സർവീസ് ചാർജുകളിൽ നിന്നും രക്ഷനേടാൻ
ബങ്കിംഗ് മേഖലയിലെ സേവനങ്ങൾക്കുള്ള ചാർജുകൾക്ക് ഒരു കുറവും വരുത്താതെ വീണ്ടും കൂട്ടിയിരിക്കുകയാണ് പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ. ബാങ്കുകൾക്കു സമീപത്തു കൂടി പോയാൽ പോലും സർവീസ് ചാർജ് ഈടാക്കുന്ന സ്ഥിതിയാണുള്ളത്. ഈ കൊള്ളയിൽ നിന്നു രക്ഷനേടാൻ ഉപഭോക്താക്കൾ സൂക്ഷിച്ച് ഇടപാടുകൾ നടത്തുക എന്ന ഒറ്റവഴിയേയുള്ളു. ആദ്യം ലഭിക്കുന്ന പാസ്ബുക്കും ചെക്ക് ബുക്കും സൂക്ഷിക്കുന്നതുമുതൽ ഇടപാടുകളിൽ വരെ ശ്രദ്ധിക്കണം.

പാസ് ബുക്ക്

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്പോൾ ബാങ്ക് സൗജന്യമായി പാസ് ബുക്ക് നൽകാറുണ്ട് അത് സൂക്ഷിക്കാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ പിന്നീടു ദുഖിക്കേണ്ടി വരും. അതായത് പാസ് ബുക്ക് നഷ്ടപ്പെട്ടാൽ, മുൻകാല ഇടപാടുകൾ പ്രിന്‍റ് ചെയ്യണമെങ്കിൽ, മാസത്തിൽ ഒന്നിൽ കൂടുതൽ തവണ പാസ്ബുക്കിൽ ഇടപാടുകൾ രേഖപ്പെടുത്തേണ്ടി വന്നാലൊക്കെ അമിത ചാർജുകൾ നൽകേണ്ടി വരും.

പാസ്ബുക്കും സ്റ്റേറ്റ്മെന്‍റും സൂക്ഷിച്ചു വയ്ക്കുക. ബാങ്കിൽ ചെല്ലുന്പോഴൊക്കെ പാസ് ബുക്കിൽ ഇടപാട് രേഖപ്പെടുത്തുന്ന രീതിയും ഒഴിവാക്കുക.

അക്കൗണ്ട് ക്ലോഷർ

എന്തെങ്കിലുമൊക്കെ ആവശ്യത്തിനായി പല ബാങ്കുകളിലായി അക്കൗണ്ടു തുറന്നിട്ടുണ്ടാകും. അവയിൽ പലതും ഉപയോഗിക്കുന്നു പോലുമുണ്ടാകില്ല. അക്കൗണ്ട് തുറന്ന് പതിനാലു ദിവസത്തിനുള്ളിലാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കിൽ ചാർജൊന്നും നൽകേണ്ടതില്ല. എന്നാൽ പതിനാലു ദിവസത്തിനുശേഷമാണ് ക്ലോസ് ചെയ്യുന്നതെങ്കിൽ 100 രൂപ മുതൽ ചാർജ് നൽകേണ്ടി വരും.

ചെക്കും ചെക്ക് ബുക്കും

അക്കൗണ്ട് തുറക്കുന്പോൾ ഒരു ചെക്ക് ബുക്ക് (10- 30 വരെ ചെക്കുകൾ) സൗജന്യമായി നല്കും. പിന്നീടുളള ചെക്കു ലീഫുകൾക്ക് പണം നല്കണം. ഓരോ ലീഫിനും ഒരു രൂപ മുതൽ മൂന്നു രൂപ വരെ ചാർജ് നല്കണം. ചെക്ക് ബുക്ക് നഷ്ടപ്പെട്ടാൽ 250 വരെ രൂപ പിഴയായി നല്കേണ്ടി വരും.

ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ് ഈ ചാർജുകൾ. ചെക്ക് എഴുതുന്നത് പരമാവധി കുറയ്ക്കുക. എഴുതുന്നതിൽ തെറ്റുവരുത്താതെയിരിക്കുക. ചെക്ക് ബുക്ക് കരുതലോടെ സൂക്ഷിച്ചു വയ്ക്കുക.

ചെക്ക് മടങ്ങിയാൽ

ജയിലിൽ പോകാവുന്ന കുറ്റവുമാണ് ചെക്ക് മടങ്ങുന്നതെന്നോർക്കുക. മാസത്തിൽ ഒരു തവണ മടങ്ങുന്നതിന് പല ബാങ്കുകൾക്കും പല ചാർജാണ്. ഒന്നിൽ കൂടുതൽ മടങ്ങിയാൽ 750 രൂപ വരെ പിഴ ഉയരാം. ഇടപാടുകാരൻ നിക്ഷേപിച്ച് ചെക്ക് കാഷ് ഇല്ലാതെ മടങ്ങിയലും ചാർജ് നല്കണം.

സ്റ്റോപ് പേമെന്‍റിന് നിർദേശം നൽകിയാലും പിഴ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കും. സ്റ്റാൻഡിംഗ് നിർദ്ദേശം നടപ്പിലാക്കുന്നതിന് ഒരോ ഇടപാടിനും ചാർജ് നല്കണം. നല്കിയ നിർദ്ദേശം വീണ്ടും മാറ്റണമെങ്കിൽ വീണ്ടും അധിക ചാർജ് നൽകണം. ചില ബാങ്കുകൾ ഇതിനുളള രജിസ്ട്രേഷനായി 50 രൂപ ഈടാക്കാറുണ്ട്. ചുരുക്കത്തിൽ ചെക്ക് മടക്കാതിരിക്കുക എന്ന ഒറ്റവഴിയെയുള്ളു ഈ ചാർജുകളിൽ നിന്നെല്ലാം രക്ഷനേടാൻ.

ഇസിഎസ് മടങ്ങിയാലും പിഴ

ചെക്ക് ശ്രദ്ധയോടെ എഴുതണം എന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ പകരം ഇലക്ട്രോണിക് ക്ളിയറിംഗ് സർവീസ് ( ഇസിഎസ്) വഴി പണം നൽകിയാലും അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാലും പിഴ നല്കേണ്ടതായി വരും. ഇ സി എസ് മടക്കുന്നതും ജയിൽ പോകാവുന്ന കുറ്റമാണെന്നതോർക്കുക. ഇ സി എസ് മടക്കൽ മൂന്നു തവണയിൽ കൂടിയാൽ പിഴ കുത്തനെ ഉയരും.

ഇസിഎസ് നൽകേണ്ട ദിവസം തന്നെ പണം അക്കൗണ്ടിൽ നിന്നും പോയിയെന്ന് ഉറപ്പു വരുത്തുക. നെറ്റ് വർക്കിലെ തകരാറുകൊണ്ട് ഇ സി എസ് പണം എടുക്കാതെ പോകുന്ന പല സംഭവങ്ങളുമുണ്ട്. അതിന്‍റെ ഉത്തരവാദിത്വം ബാങ്കുകൾ എടുക്കുയുമില്ല. ഉപഭോക്താവ് പിഴയും നല്കേണ്ടതായി വരും. ഇ സി എസ് തീയതിക്ക് തലേ ദിവസമെങ്കിലും പണം അക്കൗണ്ടിൽ ലഭ്യമാക്കാനോർക്കുക.

ഉപയോഗപരിധി

കാർഡ് ഇഷ്യു ചെയ്ത ബാങ്കുകളുടേതല്ലാത്ത എ ടി എമ്മുകളിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ പരിമിതിയുണ്ട്. കാഷ് പിൻവലിക്കുന്നതും ബാലൻസ് ഇൻക്വയറിയും ഉൾപ്പെടെ മാസം അഞ്ചു തവണയെ മറ്റ് എ ടി എമ്മുകളിൽ സൗജന്യമായി ഡെബിറ്റ് കാർഡ് ഉപയോഗിക്കുവാൻ കഴിയൂ. തുടർന്ന് ഇടപാടു നടത്തിയാൽ 10-25 രൂപ വരെ ചാർജ് നല്കണം. കാഷ് ഇതര ആവശ്യങ്ങൾക്ക് 5 രൂപ മുതലാണ് ചാർജ്.

ചില ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ രണ്ടു ശതമാനം വരെ സർവീസ് ചാർജ് നല്കേണ്ടതായി വരും.

ചുരുക്കത്തിൽ കഴിയുന്നതും കാർഡ് ഇഷ്യു ചെയ്ത ബാങ്കിന്‍റെ എ ടി എമ്മുകളിൽ നിന്നും പണമെടുക്കുക. പിൻകോഡും മറ്റും മറക്കാതിരിക്കുക.

ഡിപ്പോസിറ്റും വായ്പയും

അക്കൗണ്ട് ഉളള ശാഖകളിൽ കാഷ് ഇടപാട് നടത്തുന്നതിന് ചില ബാങ്കുകൾ പരിധി വച്ചിട്ടുണ്ട്. അതിനു മുകളിൽ ഇടപാട് ആയാൽ ചാർജ് നലകണം. കോർ ബാങ്കിംഗ് സൊലൂഷൻ ഉപയോഗിച്ച് മറ്റ് ശാഖകളിൽനിന്ന് അക്കൗണ്ട് ഉളള ശാഖയിൽ ഡിപ്പോസിറ്റ് നടത്തുന്പോഴും അതേപോലെ മറ്റ് ശാഖകളിൽനിന്ന് തുക പിൻവലികകുന്പോഴും ചാർജുണ്ട്. ആയിരം രൂപയ്ക്ക് അഞ്ചു രൂപ വരെയാണ് ഈടാക്കുക.


നെഫ്റ്റ് ചാർജ്

നാഷണൽ ഇലക്ട്രോണിക്സ് ഫണ്ട്സ് ട്രാൻസ്ഫർ എന്നതിന്‍റെ ചുരുക്കപ്പേരാണ് എൻഇഎഫ്ടി എന്നത്. ഓരാൾക്ക് മറ്റൊരു വ്യക്തിക്ക് രാജ്യത്തിനുള്ളിൽ പണം കൈമാറാനുള്ള സംവിധാനമാണിത്. ഈ പദ്ധതി വഴി വ്യക്തികൾക്ക് ഇലക്ട്രോണിക് സംവിധാനത്തിന്‍റെ സഹായത്തോടെ ഫണ്ടുകൾ കൈമാറാൻ കഴിയും. ദാതവിനും സ്വീകർത്താവിനും ബാങ്ക് അക്കൗണ്ട് ഉണ്ടായാൽ മാത്രം മതി. പതിനായിരം രൂപവരെയുള്ള കൈമാറ്റത്തിന് 2.50 രൂപ യാണ് ചാർജ്. പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അഞ്ചു രൂപ. ഒരു ലക്ഷം രൂപ മുതൽ രണ്ടു ലക്ഷം രൂപവരെ 15 രൂപ.

രണ്ടു ലക്ഷം രൂപക്കു മുകളിലേക്ക് 25 രൂപ എന്നിങ്ങനെയാണ് നെഫ്റ്റിന്‍റെ ചാർജ്. രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്ത് ഫണ്ട് കൈമാറാൻ കഴിയും. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഫണ്ട് കൈമാറ്റം നടത്താം.

ആർടിജിഎസ്

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്‍റിന്‍റെ ചുരുക്ക രൂപമാണ് ആർടിജിഎസ്.
രണ്ടു ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ പണം ആർടിജിഎസ് വഴി കൈമാറുന്നതിന് 25 രൂപ വരെയാണ് ബാങ്കുകൾ ഈടാക്കുന്നത്.

5 ലക്ഷത്തിനു മുകളിലേക്കുള്ള പണ കൈമാറ്റത്തിന് 55 രൂപ. ആർടിജിഎസ് സേവനവും ലഭ്യമാക്കുന്നത് ബാങ്കിന്‍റെ പ്രവർത്തി ദിവസങ്ങളിലാണ്.

ഫോണ്‍ വഴിയുള്ള സേവനങ്ങൾ

അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്, പലിശ സർട്ടിഫിക്കറ്റ്, ടിഡിഎസ് വിവിരങ്ങൾ തുടങ്ങിയ വിവരങ്ങൾ ഫോണ്‍ വഴി ബാങ്കുകൾ ലഭ്യമാക്കുന്നുണ്ട്. അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് 44 രൂപ, ഇന്‍ററസ്റ്റ് സർട്ടിഫിക്കറ്റ് 44 രൂപ, ടിഡിഎസ് വിവരങ്ങൾ 44 രൂപ എന്നിങ്ങനെയാണ് ഫോണ്‍ വഴിയുള്ള സേവനങ്ങൾക്ക് ചില ബാങ്കുകൾ ഈടാക്കുന്നത് ചാർജ്. ഇമെയിൽ വഴിയാണെങ്കിൽ ഈ സേവനങ്ങളെല്ലാം സൗജന്യമാണ്. ഇത്തരം സേവനങ്ങൾ ഇ മെയിൽ വഴി ആക്കുകയാണെങ്കിൽ നല്ലൊരു തുക നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയും.

എസ്എംഎസ് അലർട്ട്

വിരൽ തുന്പിൽ ബാങ്കിംഗ് വിവരങ്ങൾ അറിയാനുള്ള സൗകര്യം ഇന്ന് എല്ലാ ബാങ്കുകളും നൽകുന്നുണ്ട്. എല്ലാവരും തന്നെ അക്കൗണ്ടുകൾ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. അക്കൗണ്ടിൽ എന്തെങ്കിലും ഇടപാടുകൾ നടന്നാൽ അത് അപ്പോൾ തന്നെ എസ്എംഎസ് വഴി ബാങ്ക് ഉപഭോക്താക്കളെ അറിയിക്കും. ബാലൻസ് എത്രയുണ്ടെന്നറിയാനും ഇതുവഴി സൗകര്യമൊരുക്കുന്നുണ്ട്. എസ്എംഎസിന് മാസത്തിൽ 15 രൂപയാണ് ബാങ്കുകൾ സാധാരണ ഈടാക്കുന്നത്. ഒരു എസ്എംസ് അലേർട്ടിന് 50 പൈസ വെച്ചു ഈടാക്കുന്ന ബാങ്കുകളുമുണ്ട്.

ഡിമാൻഡ് ഡ്രാഫ്റ്റ്

ഡിമാൻഡ് ഡ്രാഫ്റ്റിനായി ഈടാക്കുന്നത് 1.50 പൈസ മുതൽ 4 രൂപ വരെയാണ്. ഡിമാൻഡ് ഡ്രാഫ്റ്റ് കാൻസൽ ചെയ്യണമെങ്കിൽ 100 രൂപ മുതൽ 300 രൂപ വരെ നൽകണം.

മിനിമം ബാലൻസ്

മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ എല്ലാ ബാങ്കുകളും ഉപഭോക്താക്കളിൽ നിന്നും പിഴ ഈടാക്കുന്നുണ്ട്. ഗ്രാമീണ മേഖല, അർധ നഗരം, നഗരം എന്നിങ്ങനെ വിവിധ മേഖലകൾക്കനുസരിച്ചാണ് പിഴ ഈടാക്കുന്നത്. ഓരോ മേഖലകൾക്കനുസരിച്ച് 25 രൂപ മുതൽ 100 രൂപവരെ പിഴ ഈടാക്കുന്ന ബാങ്കുകളും 150 രൂപ മുതൽ 600 രൂപവരെ ഈടാക്കുന്ന ബാങ്കുകളുമുണ്ട്.

ഡെബിറ്റ് കാർഡും എടിഎമ്മും

ഇടപാടുകാർക്ക് ബാങ്കിൽ എത്താതെ പണം പിൻവലിക്കുന്നതിനുളള സൗകര്യമാണ് എടിഎമ്മിലൂടെ ലഭ്യമാക്കിയിട്ടുളളത്. ഇതുപയോഗിക്കുന്പോഴും സൂക്ഷിച്ചില്ലെങ്കിൽ ചാർജുകൾ നല്കേണ്ടതായി വരും. സാധാരണ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്പോൾ സൗജന്യമായി ഡെബിറ്റ് കാർഡും നല്കുകയാണ് ചെയ്യാറ്. ഒരു വർഷം പൂർത്തിയായശേഷം മിക്ക ബാങ്കുകളും ഡെബിറ്റ് കാർഡിന് വാർഷിക ഫീസ് ഈടാക്കാറുണ്ട്.

നിലവിലുള്ള കാർഡുകൾക്കൊപ്പം ആഡ് ഓണ്‍ കാർഡ് ( രണ്ടാം കാർഡ്) വേണമെങ്കിൽ 50 രൂപ ചാർജ് ഈടാക്കും. കാർഡ് നഷ്ടപ്പെടുകയോ ചീത്തയാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഡ്യൂപ്ളിക്കേറ്റ് കാർഡ് ലഭിക്കുവാനും പണം നൽകണം.
ഫോട്ടോ പതിച്ച കാർഡ് വേണമെങ്കിൽ 25 രൂപ കൂടി നല്കണം. ഡ്യൂപ്ളിക്കേറ്റ് പിൻ ലഭിക്കുവാനും എ ടി എം കാർഡ്, പിൻ തുടങ്ങിയ കിറ്റ് സ്വീകരിക്കാതെ മടങ്ങിയാലും അക്കൗണ്ടിൽ പണം കുറയും. ബാലൻസ് കുറവാണെങ്കിൽ പണം പിൻവലിച്ചാൽ 20 രൂപയാണ് ചില ബാങ്കുകൾ ഈടാക്കുന്നത്.

കാഷ് ഡെപ്പോസിറ്റിംഗ് മെഷീൻ

എടിഎം കൗണ്ടറുകളോട് ചേർന്നു തന്നെ കാഷ് ഡെപ്പോസിറ്റിംഗ് മെഷീനുകളും ഇന്നുണ്ട്. അതിനാൽ ബാങ്കിൽ ക്യൂ നിന്ന് പണം അടയ്ക്കേണ്ട വിഷമമൊന്നും ഇന്ന് ഉപഭേക്താക്കൾക്കില്ല. ചില ബാങ്കുകൾ കാഷ് ഡെപ്പോസിറ്റിംഗ് മെഷീൻ ഇടപാടുകൾ സൗജന്യമായി നൽകുന്നുണ്ടെങ്കിൽ മറ്റു ചില ബാങ്കുകൾ 22 രൂപ പണം നിക്ഷേപിക്കുന്നതിനായി ഈടാക്കാറുണ്ട്.