സന്പാദിക്കാനും സന്പത്തുണ്ടാക്കുവാനും
പി.ആർ ദിലീപ് വലിയൊരു യജ്ഞത്തിലാണ്. ദിലീപ് ആരംഭിച്ച ഇംപെറ്റസ് വെൽത്ത് മാനേജ്മെന്‍റും ഇതേ യജ്ഞത്തിലാണ.് സൗജന്യമായോ അല്ലാതെയോ ആളുകളെ സന്പാദിപ്പിക്കുവാനും സന്പത്തു നേടുവാനും പഠിപ്പിക്കുകയാണ് ആ യജ്ഞം. സാന്പത്തിക ഭാവി ഉറപ്പാക്കുവാനുള്ള ധനകാര്യ ആസൂത്രണത്തിന്‍റെ ആവശ്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുവാൻ ശ്രമിക്കുകയാണ് ദിലീപും ദിലീപിന്‍റെ സ്ഥാപനവും.
സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഗവേഷണാടിസ്ഥാനത്തിലുള്ള നിക്ഷേപ ഉപദേശ സേവനം നൽകുകയെന്ന ലക്ഷ്യത്തോടെ തിരൂർ സ്വദേശിയായ ദിലീപ് സുഹൃത്തുക്കളോടൊപ്പം 1994-ലാണ് മുംബൈ ആസ്ഥാനമായി ഇംപെറ്റസ് വെൽത്ത് മാനേജ്മെന്‍റിനു രൂപം നൽകിയത്. കഴിഞ്ഞ 23 വർഷംകൊണ്ട് സന്പൂർണ വെൽത്ത് മാനേജ് കന്പനിയായി ഇംപെറ്റസ് മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തൊട്ടാകെ രണ്ടായിരത്തയഞ്ഞൂറിലധികം ഹൈ നെറ്റ് വർത്ത് ഇടപാടുകാർക്ക് കന്പനി സേവനങ്ങൾ നൽകി വരുന്നു.

സെബിയുടെ നിയമങ്ങൾക്കു വിധേയമായി പോർട്ട്ഫോളിയോ മാനേജ്മെന്‍റ് സേവനങ്ങൾ നൽകിവരുന്ന ഇംപെറ്റസ് ഇന്ന് രാജ്യത്തെ 20 മുൻനിര പോർട്ട്ഫോളിയോ മാനേജ്മെന്‍റ് കന്പനികളിലൊന്നാണ്. പോർട്ട്ഫോളിയോ മാനേജ്മെന്‍റ് ഉൾപ്പെടെ വെൽത്ത് മാനേജ്മെന്‍റ് സർവീസസ്, എസ്റ്റേറ്റ് പ്ലാനിംഗ്, മ്യൂച്വൽ ഫണ്ട് പദ്ധതികൾ, ഇൻഷുറൻസ് ഉത്പന്നങ്ങൾ, ഇക്വിറ്റി ട്രാൻസാക്ഷൻ പ്ലാറ്റ്ഫോം തുടങ്ങിയ സേവനങ്ങൾ കന്പനി നൽകി വരുന്നു.
2007-ൽ കേരളത്തിലെ ഏക ശാഖ സ്വന്തം നാടായ തിരൂരിൽ തുറന്നു. സ്വന്തം നാട്ടുകാർക്കും കേരളീയർക്കും മലയാളികൾക്കും സേവനമെന്ന നിലയിലാണ് തിരൂരിൽ ശാഖ തുറന്നത്. ഇന്ന് ശാഖ ആവശ്യമില്ലാത്തവിധത്തിലുള്ള സാങ്കേതികവിദ്യ പ്രക്രിയയാണ് കന്പനി ഉപയോഗിക്കുന്നത്. ലോകത്തെവിടെയുമുള്ള ഉപഭോക്താക്കൾക്ക് എവിടെനിന്നും കന്പനിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള വെബ്സൈറ്റ് ടെക്നോളജി കന്പനി ഉപയോഗിക്കുന്നു.

സ്വന്തം നാട്ടിൽ ഒരു ഓഫീസ് തുറക്കുക. അതു നഷ്ടത്തിൽ നടത്തിക്കൊണ്ടുപോകുക. സ്വന്തം നാട്ടുകാർ മാത്രമല്ല, ലോകത്തെല്ലായിടത്തുമുള്ളവർ സാന്പത്തികമായി സുരക്ഷിതത്വം നേടണമെന്നാഗ്രഹിക്കുന്നു. ഇംപെറ്റസ് വെൽത്ത് മാനേജ്മെന്‍റ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായി പി ആർ ദിലീപ് തങ്ങളുടെ സേവനത്തന്‍റെ പിന്നിലെ ആശയങ്ങൾ, പ്രത്യേകതകൾ, കേരളത്തിന്‍റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ശാസ്ത്രീയമായ വ്യക്തിഗത ധനകാര്യ ആസൂത്രണത്തിന്‍റെ പ്രസക്തി, ധനകാര്യ സാക്ഷരത നേടേണ്ട ആവശ്യകത, കന്പനി നൽകുന്ന സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള തന്‍റെ വീക്ഷണങ്ങൾ ബിസിനസ് ദീപികയുമായി പങ്കുവയ്ക്കുന്നു.

? രാജ്യത്തൊട്ടാകെ നിരവധി കന്പനികൾ പോർട്ട്ഫോളിയോ മാനേജ്മെന്‍റ് സേവനങ്ങൾ നല്കി വരുന്നുണ്ട്. ഇംപെറ്റസിന്‍റെ യുഎസ്പി ( യുണീക് സെല്ലിംഗ് പോയിന്‍റ്) എന്താണ്.
* വളരെ സമഗ്രമായ സമീപനമാണ് ഇക്കാര്യത്തിൽ ഞങ്ങൾ എടുത്തിട്ടുള്ളത്. ഓരോ വ്യക്തിയുടേയും ആവശ്യങ്ങളും ധനകാര്യ ലക്ഷ്യങ്ങളും കണക്കിലെടുത്ത് ആ വ്യക്തിക്ക് വ്യക്തിഗത വെൽത്ത് മാനേജ്മെന്‍റ് സേവനങ്ങൾ നൽകുന്നതാണ് ഇംപെറ്റസിന്‍റെ പ്രത്യകത. ഇതിനായി ഇൻവെസ്റ്റർ പ്രൊഫൈലിംഗ് സിസ്റ്റം ( ഐപിഎസ്) തന്നെ കന്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വ്യക്തിയുടെ ലക്ഷ്യങ്ങൾക്കനുസരിച്ചു വ്യക്തമായി അവരുടെ ധനകാര്യ ലക്ഷ്യങ്ങൾ, അതു നേടുന്നതിനുള്ള കാലയളവ്, റിസ്ക് എടുക്കാനുള്ള ശേഷി, വിഭവലഭ്യത തുടങ്ങിയവ വ്യക്തമായി നിർവചിക്കുവാൻ കന്പനി അവരെ സഹായിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓരോ നിക്ഷേപകനും യോജിച്ച അസറ്റ് പോർട്ട്ഫോളിയോ നിർദ്ദേശിക്കുന്നു. നിക്ഷേപകനെ ഇതു മനസിലാക്കിക്കൊടുക്കുന്നു. ഇതംഗീകരിച്ചു കഴിഞ്ഞാൽ ഇംപെറ്റസ് നിക്ഷേപ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. നിക്ഷേപാസ്തിയേക്കാൾ നിക്ഷേപകനാണ് ഇംപെറ്റസ് പ്രാധാന്യം നൽകുന്നത്. ഓരോ നിക്ഷേപകന്‍റെയും ധനകാര്യ ലക്ഷ്യങ്ങൾ മറ്റൊരു വ്യക്തിയുടേതിൽനിന്നു വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ധനകാര്യ പ്ലാനിംഗും ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കണം.

? ഇംപെറ്റസിന്‍റെ പിഎംഎസ് പ്രകടനം ഒന്നു വിശദീകരിക്കാമോ
* ഗവേഷണാടിസ്ഥാനത്തിലുള്ള നിക്ഷേപ മാനേജ്മെന്‍റ് സേവനമാണ് ഇംപെറ്റസ് നൽകുന്നത്.ഇന്ത്യയിൽ താമസിക്കുന്നവർക്കും വിദേശ ഇന്ത്യക്കാർക്കും ഞങ്ങൾ വെൽത്ത് മാനേജ്മെന്‍റ് സേവനം നൽകി വരുന്നു. പിഎംഎസിൽ കുറഞ്ഞ നിക്ഷേപം 25 ലക്ഷം രൂപയാണ്.

2017 മാർച്ചിൽ അവസാനിച്ച സാന്പത്തിക വർഷത്തിൽ പിഎംഎസ് നൽകിയ ശരാശരി റിട്ടേണ്‍ 30.40 ശതമാനമാണ്. വിപണി നൽകിയ റിട്ടേണ്‍ 17.05 ശതമാനമാണ്.
ഇരുപത്തിയഞ്ചു ലക്ഷം രൂപയ്ക്കു മുകളിൽ മൂന്ന്- അഞ്ചുവർഷത്തേക്ക് നിക്ഷേപം നടത്താൻ കഴിയുന്നവർക്ക് മികച്ച റിട്ടേണ്‍ പ്രതീക്ഷിക്കാവുന്ന നിക്ഷേപരീതിയാണ് പിഎംഎസ്.

മൂല്യം, വളർച്ച എന്നീ നിക്ഷേപ തന്ത്രങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു രീതിയാണ് ഇംപെറ്റസ് സ്വീകരിച്ചിട്ടുള്ളത്. നിക്ഷപകന്‍റെ പ്രൊഫൈലും വിപണിയുടെ പൊതുവിലുള്ള മൂല്യവും കണക്കിലെടുത്താണ് നിക്ഷേപം നടത്തുന്നത്. ലോക്ക് ഇൻ പീരിയഡ്, എക്സിറ്റ്- എൻട്രി ലോഡുകളൊന്നും പിഎംഎസ് അക്കൗണ്ടുകൾക്കില്ല. നിക്ഷേപകർക്ക് അവരുടെ നിക്ഷേപശേഖര റിപ്പോർട്ട് പാസ്വേഡ് ഉപയോഗിച്ച് ഇംപെറ്റസ് വെബ്സൈറ്റിൽ കാണാം.

? 25 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് എന്ത് സേവനങ്ങളാണ് നൽകാനുള്ളത്.
* ഇത്തരം നിക്ഷേപകർക്കുവേണ്ടി മ്യൂച്വൽ ഫണ്ട് പദ്ധതികളാണ് ശിപാർശ ചെയ്യുന്നത്. വെറും 500 രൂപ മുതലുള്ള നിക്ഷേം ഇതിൽ സാധിക്കും. യോജിച്ച മ്യൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ വഴി ദീർഘകാലത്തിൽ സന്പത്തു നേടുവാൻ സാധിക്കും. യോജിച്ച മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കുവാൻ ഇംപെറ്റസ് നിക്ഷേപകരെ സഹായിക്കുന്നു.
എല്ലാവർക്കും പ്രത്യേകിച്ചു ഇടത്തരക്കാർക്ക് നല്ല നിക്ഷേപ ഉപദേശം ഏറ്റവും ആവശ്യമാണ് ധനകാര്യ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക് വഴി പറഞ്ഞുകൊടുക്കുവാൻ ഇംപെറ്റസിനു സന്തോഷമേയുള്ളു. നിക്ഷേപകന് ഇക്കാര്യത്തിൽ അറിവുണ്ടാക്കുകയെന്നതും കന്പനിയുടെ ലക്ഷ്യമാണ്. അവരുടെ ആവശ്യങ്ങൾ മനസിലാക്കി ശാശ്വതമായി എന്താണ് വേണ്ടതെന്നു കന്പനി പറയുന്നു.

? വിദേശ മലയാളികൾ അയയ്ക്കുന്ന പണത്തെ ആശ്രയിച്ചു കഴിയുന്ന കേരളത്തിൽ ഇതിന്‍റെ പ്രധാന്യം എന്താണ്.
* ധനകാര്യ ആസൂത്രണത്തിനു കേരളത്തിൽ വളരെ പ്രസക്തിയുണ്ട്. അതിനു കാരണങ്ങൾ നിരവധിയാണ്. കേരളവും ലോകവും മാറുകയാണ്. നമ്മുടെ കാർഷിക മേഖല അപ്പാടെ മാറി. എന്നു പറഞ്ഞാൽ കൃഷി ഏതാണ്ട് നിന്നു കഴിഞ്ഞു. ഇതു തൊഴിൽ ഗണ്യമായി കുറച്ചു.
കേരളത്തിലെ ജനസംഖ്യയിൽ 5-6 ശതമാനത്തോളം പ്രവാസികളാണ്. ഇവരെ ആശ്രയിച്ച് ഏതാണ്ട് 70 ലക്ഷത്തോളം ആളുകളാണ് ജീവിക്കുന്നത്. അതേസമയം വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ തദ്ദേശവത്കരണം ത്വരിതഗതിയിൽ നടന്നുവരികയാണ്. അവിടെനിന്നു പ്രവാസികൾക്കു തിരിച്ചുപോരേണ്ടിവരുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കിക്കേ. തിരിച്ചുപോരുന്നവരെ മാത്രമല്ല, ഇവിടെ അവരെ ആശ്രയിച്ചു ജീവിക്കുന്നവരേയും ബാധിക്കുന്നതാണ് ഈ പ്രശ്നം.


മറ്റൊരു പ്രശ്നവുംകൂടിയുണ്ട്. തിരിച്ചുവരുന്നവരിൽ നല്ലൊരു പങ്കും സെമി സ്കിൽഡ് ആയിട്ടുള്ള ആളുകളാണ്. അവർക്ക് ഇവിടെ തിരിച്ചുവന്ന് ഒരു ജോലി സന്പാദിക്കുകയെന്നത് പ്രയാസകരമായ സംഗതിയാണ്.

ചുരുക്കത്തിൽ മികച്ച ധനകാര്യ ആസൂത്രണം കേരളീയർക്കാവശ്യമാണ്. റിട്ടയർമെന്‍റ് പ്ലാനിംഗ് പ്രവാസികൾക്കു മാത്രമല്ല എല്ലാവർക്കും ആവശ്യമാണ്.
വിദേശ ഇന്ത്യക്കാർ ജോലി തുടങ്ങുന്പോൾ തന്നെ സന്പാദ്യത്തിൽ ഒരു പങ്ക് റിട്ടയർമെന്‍റിനായി മാറ്റി വയ്ക്കണം. തിരിച്ചുവരുന്പോൾ സാന്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കുവാൻ ഇതു സഹായിക്കും.

? കേരളത്തിൽ താമസിക്കുന്നവർക്ക് ഇതിന്‍റെ പ്രസക്തി.
* വിദേശ മലയാളികൾക്കു മാത്രമല്ല എല്ലാവരും റിട്ടയർമെന്‍റിനു വേണ്ടി, വരുമാനം നേടിത്തുടങ്ങുന്ന സമയത്തുതന്നെ റിട്ടയർമന്‍റ് പ്ലാനിംഗ് തുടങ്ങണം. പാരന്പര്യ നിക്ഷേപങ്ങളിൽനിന്നു മറി ചിന്തിക്കേണ്ടിയിരിക്കുന്നു.

കേരളീയർ കൃഷി നിറുത്തിയെങ്കിലും കർഷകന്‍റെ മനസു ഉപേക്ഷിച്ചിട്ടില്ല. പണമുണ്ടായാൽ ആദ്യം ചെയ്യുക സ്ഥലം വാങ്ങുകയാണ്. മറ്റ് നിക്ഷേപ അവസരങ്ങളെക്കുറിച്ച് അവർ ആലോചിക്കുന്നതേയില്ല.

ഭൂമിയിലെ നിക്ഷേപം നോക്കുക. വായ്പ എടുത്തു വീടോ ഫ്ളാറ്റോ വാങ്ങിയാൽ അതിൽനിന്നു എന്തു റിട്ടേണ്‍ ആണ് ലഭിക്കുന്നത്. റെന്‍റ് യീൽഡ് രണ്ടു ശതമാനത്തിനു താഴെയാണ്. സ്വന്തമായി സ്വരൂപിക്കുന്ന തുകയും വായ്പയും കൂടി എടുത്തു പ്രോപ്പർട്ടി വാങ്ങിയാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശക്കാശ് പോലും മുട്ടുകയില്ല.
റിയൽ എസ്റ്റേറ്റ് ഏറ്റവും ആവശ്യമുള്ളവർ മാത്രം വാങ്ങുക. താമസിക്കുവാൻ മാത്രം. വാടകയ്ക്കു താമസിക്കുന്നതു ലാഭകരമാണെന്ന സ്ഥിതിയാണിപ്പോൾ! രാജ്യമൊട്ടാകെ മൂന്നുവർഷമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയതോതിൽ ഇൻവെന്‍ററി കിടക്കുകയാണ്.
സ്വർണം, ഭൂമി, ഡിപ്പോസിറ്റ് തുടങ്ങിയവയെല്ലാം പ്രയോജനമില്ലാത്ത നിക്ഷേപങ്ങളായി മാറുന്നതു നമുക്കു കണ്‍മുന്പിൽതന്നെ കാണാം. ഇവയ്ക്ക് പണപ്പെരുപ്പത്തേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ നൽകാൻ സാധിക്കുന്നില്ല.

സ്വർണത്തിൽ കിട്ടാൻ സാധ്യതയുള്ള റിട്ടേണ്‍ 7-8 ശതമാനമാണ്. ബാങ്ക് ഡിപ്പോസിറ്റിൽ നികുതിക്കുശേഷം ലഭിക്കുന്നത് 3.5 ശതമാനമാണ്. റിയൽ എസ്റ്റേറ്റിലും 7-8 ശതമാനമാണ് റിട്ടേണ്‍. പക്ഷേ, ആവശ്യമുള്ളപ്പോൾ പണമാക്കി മാറ്റാൻ പറ്റുകയില്ല.
നല്ലൊരു പങ്ക് ആളുകളും ""ഗാരന്‍റി റിട്ടേണ്‍’’ ആണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ന് ഒന്നിനും ഗാരണ്ടിയില്ല. ബാങ്ക് ഡിപ്പോസിറ്റിനു പോലും ഒരു ലക്ഷം രൂപയ്ക്കുവരെയേ ഇൻഷുറൻസ് ഉള്ളു.

ഈ ഗാരന്‍റീഡ് മനോഭാവം മാറേണ്ടത് ഏറ്റവും ആവശ്യമാണ്. ഗാരണ്ടി റിട്ടേണിനേക്കാൾ നിക്ഷേപത്തിന്‍റെ മൂല്യം എങ്ങനെ നിലനിർത്താമെന്നാണ് ആലോചിക്കേണ്ടത്. അതിനായി മൂലധന വിപണിയെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്.

നോട്ട് പിൻവലിക്കൽ,ജിഎസ്ടി നടപ്പാക്കൽ തുടങ്ങിയ നിരവധി ഘടനാപരവും അല്ലാത്തതുമായ നിരവധി പരിഷ്കാരങ്ങൾ ഇന്ത്യൻ സന്പദ്ഘടനയിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഫലങ്ങൾ 6-12 മാസക്കാലത്ത് വ്യവസായമേഖലകളിൽ പ്രതിഫലിച്ചു തുടങ്ങും. സ്വാഭാവികമായും ഇത് ഓഹരിയിലും മറ്റ് നിക്ഷേപ ഉപകരണങ്ങളിലും ഉചിതമായ പോസീറ്റീവ് പ്രതികരണമുണ്ടാക്കും.

? റിട്ടയർമെന്‍റ് പ്ലാനിനെക്കുറിച്ചു പറഞ്ഞുവല്ലോ. വിശദീകരിക്കാമോ.
* ഒരു വസ്തുത അറിഞ്ഞിരിക്കുക രാജ്യത്തെ 60 ശതമാനം റിട്ടയേഡ് ആൾക്കാരും മക്കളെ ആശ്രയിച്ചോ കടം വാങ്ങിയോ ആണ് ജീവിക്കുന്നത്! ഇപ്പോൾ റിട്ടയർമെന്‍റ് വരുമാനത്തിന് ഗവണ്‍മെന്‍റിനെ ആശ്രയിക്കുവാനും സാധിക്കില്ല. സ്വയം ആലോചിക്കുകയേ നിവൃത്തിയുള്ളു.

ചുരുക്കത്തിൽ പുതിയതായി ജോലിക്കു കയറുന്നവർ ജോലി തുടങ്ങുന്പോൾ തന്നെ നല്ല റിട്ടേണ്‍ കിട്ടുന്ന റിട്ടയർമെന്‍റ് പ്ലാനിനെക്കുറിച്ച് ആലോചിക്കണം. റിട്ടയർമെന്‍റ് ജീവിതം ആസ്വദിക്കണമെങ്കിൽ ധനകാര്യ സ്വാതന്ത്ര്യം ഏറ്റവും ആവശ്യമാണ്. സാന്പത്തിക സ്വാതന്ത്ര്യം നേടണമെങ്കിൽ ഇന്ത്യൻ സാന്പത്തിക വളർച്ച കൊണ്ടുവരുന്ന പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്തണം.

ലോകത്ത് ഒരു വെള്ളിവെളിച്ചമുണ്ടെങ്കിൽ അത് ഇന്ത്യയാണെന്ന് ഐഎംഎഫ് അടുത്തയിടെ അഭിപ്രായപ്പെടുകയുണ്ടായി. സാധാരണ ഇന്ത്യക്കാർ ഇതേക്കുറിച്ച് ആലോചിക്കണം.

? ഭൂമി, സ്വർണം, ബാങ്ക് ഡിപ്പോസിറ്റ് തുടങ്ങിയ പരന്പരാഗത നിക്ഷേപങ്ങൾക്ക് അപ്പുറത്ത് കേരളത്തിന്‍റെ സ്ഥിതി എന്താണ്.

* ബാങ്ക് ഡിപ്പോസിറ്റ്, പിപിഎഫ് തുടങ്ങിയ ഫിക്സഡ് റിട്ടേണ്‍ ഉപകരണങ്ങളിലെല്ലാം വരുമാനം കുറഞ്ഞുവരികയാണ്. പരന്പരാഗത നിക്ഷേപങ്ങളിൽനിന്നു മാറിച്ചിന്തിക്കാൻ നിക്ഷേപകരെ ഇതു പ്രേരിപ്പിക്കുന്നുണ്ട്. മ്യൂച്വൽ ഫണ്ടിലേക്ക് ഒഴുകിയെത്തുന്ന തുക ഇതിനു തെളിവാണ്. മ്യൂച്വൽ ഫണ്ടുകൾ മാനേജ് ചെയ്യുന്ന ആസ്തി 20 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തിയിരിക്കുകയാണ്!

എന്നാൽ കുറഞ്ഞ പലിശയ്ക്ക് കോടിക്കണക്കിനു തുക ബാങ്കുകളിൽ കിടക്കുന്ന കേരളത്തിൽ മ്യൂച്വൽ ഫണ്ട് റൂട്ടുവഴിയുള്ള നിക്ഷേപം നിരാശജനകമാണ്. മൊത്തം മ്യൂച്വൽ ഫണ്ട് ആസ്തിയുടെ വെറും ഒരു ശതമാനം ( ഏതാണ്ട് 19,300 കോടി രൂപ) മാത്രമാണ് കേരളീയരുടെ മ്യൂച്വൽ ഫണ്ടിലുള്ള നിക്ഷേപം.

ഇതു കണക്കിലെടുക്കുന്പോൾ കേരളത്തിൽ മ്യൂച്വൽ ഫണ്ട് പെനിട്രേഷനു വളരെ സാധ്യതകളുണ്ട്. കേരളത്തിലെ നിക്ഷേപകർ ഓഹരി നിക്ഷേപം ലഭ്യമാക്കുന്ന സാധ്യതകളെക്കുറിച്ച് ബോധവാന്മാരായി തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ 56 ശതമാനവും ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലാണ്. മറ്റു സംസ്ഥാനങ്ങളേ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണ്.

കേരളത്തിനു ഇപ്പോൾ വേണ്ടത് വിവിധ നിക്ഷേപ ഓപ്ഷനുകളെക്കുറിച്ചുള്ള അവബോധമാണ്. ഇംപെറ്റസ് വാഗ്ദാനം ചെയ്യുന്നതും ഇതാണ്.

? ഇംപെറ്റസിന്‍റെ ഭാവി പരിപാടികൾ എന്തൊക്കെയാണ്
* സെബി രജിസ്ട്രേഷനുള്ള പോർട്ട്ഫോളിയോ മാനേജ്മെന്‍റ്കന്പനിയാണ് ഇംപെറ്റസ്. മികച്ച നോളഡ്ജ് സിസ്റ്റം, പരിചയവും നൈപുണ്യവുമുള്ള മനുഷ്യശേഷി, മികച്ച സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം കന്പനിക്കുണ്ട്. ഇന്ത്യൻ മൂലധന വിപണിയിൽ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന ഏതൊരാൾക്കും ആവശ്യങ്ങൾ നിറവേറ്റാൻ കന്പനിക്കു സാധിക്കും.

ഈ അടിസ്ഥാനസൗകര്യങ്ങൾ രാജ്യത്തിനകത്തേയും പുറത്തേയും നിക്ഷേപകർക്കായി ഉപയോഗപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു. ചെറുനഗരങ്ങളിലെ നിക്ഷേപകർക്കുവരെ ഉയർന്ന മേന്മയുള്ള സേവനം പ്രാപ്യമാക്കുവാൻ ഉദ്ദേശിക്കുന്നു. ധനകാര്യ ആസൂത്രണത്തെക്കുറിച്ചും നിക്ഷേപാവസരങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കുവാനും അവസരങ്ങൾ ഉപയോഗിക്കുവാൻ സാധാരണക്കാരെ പ്രാപ്തരാക്കുവാനും നിരവധി പരിപാടികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നിക്ഷേപകരിൽ നല്ലൊരു നിക്ഷേപശീലം വളർത്തിയെടുക്കുക ലക്ഷ്യമാണ്. ഇതിനെ ഒരു മിഷൻ ആയിട്ടാണ് കാണുന്നത്.
ഫോൺ നന്പർ: 9820048225