ബാലൻസ്ഡ് ഫണ്ടിലൂടെ വിശ്രമിക്കാം സ്വസ്ഥമാകാം
സാന്പത്തികാസൂത്രണം ഇല്ലാത്ത ശന്പളക്കാരുടെ ഏറ്റവും വലിയ പേടി സ്വപ്നമാണ് റിട്ടയർമെന്‍റ് കാലം. ലഭിച്ചിരുന്ന ശന്പളത്തേക്കാൾ കുറഞ്ഞ വരുമാനത്തിൽ (പെൻഷനിൽ) ജീവിക്കേണ്ട സ്ഥിതി. മറ്റു സ്രോതസുകളിൽനിന്നു വരുമാനമില്ലെങ്കിൽ തുച്ഛമായ പെൻഷനിൽ ജീവിക്കേണ്ടതായ സ്ഥിതിവിശേഷം.

റിട്ടയർ ചെയ്തപ്പോൾ കിട്ടിയ തുക സ്ഥിരനിക്ഷേപമായി ഇട്ടു സ്വസ്ഥമാകാമെന്നു കരുതിയാലും നടക്കില്ലാത്ത സ്ഥിതിയാണ്. പണപ്പെരുപ്പവും കുറയുന്ന പലിശ നിരക്കും പണത്തിന്‍റെ ക്രയശേഷിയെ ഇല്ലാതാക്കുവെന്നതുതന്നെ കാരണം.

ഈ സാഹചര്യത്തിൽ പരന്പരാഗത നിക്ഷേപ പദ്ധതികൾക്കു പകരമായി മാസ വരുമാനവും ദീർഘകാലത്തിൽ സന്പത്തു സൃഷ്ടിക്കുവാൻ സഹായിക്കുന്ന ഒരു നിക്ഷേപ പദ്ധതി മുന്നോട്ടു വയ്ക്കുകയാണ്. ബാലൻസ്ഡ് മ്യൂച്വൽ ഫണ്ടുകളിലൂടെയാണ് ഈ ലക്ഷ്യം നേടുന്നത്.

നിക്ഷേപം 50 ലക്ഷം രൂപ പ്രതിമാസ പിൻവലിക്കൽ 50,000 രൂപ

റിട്ടയർ ചെയ്തപ്പോൾ ലഭിച്ചതോ റിട്ടയർമെന്‍റിനായി സമാഹരിച്ച തുകയോ ലംപ്സമായി നിക്ഷേപിക്കുകയും മാസവരുമാനം നേടുകയും ചെയ്യുന്ന പദ്ധതിയാണിത്. നിക്ഷേപത്തിൽ നിന്നും ഒരു ശതമാനം മാസംതോറും പിൻവലിക്കൽ തുടങ്ങുക.

നിക്ഷേപത്തിന്‍റെ ഒരു ശതമാനം പിൻവലിക്കുന്നു. ഒരു വർഷത്തിനുശേഷം ഇവയിലെ മൂലധന വളർച്ചയ്ക്കു നികുതി നല്കേണ്ടതുമില്ല. എപ്പോൾ വേണമെങ്കിലും നിക്ഷേപം അവസാനിപ്പിക്കുകയും ചെയ്യാം. ഒരു വർഷത്തിനുശേഷമാണ് നിക്ഷേപം അവസാനിപ്പിക്കുന്നതെങ്കിൽ എക്സിറ്റ് ലോഡും ഇല്ല. ഉദാഹരണത്തിന് അന്പതു ലക്ഷം രൂപയാണ് കൈവശമുള്ളത് എന്നു കരുതുക. ഇവിടെ പ്രതിപാദിച്ചിട്ടുള്ള അഞ്ചു ബാലൻസ്ഡ് ഫണ്ടുകളിൽ നിക്ഷേപിക്കുക. അതായത് പത്തു ലക്ഷം രൂപ വീതം.

നിക്ഷേപത്തിന്‍റെ ആദ്യവർഷം പൂർത്തിയാക്കുന്പോൾ ഓരോ മാസവും യൂണിറ്റുകൾ കാൻസലാക്കി 10,000 രൂപവീതം ഓരോ ഫണ്ടിൽ നിന്നും പിൻവലിക്കുക. എല്ലാ ഫണ്ടിൽ നിന്നും തുക പിൻവലിക്കുന്നതിനുപകരം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഒന്നോ രണ്ടോ ഫണ്ടിൽ നിന്നും തുക പിൻവലിക്കാം. എപ്പോഴും ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന ഫണ്ടിൽ നിന്നുവേണം തുക പിൻവലിക്കാൻ. ദീർഘകാലത്തിൽ മെച്ചപ്പെട്ട യീൽഡ് നേടാൻ ഇതു സഹായിക്കുന്നു.

ആവശ്യത്തിനനുസരിച്ച് ഈ തുക ആഴ്ചതോറും പിൻവലിക്കുന്ന വിധത്തിലാക്കാം. ആദ്യത്തെ ആഴ്ചയിൽ രണ്ടു ഫണ്ടിൽനിന്നു തുക പിൻവലിക്കാം. രണ്ടാമത്തെ ആഴ്ച അടുത്ത ഫണ്ടിൽനിന്ന്. ഇങ്ങനെ മൂന്നാമത്തെ ആഴ്ചയും നാലാമത്തെ ആഴ്ചയും മറ്റു ഫണ്ടുകളിൽനിന്നു തുക പിൻവലിക്കാം. പണം പിൻവലിക്കാൻ താമസം വരുത്തുന്ന ഈ ചെറിയ കാലയളവുകൾ പോലും പതിനഞ്ചോ ഇരുപതോ മുപ്പതോ വർഷക്കാലത്ത് ഓരോ ഫണ്ടിന്‍റെയും മൂല്യത്തിൽ മാറ്റം വരുത്തുന്നതു കാണാം. പവർ ഓഫ് കോന്പൗണ്ടിംഗിന്‍റെ (ഇരട്ടപ്പെരുക്കം) ശക്തി!

നിക്ഷേപം കുറഞ്ഞത് 5-6 വർഷത്തേക്കെങ്കിലും നടത്തണം. കാരണം ഇന്ത്യൻ ഓഹരി വിപണിയുടെ സൈക്കിൾ 3-6 വരെ വർഷമാണ്. നാലോ അഞ്ചോ വർഷത്തേക്ക് ഓഹരി വിപണിയും അതിന്‍റെ അടിസ്ഥാനത്തിൽ ഫണ്ടും റിട്ടേണ്‍ നല്കിയില്ലെങ്കിൽപ്പോലും മൂലധനം നഷ്ടപ്പെടുത്താതെ പിടിച്ചു നില്ക്കുവാൻ സാധിക്കും.

ഓരോ വർഷവും നിക്ഷേപശേഖരത്തിലെ ഫണ്ടുകളുടെ പ്രകടനം പരിശോധിക്കുകയും റാങ്കിംഗ് വിലയിരുത്തിക്കൊണ്ടുമിരിക്കുക. ഏതെങ്കിലും ഫണ്ടിന്‍റെ റാങ്കിംഗ് അഞ്ചിനു താഴേയ്ക്കു പോയാൽ ടോപ് ഫണ്ടിലേക്കു നിക്ഷേപം മാറ്റുക.

ബാലൻസ്ഡ് ഫണ്ട് മാസ വരുമാന പദ്ധതി

ബാലൻസ്ഡ് ഫണ്ടിന്‍റെ മാസവരുമാന പദ്ധതി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു നോക്കാം. ഉദാഹരണത്തിനായി ബിർള സണ്‍ലൈഫിന്‍റെ ബാലൻസ്ഡ് ഫണ്ടായ ബിർള സണ്‍ലൈഫ് ബാലൻസ്ഡ് 95- എടുക്കുകയാണ്.

ഈ പദ്ധതി പ്രവർത്തനം തുടങ്ങിയതു മുതൽ 21.84 ശതമാനം വാർഷിക റിട്ടേണ്‍ നല്കിയിട്ടുണ്ട്. അഞ്ചുവർഷം, പത്തുവർഷം, മൂന്നു വർഷം തുടങ്ങിയ കാലയളവുകളിലൊക്കെ മികച്ച പ്രകടനമാണ്ഫണ്ട് കാഴ്ച വച്ചിട്ടുള്ളത്. ഇതിനിടയ്ക്ക് ഫണ്ട് നെഗറ്റീവ് റിട്ടേണ്‍ നേടിയ വർഷങ്ങളുമുണ്ട്.


ഒരാൾ ബിർള സണ്‍ലൈഫ് ബാലൻസ്ഡ് 95-ൽ നിക്ഷേപം നടത്തുവാനായി തെരഞ്ഞെടുക്കുന്നു. 1995-ൽ 50 ലക്ഷം രൂപ അയാൾ നിക്ഷേപിക്കുന്നു. ഒരു നിബന്ധനയോടെയാണ് അയാൾ ഈ ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുത്തത്. നിക്ഷേപം നടത്തി ഒരു വർഷം കഴിയുന്പോൾ മുതൽ പ്രതിമാസം 50,000 രൂപ ചെലവിനായി വേണം.

ഓരോ മാസവും പിൻവലിക്കുന്ന തുകയ്ക്കു തുല്യമായ യൂണിറ്റുകൾ അന്നത്തെ എൻഎവിയിൽ റിഡീം ചെയ്താണ് അയാൾക്കു തുക നല്കിയിരുന്നത്.
ഈ കണ്ടീഷനിൽ നിക്ഷേപം തുടങ്ങിയ ഇയാളുടെ നിക്ഷേപത്തിനു ഇപ്പോൾ ( 2017 ജൂലൈ 17) എന്തു സംഭവിച്ചുവെന്നു പരിശോധിക്കാം.

1996 ഡിസംബർ രണ്ടിന് ആദ്യത്തെ 50000 രൂപ പിൻവലിക്കുന്പോൾ എൻഎവി 8.73 രൂപയായിരുന്നു. അതായത് 5727.38 യൂണിറ്റ് റിഡീം ചെയ്തപ്പോഴാണ് അയാൾക്ക് 50,000 രൂപ ലഭിച്ചത്. ഇതു പിൻവലിച്ചതിനുശേഷം നിക്ഷേപത്തിൽ മിച്ചമുണ്ടായിരുന്നത് 43,15,000 രൂപയായിരുന്നു.

1997 ജനുവരി ഒന്നിനു രണ്ടാം മാസത്തെ 50,000 രൂപ പിൻവലിച്ചു. അന്ന് എൻഎവി 9.23 രൂപയായിരുന്നു. അന്പതിനായിരം രൂപയ്ക്കായി 5417.12 യൂണിറ്റുകൾ റിഡീം ചെയ്യേണ്ടതായി വന്നു. ഈ തുക പിൻവലിച്ചു കഴിഞ്ഞപ്പോൾ നിക്ഷേപത്തിന്‍റെ വലുപ്പം 45,12,136 രൂപയായിരുന്നു. നിക്ഷേപം നടത്തിയ തുകയിലും താഴെ.
ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരുന്നു.
വർഷങ്ങൾ കഴിഞ്ഞുപോയി. 2017 ജൂലൈ ഒന്നിന് 248-ാമത്തെ മാസത്തെ 50,000 രൂപ പിൻവലിച്ചു. ഇതുവരെ അയാൾ പിൻവലിച്ചത് 1,24,00,000 രൂപയാണ്. ഇനി മിച്ചം വല്ലതുമുണ്ടോയെ ന്നറിയാൽ അയാൾ തന്‍റെ അക്കൗണ്ട് പരിശോധിച്ചു.
അതിൽ മിച്ചമുണ്ടായിരുന്നത് 21,32,46,269 രൂപയായിരുന്നു.
(നിക്ഷേപത്തിനായി നിർദ്ദേശിച്ച മറ്റു ഫണ്ടുകളുടെ പ്രകടനം ചുവടെ നൽകുന്നു.)

ബാലൻസ്ഡ് ഫണ്ട് ഉപയോഗിച്ചൊരു മാസവരുമാന പദ്ധതി

റിട്ടയർമെന്‍റ് സമയത്തു ലഭിച്ച തുകയും റിട്ടയർമെന്‍റിനായി സ്വരൂപിച്ച തുകയുമൊക്കെ ഇവിടെ ഉപയോഗിക്കാം. ഇക്വിറ്റി ഒറിയന്‍റഡ് ബാലൻസ്ഡ് ഫണ്ടുകളാണ് ഇതിനായി ഇവിടെ നിർദ്ദേശിക്കുന്നത്. ബാലൻസ്ഡ് ഫണ്ട് വിഭാഗത്തിൽ ഏറ്റവും മികച്ച തോതിൽ പ്രവർത്തിക്കുന്ന അഞ്ചുഫണ്ടുകളാണ് ഇതിനായി നിർദ്ദേശിക്കുന്നത്.

1. എച്ച്ഡിഎഫ്സി പ്രൂഡൻസ് ഫണ്ട്
2. ഐസിഐസിഐ പ്രൂഡൻഷ്യൽ ബാലൻസ്ഡ് ഫണ്ട്
4. റിലയൻസ് റെഗുലർ സേവിംഗ്സ് ഫണ്ട്
3. ബിർള സണ്‍ലൈഫ് ബാലൻസ്ഡ് 95 ഫണ്ട്
5. എൽആൻഡ് ടി ഇന്ത്യ പ്രൂഡൻസ് ഫണ്ട്

ബാലൻസ്ഡ് ഫണ്ടുകൾ

ഓഹരയിലും ഡെറ്റിലും നിക്ഷേപം നടത്തുന്നവയാണ് ബാലൻസ്ഡ് ഫണ്ടുകൾ. ഒറ്റ നിക്ഷേപത്തിലൂടെ ഓഹരിയലും ഡെറ്റിലും നിക്ഷേപിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിക്ഷേപാസ്തിയുടെ (65-85 ശതമാനം) ഓഹരികളിലും (15-35 ശതമാനം) ഡെറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്നു. ഈ അനുപാതങ്ങളിൽ ചിലപ്പോൾ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. എങ്കിലും ഭൂരിപക്ഷം ബാലൻസ്ഡ് ഫണ്ടുകളുടേയും ഇക്വിറ്റി നിക്ഷേപം 70 ശതമാനത്തിനും ഡെറ്റ് നിക്ഷേപം 30 ശതമാനത്തിനും ചുറ്റളവിലാണ്.
ബാലൻസ്ഡ് ഫണ്ടിന് ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപമുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും മോശമായതു സംഭവിച്ചാൽപോലും നിക്ഷേപം പൂർണമായി അപ്രത്യക്ഷമാവുകയില്ല.
ബാലൻസ്ഡ് ഫണ്ടിന്‍റെ മറ്റൊരു പ്രത്യേകത ഒരു വർഷം പൂർത്തിയായ നിക്ഷേപത്തിൽനിന്നുള്ള റിട്ടേണിനു നികുതി നൽകേണ്ടതില്ല എന്നതാണ്. ഇക്വിറ്റി ബാലൻസ്ഡ് ഫണ്ടിലെ ഡെറ്റ് നിക്ഷേപത്തിന്‍റെ വരുമാനവും ഓഹരിയുടേതിനു തുല്യമായാണ് കണക്കാക്കുന്നത്.

കെ. മനോജ്കുമാർ