ആധുനികവും നവീകരിച്ചതുമായ ബ്രാൻഡിംഗിലൂടെ പുതിയ ഇന്ത്യയുടെ സ്മാർട്ട് കണക്ടർ എന്ന നിലയിൽ, സംയോജിപ്പിച്ച എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നീ സ്ഥാപനങ്ങള് എയർ ഇന്ത്യ എക്സ്പ്രസ് എന്ന പേരിൽ ഇനി പ്രവർത്തിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു.
ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ ബോയിംഗ് ബി737-8 വിമാനത്തിന്റെ വരവോടെ ആരംഭിക്കുന്ന പുതിയ ബ്രാൻഡ് അവതരണം ഞങ്ങളുടെ വളർച്ചയുടെയും പരിവർത്തന യാത്രയുടെയും ഒരു പുതിയ ഘട്ടം അടയാളപ്പെടുത്തുന്നു.
അടുത്ത 15 മാസത്തിനുള്ളിൽ 50 വിമാനങ്ങൾ കൂടി ഫ്ളീറ്റിൽ ഉൾപ്പെടുത്താൻ സജ്ജമാകുന്നതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാകും. അടുത്ത 5 വർഷത്തിനുള്ളിൽ, ഇന്ത്യയിലും ഹ്രസ്വ-ദൂര അന്താരാഷ്ട്ര വിപണികളിലും വ്യാപിച്ചുകിടക്കുന്ന ശൃംഖലയുമായി ഏകദേശം 170 നാരോ ബോഡി വിമാനങ്ങളുള്ള ഒരു എയർലൈനായി വളരാനാണ് ലക്ഷ്യമിടുന്നത്.
തങ്ങളുടെ പാരമ്പര്യം തുടർന്നുകൊണ്ട് എയർക്രാഫ്റ്റ് ലിവറിയിൽ രാജ്യത്തിന്റെ സമ്പന്നമായ കല, കരകൗശല പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വേരിയബിൾ ടെയിൽഫിൻ രൂപകൽപ്പന അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഭിലാഷങ്ങൾ, ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം എന്നിവ നിറഞ്ഞ പുരോഗമനപരമായ പുതിയ ഇന്ത്യയുടെ സത്ത ഉൾക്കൊള്ളുന്ന പുതിയ സിഗ്നേച്ചർ സോണിക് ഐഡന്റിറ്റിയും എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ സവിശേഷമായ ഈ സംഗീത ലോഗോ കരുണ, അദ്ഭുദം, വീരം എന്നീ രസങ്ങളെ ഉണർത്തുന്നു.
അവതരണ വേളയിൽ പ്രദർശിപ്പിച്ച പുതിയ ബോയിംഗ് 737-8 വിമാനത്തിന്റെ ലിവറി ബന്ധാനി ടെക്സ്റ്റൈൽ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ്.
രാജ്യത്തിന്റെ കലാപരമായ വൈവിധ്യം വെളിവാക്കുന്ന അജ്രാഖ്, പട്ടോല, കാഞ്ചീവരം, കലംകാരി തുടങ്ങിയ പരമ്പരാഗത പാറ്റേണുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപകൽപ്പനകളാണ് ഇനിയുള്ള വിമാനങ്ങളിൽ ഉൾപ്പെടുത്തുന്നത്.
എയർലൈനിന്റെ "പാറ്റേൺസ് ഓഫ് ഇന്ത്യ' തീം രാജ്യത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നതും അതിന്റെ കഥകൾ ഒരു ദൃശ്യ യാത്രയിലൂടെ പങ്കിടുന്നതുമാണ്.
സാങ്കേതികവിദ്യ, പ്രാപ്യത, രൂപകൽപ്പന, ഇന്ത്യൻ ആതിഥ്യമര്യാദ എന്നിവ പ്രയോജനപ്പെടുത്തി മികച്ച യാത്രാ അനുഭവങ്ങൾ നൽകുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധത ഇത് ഊട്ടിയുറപ്പിക്കുന്നു.