെയ്യുന്നതെന്നുറപ്പുള്ള കർഷകരുമായി ചേർന്നാണ് ഇത്തരം സംരംഭങ്ങൾക്ക് തുടക്കം കുറിക്കേണ്ടത്. എങ്കിൽ മാത്രമേ കർഷകനു കൂടി നേട്ടം ലഭിക്കു. ഓർഗാനിക് എന്ന പേരിൽ നിരവധി വ്യാജന്മാരുള്ള കാലമായതിനാൽ പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.എങ്കിൽ ഉപഭോക്താക്കളുടെ പിന്തുണ വേണണ്ടുവോളം ഇവർക്ക് ലഭിക്കും. കാക്കനാട് പാടിവട്ടത്തുള്ളഅസീസിയ ഓർഗാനിക് ഫാം ഒൗട്ട് ലെറ്റും ഫാർമേഴ്സ് ഫ്രഷ് സോണ്‍, ഫാമിംഗ്കളേഴ്സ എന്നിങ്ങനെയുള്ള സ്റ്റാർട്ടപ്പുകളും ഈ വഴിയിൽ വിജയിച്ചു മുന്നേരിക്കൊണ്ടിരിക്കുന്നവരാണ്.

ഐടി കൂടുതൽ കൃഷിയിലെത്തണം

ഏതു ഉത്പന്നത്തിന് മികച്ച വില, എവിടെ കിട്ടും, എപ്പോൾ കൃഷി ചെയ്യണം തുടങ്ങിയവയിൽ കർഷകരെ സഹായിക്കുന്ന വിധത്തിൽ ഐടി ആപ്ലിക്കേഷൻ കാർഷിക മേഖലയിലേക്കെത്തണം.
ഇന്ത്യൻ വിപണിയെ മൊത്തം കണക്കിലെടുത്തുകൊണ്ടുള്ള വിപണന സൊലൂഷനുകൾ പ്രദാനം ചെയ്യാൻ സാധിക്കണം. ബിഗ് ഡേറ്റ അനാലിസിസ് പോലുള്ളവ കൃഷിയിലും വരണം.
കാർഷിക രംഗത്തെ മാറ്റത്തിന്‍റെ പുതിയ ചുവടുവെയ്പായി വിള വൈവിധ്യവത്കരണവും മൂല്യവർധനവും സുസ്ഥിര കൃഷിയും മാറുമെന്നു പ്രതീക്ഷിക്കാം.

നൊമിനിറ്റ ജോസ്
Loading...