മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കും മുന്പ്...
എന്തായാലും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ഇന്ത്യക്കാർക്ക് താല്പര്യം വർധിച്ചുവരികയാണ്. എങ്കിലും മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യക്കാരുടെ നിക്ഷേപം വളരെ കുറച്ചു മാത്രമേയുള്ളു. കൈവിരലിലെണ്ണാവുന്ന ശതമാനം മാത്രം. അതിൽ തന്നെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ നാലിലൊന്നു മാത്രം. എങ്കിലും മനോഭാവത്തിൽ മാറ്റം വരുന്നുണ്ട്.

പലപ്പോഴും നിക്ഷേപകരെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽനിന്നു മാറ്റി നിർത്തുന്നത് അറിവില്ലായ്മ തന്നെയാണ്. ആഗ്രഹമുണ്ടെങ്കിലും അതിനാൽ മ്യൂച്വൽ ഫണ്ടിൽനിന്ന് ഒഴിഞ്ഞു നിൽക്കുകയാണ് പലരും. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകളും വച്ചു പുലുർത്തുന്നുണ്ട്. ഇതും മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിന് പലപ്പോഴും തടസമായി നിൽക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ മിഥ്യാധാരണ വച്ചു പുലർത്തുന്ന വിഷയമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ ( എസ്ഐപി) അഥവാ ക്രമ നിക്ഷേപ പദ്ധതി.

എസ്ഐപി: ഇതൊരു നിക്ഷേപ പദ്ധതിയാണ്

നല്ലൊരു ഭാഗം ആളുകളും കരുതുന്നത് ഇത് ബാങ്ക് ഡിപ്പോസിറ്റ്, സ്വർണം തുടങ്ങിയവ പോലെയൊരു നിക്ഷേപ പദ്ധതിയാണെന്നാണ്. ഇതിൽ നിക്ഷേപം നടത്തണമെന്നു പലരും പറയുന്നതു കേട്ടിട്ടുണ്ട്. എന്നാൽ എന്താണ് എസ്ഐപി?

ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു യാത്ര ചെയ്യാൻ നാം എന്താണ് ചെയ്യുന്നത്. ഒന്നുകിൽ ബസ് പിടിച്ചു പോകും. അല്ലെങ്കിൽ ട്രെയിൽ, കാർ, ഓട്ടോ, മോട്ടോർ സൈക്കിൾ ഇങ്ങനെ ഏതെങ്കിലും യാത്രാ വാഹനമുപയോഗച്ച് നമ്മുടെ ലക്ഷ്യ സ്ഥാനത്തെത്തുന്നു.
ഇതേപോലെ നിക്ഷേപം നടത്തുന്നതിനുള്ള ഒരു രീതിയാണ് എസ്ഐപി. ക്രമമായി നിക്ഷേപം നടത്താനുള്ള രീതി. നേരത്തെ നിശ്ചയിച്ചിട്ടുള്ള ഒരു തുക എല്ലാ മാസവും ക്രമമായി ഏതെങ്കിലും മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു രീതിയാണ് എസ്ഐപി.

ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ബാലൻസ്ഡ് ഫണ്ടിൽ എല്ലാ മാസവും അഞ്ചാം തീയതി 5000 രൂപ വീതം നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നു. എല്ലാ മാസവും അഞ്ചാം തീയതി 5000 രൂപ നിക്ഷേപകന്‍റെ ബാങ്ക് അക്കൗണ്ടിൽനിന്ന് എച്ച്ഡിഎഫ്സി ബാലൻസ്ഡ് ഫണ്ട് നിക്ഷേപത്തിലേക്കു പോകുന്നു.

എസ്ഐപി തുടങ്ങിയാൽ നിർത്താൻ സാധിക്കില്ല

പല നിക്ഷേപകരേയും പിന്നോട്ടു വലിക്കുന്ന ഒരു കാര്യം എസ്ഐപി തുടങ്ങിയാൽ നിർത്താൻ സാധിക്കുകയില്ലെന്ന ധാരണയാണ്. ഇതു തെറ്റിച്ചാൽ പിഴ നൽകേണ്ടി വരുമെന്നും കരുതുന്നു. ഇതുമൊരു മിഥ്യാധാരണയാണ്. ഏതൊരു സമയത്തും എസ്ഐപി വഴിയുള്ള നിക്ഷേപം നിർത്താം.

ഒരാൾ അടുത്ത രണ്ടു വർഷത്തേക്കു എസ്ഐപി വഴി നിക്ഷേപം ആരംഭിക്കുന്നു. എന്നാൽ ഇടയ്ക്ക് നിക്ഷേപം നടത്താൻ സാധിക്കാത്ത അവസ്ഥ വരുന്നു. എന്താണ് ചെയ്യുക നിക്ഷേപം നിർത്തുക തന്നെ. ഫണ്ട് ഹൗസിനെ ഇക്കാര്യം അറിയിച്ചാൽ മതി. അടുത്ത മാസം മുതൽ നിക്ഷേപം അവസാനിപ്പിക്കാം.

അതിനാൽ അഞ്ചുവർഷത്തേക്കോ 10 വർഷത്തേക്കോ മറ്റേതൊരു കാലയളവിലേക്കോ എസ്ഐപി വഴി നിക്ഷേപം തുടങ്ങിയെന്നോർത്ത് ആശങ്കപ്പെടേണ്ട. ഇഷ്ടമുള്ളപ്പോൾ അത് നിർത്താം.

എസ്ഐപി നിർത്തിയാൽ പണം പിൻവലിക്കണം

ഇതുമൊരു തെറ്റിദ്ധാരണയാണ്. എസ്ഐപി തുടങ്ങുകയും ഏതെങ്കിലും കാരണത്താൽ അത് ഇടയ്ക്കു വച്ച് അവസാനിപ്പിച്ചതുകൊണ്ടുമാത്രം അതു വരെ നിക്ഷേപിച്ച തുക പിൻവലിക്കണമെന്നില്ല. അത് അവിടെ എത്രനാൾ വേണമെങ്കിലും കിടന്നുകൊള്ളും.
നികുതി ലാഭത്തിനുള്ള ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം ( ഇഎൽഎസ്എസ്) നിക്ഷേപത്തിന് മൂന്നു വർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. ഇതിനർത്ഥം മൂന്നു വർഷം കഴിയുന്പോൾ നിക്ഷേപം പിൻവലിക്കണമെന്നല്ല. നിക്ഷേപകന് ഇഷ്ടമുള്ളയത്രകാലം അതു പിൻവലിക്കാതെ തുടർന്നുകൊണ്ടുപോകാം. പക്ഷേ മൂന്നു വർഷം സക്ഷിച്ചാൽ മാത്രമേ നികുതിലാഭ ഇളവു ലഭിക്കുകയുള്ളുവെന്നു മാത്രം.


എസ്ഐപി വഴി ചെയ്യുന്ന ഇഎൽഎസ്എസ് നിക്ഷേപത്തിലെ ഓരോ നിക്ഷേപവും അതു നടത്തിയതു മുതൽ 36 മാസം പൂർത്തിയാക്കേണ്ടതുണ്ട്. അതായത് 2017 ഓഗസ്റ്റ് ഒന്നിന് നടത്തുന്ന ഇഎൽഎസ്എസ് നിക്ഷേപം പിൻവലിക്കാവുന്ന വിധത്തിൽ സ്വതന്ത്രമാകുന്നത് 2020 സെപ്റ്റംബറിലാണ്.

എസ്ഐപി: പ്രതിമാസമേ നടത്തുവാൻ സാധിക്കുകയുള്ളു

ഇതു തെറ്റായ ധാരണയാണ്. എസ്ഐപി ആഴ്ചയിലോ ത്രൈമാസത്തിലോ ഒക്കെ നടത്താം. മിക്കവർക്കും മാസാടിസ്ഥാനത്തിൽ ശന്പളം ലഭിക്കുന്നതുകൊണ്ടു മാസക്കാലയളവ് കൂടുതലായി ആളുകൾ തെരഞ്ഞെടുക്കുന്നുവെന്നേയുള്ളു. പക്ഷേ ഓർമിക്കുക, ഫണ്ടുകളാണ് എസ്ഐപി വഴി നിക്ഷേപം നടത്താനുള്ള സൗകര്യമൊരുക്കുന്നത്. അവർ അനുവദിക്കുന്ന ഫ്രീക്വൻസിയിലാണ് എസ്ഐപി ആരംഭിക്കുവാൻ കഴിയുക.

മ്യൂച്വൽ ഫണ്ട് നിക്ഷേപം വഴി 80 സി ആനുകൂല്യം നേടാൻ കഴിയുകയില്ല

ഇതു മറ്റൊരു തെറ്റായ ധാരണയാണ്. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം ( ഇഎൽഎസ്എസ്) നികുതി ലാഭിക്കുന്നതിനുള്ള മ്യൂച്വൽ ഫണ്ട് പദ്ധതിയാണ്. ഒന്നര ലക്ഷം രൂപ വരെയുള്ള ഇഎൽഎസ്എസ് നിക്ഷേപത്തിന് നികുതി കിഴിവ് കിട്ടും.

നികുതി കിഴിവ് ഉപകരണങ്ങളിൽ ഏറ്റവും കൂറവ് ലോക്ക് ഇൻ പീരിയഡ് ഉള്ള ഉപകരണം കൂടിയാണ് ഇഎൽഎസ്എസ്.

വിപണി ഉയർന്നു നിൽക്കുന്പോൾ എസ്ഐപി വഴി നിക്ഷേപം നടത്തരുത്

ഇതു മിഥ്യയല്ല. സത്യമാണ്. പക്ഷേ എപ്പോഴാണ് വിപണി ഏറ്റവും ഉയരത്തിൽ എത്തിയെന്നു നിക്ഷേപകനു മനസിലാകു. മികച്ച അനലിസ്റ്റുകൾക്കുപോലും വിപണിയുടെ നാളത്തെ ഗതി എന്താകുമെന്നു പറയുവാൻ സാധിക്കുകയില്ല.

അതുകൊണ്ടുതന്നെ വിപണിയിൽ ടൈമിംഗ്’ അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുവാൻ സാധിക്കുകയില്ല. അതുകൊണ്ട് ഏതു സമയത്തും എസ്ഐപി നിക്ഷേപം തുടങ്ങും. വിപണി താഴ്ന്നാൽ എസ്ഐപി തുകയും ഉയർത്തുക.

എസ്ഐപി നിക്ഷേപമോ ഒറ്റത്തവണ നിക്ഷേപമോ

എസ്ഐപി നിക്ഷേപം എപ്പോഴും ഒറ്റത്തവണ നിക്ഷേപത്തേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുമെന്നു നല്ലൊരു പങ്കു നിക്ഷേപകരും കരുതുന്നുണ്ട്. എന്നാൽ അങ്ങനെ സംഭവിക്കണമെന്നില്ല.

സാധാരണക്കാർക്ക് പ്രതിമാസ നിക്ഷേപമൊരുക്കാൻ എസ്ഐപി വഴി സൗകര്യമൊരുക്കിത്തരുന്നുവെന്നേയുള്ളു. പ്രതിമാസ നിക്ഷേപം വഴി വിപണിയിലെ വന്യമായ വ്യതിയാനം ആവറേജ് ചെയ്യപ്പെടുന്നുവെന്നു മാത്രം.

എസ്ഐപി വഴി ചെറു നിക്ഷേപകർക്കു മാത്രമല്ല വലിയ തുകയും നിക്ഷേപിക്കാം.
വളരെ ദീർഘകാലത്തിൽ എസ്ഐപി വഴിയുള്ള നിക്ഷേപത്തിൽനിന്നും ഒറ്റത്തവണ നിക്ഷേപത്തിൽനിന്നുമുള്ള റിട്ടേണിൽ കാര്യമായ വ്യത്യാസം ഉണ്ടാകുന്നില്ല എന്നാണ് അനുഭവം.

വിപണി ഇടിയുന്പോൾ എസ്ഐപി നിർത്തി വയ്ക്കണമോ

ഓഹരി വിപണി ഇടിഞ്ഞുകൊണ്ടിരിക്കുന്പോൾ എസ്ഐപി വഴിയുള്ള നിക്ഷേപം നിർത്തി വയ്ക്കാനുള്ള പ്രവണത പല നിക്ഷേപകരും, പ്രത്യേകിച്ച് ചെറുകിട നിക്ഷേപകർ, കാണിക്കാറുണ്ട്. എസ്ഐപിയിൽ ഇത്തരമൊരു നടപടി ക്ക് തീരെ യുക്തിയില്ല. കാരണം വിപണി താഴുന്പോൾ കൂടുതൽ യൂണിറ്റുകൾ ലഭിക്കുന്നു. ദീർഘകാല ലക്ഷ്യം വയ്ക്കുന്ന നിക്ഷേപകന് എസ്ഐപി നിക്ഷേപം വിപണിയുടെ എല്ലാ ദശാ സന്ധികളിലൂടെയും കടന്നുപോകാൻ അനുവദിക്കുക എന്നതു മാത്രമാണ് ചെയ്യാനുളളത്. അതിനാൽ ഏതൊരു തകർച്ചയിലും എസ്ഐപി നിക്ഷേപം തുടരുക.

വിപണി കുത്തനെ ഇടിയുന്പോഴാണ് നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച അവസരമെന്ന് നിക്ഷേപകൻ മനസിൽ കുറിച്ചിടുക.