ഇൻഷുറൻസ് കന്പനി ഒന്നു മാറണോ? അതിന് അവസരമുണ്ട്
ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തു പക്ഷേ, കന്പനി നൽകുന്ന സർവീസ് അത്ര പോര, ഉദ്ദേശിച്ച പോളിസിയല്ല ലഭിച്ചത് തുടങ്ങിയ പരാതികളുണ്ടെങ്കിൽ അല്ലെങ്കിൽ മറ്റൊരു കന്പനിയുടെ പോളിസിയാണ് മികച്ചതെന്നു തോന്നുന്നെങ്കിൽ അതിലേക്ക് മാറാനുള്ള അവസരം ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി (ഐആർഡിഎ) നൽകുന്നുണ്ട്. വളരെ എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന പ്രക്രിയയാണിത്. നിലവിലുള്ള പോളിസിയുടെ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ പുതിയ പോളസിയിലേക്ക് മാറാനാകും എന്നതാണ് ഏറ്റവും വലിയ നേട്ടം.

പോർട്ട് ചെയ്യാൻ അറിഞ്ഞിരിക്കേണ്ടത്

* അനുവദനീയമായ പോളിസികൾ
ടോപ് അപ് പ്ലാനിനെ ടോപ് അപ് പ്ലാനിലേക്കും റീഇംബേഴ്സമെന്‍റ്പ്ലാനിനെ റീ ഇംബേഴ്സമെന്‍റ് പ്ലാനിലേക്കുമേ മാറ്റാൻ സാധിക്കു.
* കന്പനി
ജനറൽ ഇൻഷുറൻസ് കന്പനികൾ, സ്പെഷ്യലൈസ്ഡ് കന്പനികൾ എന്നിവയുടെ പോളിസികൾ പോർട്ട് ചെയ്യാം.
* പുതുക്കൽ
നിലവിലുള്ള പോളിസി പുതുക്കേണ്ട സമയത്താണ് പോർട്ട് ചെയ്യേണ്ടത്. പുതുക്കുന്നതിൽ എന്തെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടെങ്കിൽ പോർട്ട് ചെയ്യാൻ സാധിക്കില്ല.
* അറിയിപ്പ്
പോർട്ട് ചെയ്യാനാഗ്രഹിക്കുന്നവർ ഇതു സംബന്ധിച്ച കാര്യം നിലവിലുള്ള കന്പനിയിൽ എഴുതി അറിയിക്കണം. ഐആർഡിഎയുടെ നിർദേശമനുസരിച്ച് നിലവിലുള്ള പോളിസി പുതുക്കേണ്ടതിന്‍റെ 45 ദിവസം മുന്പ് ഇത് സംബന്ധിച്ച് അറിയിപ്പ് കന്പനിയിൽ നൽകണം.
* പോർട്ടിംഗ് ചാർജ്
പോളിസികൾ പോർട്ട് ചെയ്യുന്നതിന് പോർട്ടിംഗ് ചാർജുകളൊന്നും പൊതുവേ ഈടാക്കാറില്ല
* പ്രീമിയം
നിലവിലുള്ള കവറേജ് തന്നെയാണെങ്കിൽ പ്രീമിയവും അതേ നിരക്കിൽ തുടരുകയാണ് ചെയ്യാറ്. എന്നാൽ ഉയർന്ന റിസ്കുള്ള വിഭാഗത്തിൽപ്പെടുന്ന പോളിസികളാണെങ്കിൽ, ഒരു പക്ഷേ, പ്രീമിയം കൂടാം.
* ഗ്രേസ് പിരീഡ്
പോർട്ട് ചെയ്യുന്നവർക്ക് പോളിസി പുതുക്കുന്നതിനായി 30 ദിവസത്തെ ഗ്രേസ് പിരീഡ് നൽകുന്നുണ്ട്. ഇത്് പോർട്ടിംഗ് പ്രക്രിയ പൂർത്തിയാകാതെ വന്നാലോ പുതിയ കന്പനിയുടെ അംഗീകാരത്തിനു താമസം വന്നാലോ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണിത്. ഇങ്ങനെ കവറേജ് നീട്ടി നൽകുന്പോൾ നിലവിലുള്ള കന്പനിക്ക് ആനുപാതിക പ്രീമിയം നൽകണം. ഈ ഘട്ടത്തിൽ പോളിസി ഉടമയിൽ നിന്നും ഒരു വർഷത്തേക്കുള്ള പ്രീമിയം വാങ്ങരുതെന്ന് ഐആർഡിഎ നിർദേശിച്ചിട്ടുണ്ട്.
* സം ഇൻഷ്വേഡ്
പോളിസി ഉടമയക്ക് പുതിയ പോളിസിയലേക്ക് പോർട്ട് ചെയ്യുന്പോൾ സംഇൻഷ്വേഡ് തുക ഉയർത്താനുള്ള അവസരമുണ്ട്.

* നിലവിലുള്ള രോഗങ്ങളും വെയിറ്റിംഗ് പിരീഡും
പുതിയ പോളിസിയിലേക്ക് മാറുന്പോൾ കവറേജ് കൂട്ടുന്നുണ്ടെങ്കിൽ നിലവിലുള്ള രോഗങ്ങൾക്കായുള്ള വെയിറ്റിംഗ് പിരീഡ് ഉണ്ടാകും. പഴയ കന്പനിയിൽ മൂന്നു വർഷമായിരുന്നു വെയിറ്റിംഗ് പിരീഡെങ്കിൽ പുതിയ കന്പനിയിൽ അത് നാലു വർഷമായിരിക്കും.
* ഒരു കന്പനിയിൽ തന്നെ പോർട്ട് ചെയ്യാം
നിലവിൽ പോളിസി ഉള്ള കന്പനിയിലെ മറ്റൊരു പോളിസിയിലേക്ക് പോർട്ട് ചെയ്യാനും അവസരമുണ്ട്.

പോർട്ട് ചെയ്യാൻ സാധിക്കാത്തത് എന്തുകൊണ്ട്
* കൃത്യമായ വിവരങ്ങൾ ഇല്ലാത്തത്
* രേഖകൾ സമർപ്പിക്കുന്നതിൽ വരുന്ന കാലതാമസം
* ക്ലെയിം ചെയ്തതിൽ വന്നിട്ടുള്ള പിഴവുകൾ
* നിലവിലുള്ള പോളിസിയും പോർട്ട് ചെയ്യാനുദ്ദേശിക്കുന്ന പോളിസിയും തമ്മിലുള്ള വ്യത്യാസങ്ങൾ. ഉദാഹരണത്തിന്, പുതിയതായി ഉൾപ്പെടുത്തുന്ന കാര്യങ്ങൾ, ഒഴിവാക്കേണ്ടതായ കാര്യങ്ങൾ മുതലായവ.
* പഴയ പോളിസിയുടെ രേഖകൾ ലഭ്യമല്ലാത്തത്
* പോളിസി പുതുക്കാതെ മുടങ്ങിപ്പോയത്
* ഉയർന്ന പ്രായം
* മോശം ആരോഗ്യം

ആവശ്യമായ രേഖകൾ
* പഴയ പോളിസി സർട്ടിഫിക്കറ്റുകൾ
* പോളിസി പുതുക്കാനുള്ള പുതിയ നോട്ടിസ്. ഇതിൽ കവറേജ് കൃത്യമായി നൽകിയിട്ടുണ്ടാകണം.
* ക്ലെയിമുകൾ ഒന്നുമില്ലെങ്കിൽ പോളിസി ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയാലും മതി
* ഡിസ്ചാർജ് സമ്മറി, ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ഏതെങ്കിലും ക്ലെയിം ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ അതിന്‍റെ വിവരങ്ങൾ
* പൂരിപ്പിച്ച പ്രപ്പോസൽ ഫോം
* പൂരിപ്പിച്ച പോർട്ടബിലിറ്റി ഫോം

പോളിസി പോർട്ടിംഗിന്‍റെ നടപടിക്രമങ്ങൾ

* പോർട്ട് ചെയ്യാനുള്ള അപേക്ഷ ലഭിച്ചാലുടൻ ഏതു കന്പനിയിലേക്കാണോ പോർട്ട് ചെയ്യാനുദ്ദേശിക്കുന്നത് അവിടുന്ന ്പോർട്ടബിലിറ്റി ഫോമും പ്രപ്പോസലും ലഭിക്കും .
* പോളിസി ഉടമ ഏതു പോളിസിയിലേക്കാണോ പോർട്ട് ചെയ്യാനുദ്ദേശിക്കുന്നത് അതു തെരഞ്ഞെടുത്ത് പൂരിപ്പിച്ച പ്രപ്പോസൽ ഫോമും പോർട്ടബിലിറ്റി ഫോമും പുതിയ കന്പനയിൽ നൽകുക
* ഇവ ലഭിച്ചു കഴിഞ്ഞാൽ പുതിയ കന്പനി ഐആർഡിഎ വെബ്സൈറ്റ് വഴി പഴയ കന്പനിയിൽ നിന്നും പഴയ ക്ലെയിം റിപ്പോർട്ടുകൾ, മെഡിക്കൽ റെക്കോർഡുകൾ എന്നിവ ആവശ്യപ്പെടും. പഴയ കന്പനി ഏഴു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഈ വിവരങ്ങൾ പുതിയ കന്പനിക്ക് ലഭ്യമാക്കിയിരിക്കണം.
* പോർട്ട് ചെയ്യുന്നതിനു മുന്പ് നിബന്ധനകളെല്ലാം വായിച്ചു മനസിലാക്കേണ്ടതാണ്.