മലബാർ: തുറക്കാത്ത സമ്മാനപ്പൊതി
തുറക്കാത്ത സമ്മാനപ്പൊതി പോലെയാണ് മലബാർ. ദക്ഷിണകേരളത്തേയും മധ്യകേരളത്തേയും വികസനവും വളർച്ചയും സന്പന്നമാക്കിയപ്പോൾ മലബാർ എന്നു വിളക്കപ്പെടുന്ന വടക്കൻ കേരളത്തിൽ ഒന്നുംതന്നെ സംഭവിച്ചില്ല.

മലബാറിലെ മിക്ക സംരംഭകരും കച്ചവടക്കാരും ഗൾഫ് രാജ്യങ്ങളിലേക്കാണ് ആകർഷിക്കപ്പെട്ടത്. അതിനു കാരണമുണ്ട്. അവിടെ ബിസിനസ് ചെയ്യുന്നത് എളുപ്പമാണ്. മാത്രവുമല്ല, മെച്ചപ്പെട്ട മാർജിനും ലഭിക്കും. അതുകൊണ്ടുതന്നെ തങ്ങളുടെ അധ്വാനത്തിന്‍റെ മിച്ചമായ തുക അവിടെത്തന്നെ നിക്ഷേപിക്കുകയും സംരംഭങ്ങൾ തുടങ്ങുകയുമാണ് ചെയ്തത്. ഇതു മലബാറിന്‍റെ വികസനത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.

കാര്യങ്ങൾ മാറുന്നു

എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി കാര്യങ്ങൾ മറുകയാണ്. പ്രത്യേകിച്ചും ക്രൂഡോയിലിന്‍റെ വില ഇടിയുകയും ഗൾഫ് രാജ്യങ്ങളിലെ പൊതു സാന്പത്തിക വളർച്ച മുരടിപ്പിലൂടെ നീങ്ങുകയും ചെയ്യുന്പോൾ. സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിലിന് നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപം നടത്തിയ സംരംഭകരും വ്യാപാരികളും തങ്ങളുടെ സംരംഭങ്ങൾ പറിച്ചു നടുവാൻ തുടങ്ങിയിരിക്കുകയാണ്. സ്വാഭാവികമായും അവർ ചിന്തിക്കുന്നത് സ്വന്തം നാടിനെക്കുറിച്ചാണ്. മലബാറിലേക്ക് പതിയെ ആണെങ്കിലും നിക്ഷേപവും വികസനവും കടന്നുവരികയാണ്.

ചുരുക്കത്തിൽ മലബാറിൽ സംരംഭകർക്ക് വലിയൊരു അവസരമൊരുങ്ങുകയാണ്. മലബാറിനു വളർച്ചാ അവസരവും. ഈ നിക്ഷേപങ്ങൾ ശരിയായ മേഖലകളിലേക്ക് തിരിച്ചുവിടുന്നതനെ ആശ്രയിച്ചാണ് ഇതിന്‍റെ വിജയം നിലനിൽക്കുന്നത്. മലബാറിന്‍റെ വികസനത്തിനും വളർച്ചയ്ക്കും യോജിച്ച മേഖലകൾ ഏതൊക്കെയാണെന്നു കണ്ടെത്താൻ ഒരു ശ്രമം നടത്താം.

കാർഷികസംരംഭകരാകാം

പഴയകാലത്ത് കൃഷിയായിരുന്നു മലബാറിന്‍റെ കരുത്ത്. എന്നാൽ അടുത്തകാലത്തെ അനുഭവം പരിഗണിച്ചാൽ കൃഷിയുടെ പ്രതാപം അസ്തമിച്ചു വരികയാണ്. പഴയ കാലങ്ങളുമായി തട്ടിച്ചുനോക്കുന്പോൾ കൃഷിയിൽനിന്നുള്ള കൃഷിക്കാരുടെ വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ കൃഷിക്കാർ തങ്ങളുടെ കുട്ടികളെ ജീവിതമാർഗത്തിനായി മറ്റു പ്രഫഷനുകളിലേക്കു തിരിച്ചുവിടുകയാണ്.
ഇതൊരു നല്ല കാര്യമല്ല. ഇതു മാറേണ്ടിയിരിക്കുന്നു. ഇതിനായി കൃഷിക്കാരൻ സ്വയം മാറേണ്ടിയിരിക്കുന്നു. കൃഷിക്കാരൻ കാർഷികസംരംഭകരായി സ്വയം മാറണം. വെറു കാർഷിക പ്രവർത്തനങ്ങളിൽനിന്നും കാർഷിക സംരംഭത്തിലേക്കു പരിവർത്തനം ചെയ്യണം.

ഇതെങ്ങനെ സാധിക്കും എന്നതാണ് ചോദ്യം?

ഇതിനുള്ള ഉത്തരം നമുക്ക് അന്വേഷിക്കാം. കാർഷിക പ്രവർത്തനങ്ങളിൽനിന്നുള്ള വരുമാനത്തിനു മറ്റു പ്രവൃത്തികളിൽ കൂടി തന്‍റെ ഭൂമിയിൽനിന്നുള്ള വരുമാനം വർധിപ്പിക്കുകയെന്നതാണ്. അതെങ്ങനെ സാധിക്കാം?

ലോകമെങ്ങുമുള്ള ഒരു പ്രവണത ഇതാണ്. സസ്യഭക്ഷണങ്ങളിൽനിന്നു മാംസാഹാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നതിൽനിന്നു ഇറച്ചിയും മീനും ഉത്പാദിപ്പിക്കുന്നതിലേക്കു തന്‍റെ കൃഷിയിടത്തെ മാറ്റേണ്ടിയിരിക്കുന്നു. ഇതിനെ ലൈവ്സ്റ്റോക് ഫാമിംഗ് എന്നു വിളിക്കുന്നു.

ഇന്ത്യ മികച്ച സാന്പത്തിക വളർച്ചയിലൂടെ കടന്നുപോവുകയാണ്. വിദേശ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത് കൂടുതൽ വിശ്രമവേളകളും ലോകമെങ്ങും വർധിച്ചുവരുന്നുണ്ട്. കർഷകർക്ക് ഈ അവസരം ശരിയായി വിനിയോഗിക്കാകയും ഇതിൽനിന്നു വരുമാനം കണ്ടെത്തുവാനും സാധിക്കുന്നതാണ്. ഫാം ടൂറിസം സാധ്യത ഗണ്യമായി ഉയർന്നുവന്നിരിക്കുകയാണ്.

കൃഷിയിൽനിന്നുള്ള ഉത്പാദനം വർധിപ്പിക്കുന്നതിനായി കർഷകർ ആധുനിക സാങ്കേതികവിദ്യയും യന്ത്രവത്കരണവും ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
കർഷകനിൽനിന്നു കാർഷിക സംരംഭകനിലേക്കുള്ള ഈ പരിണാമം മെച്ചപ്പെട്ട ലാഭക്ഷമത ഉറപ്പാക്കുകയും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുകയും ചെയ്യും.

ടൂറിസം വലിയ സാധ്യത

ടൂറിസമാണ് മലബാറിന്‍റെ വികസനത്തിനു വഴി തെളിക്കുന്ന മറ്റൊരു മേഖല. 2017-ലെ ലോണ്‍ലി പ്ലാനറ്റ് വടക്കൻ കേരളത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ടൂറിസം ലക്ഷ്യമായി തെരഞ്ഞെടുത്തിട്ടുണ്ട്. കണ്ണൂരിൽ പുതിയ വിമാനത്താവളം തുറക്കുന്നതോടെ ഉത്തര കേരളത്തിലെ ടൂറിസം മേഖലയുടെ വളർച്ചയിൽ വിസ്ഫോടനം തന്നെ സംഭവിക്കും.

മിക്ക വിദേശ ഇന്ത്യക്കാരും അവരുടെ വരുമാനത്തിന്‍റെ നല്ലൊരു പങ്ക് വലിയ വീടു വയ്ക്കുവാനാണ് ചെലവഴിച്ചിട്ടുള്ളത്. ഇവരിൽ ഭൂരിപക്ഷത്തിന്‍റെയും മക്കൾ കേരളത്തിനു പുറത്തു പഠിക്കുകയോ ജോലി ചെയ്യുകയോ ആണ്. അതായത് ഇവർ കെട്ടി ഉയർത്തിയ വീടുകളിൽ രണ്ടു കിടപ്പുമുറികളെങ്കിലും വെറുതെ കിടക്കുകയായിരിക്കും. ഈ കിടപ്പുമുറികളെ ഏറ്റവും മികച്ച ഹോം സ്റ്റേ’കളാക്കി മാറ്റാം. ഇതുവഴി മികച്ചവരുമാനവും നേടാം. പട്ടണങ്ങളിലും ചെറു നഗരങ്ങളിലും ഹോം സ്റ്റേകളും ഗ്രാമീണ മേഖലകളിൽ ഫാം സ്റ്റേയും രൂപപ്പെടുത്തുവാൻ നമുക്കു സാധിക്കും. ഇത് വിനോദ സഞ്ചാരികൾക്ക് ആവശ്യമായ താമസ സ്ഥലം ചെറിയ സമയംകൊണ്ടുതന്നെ ഒരുക്കുവാൻ സാധിക്കും.

മുഖ്യ ടൂറിസം മേഖലയോടു ബന്ധിപ്പിച്ചു വളർന്നുവരുന്ന മറ്റൊരു മേഖലയാണ് ഹെൽത്ത് ടൂറിസം. മലബാറിനു മികച്ച വരുമാനം നേടുവാൻ ഇതു സഹായിക്കും. ആയുർവേദ, അലോപ്പതി ചികിത്സകൾക്ക് വലിയ സാധ്യതകളാണ് മലബാറിലുള്ളത്. ഗൾഫ് രാജ്യങ്ങളുമായുള്ള യാത്രാബന്ധങ്ങളും അടുപ്പവും ഈ മേഖലയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാൻ സാധിക്കും.

വിദ്യാഭ്യാസമേഖല

ഐഐഎം-കെ, എൻഐടി- സി തുടങ്ങിയ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊണ്ട് അനുഗൃഹിതമാണ് മലബാർ. ഇതിനു പുറമേ നിരവധി പ്രഫഷണൽ കോളജുകളും മലബാറിന്‍റെ മണ്ണിലുണ്ട്. ശരിയായ മെന്‍ററിംഗും നിക്ഷേപ പിന്തുണയും നൽകിയാൽ ഈ മേഖലയിൽ മികച്ചതും ആരോഗ്യകരവുമായ സംരംഭക വളർച്ചയക്കുള്ള ജൈവവ്യവസ്ഥ വളർത്തിയെടുക്കുവാൻ സാധിക്കും. ഇതിനായി ഈ മേഖലയിലെ പ്രാദേശിക കച്ചവടക്കാരും വ്യവസായികളും വിദ്യാർത്ഥികളേയും യുവസംരംഭകരേയും പുന്തുണയ്ക്കണം. ഇത് എല്ലാവർക്കും നേട്ടം നൽകുന്ന ഒരു മാതൃക ഇവിടെ സൃഷ്ടിച്ചെടുക്കുവാൻ സഹായിക്കും.

ഇത് വിദ്യാർത്ഥികൾക്ക് പ്രാദേശിക വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും മികച്ച ഇന്‍റേണ്‍ഷിപ് അവസരങ്ങൾ നൽകും. വിദ്യാർത്ഥികൾ കൊണ്ടുവരുന്ന പുതിയ സാങ്കേതികവിദ്യ, മാനേജ്മെന്‍റ് സംവിധാനം തുടങ്ങിയവ പ്രാദേശിക വ്യവസായങ്ങൾക്കും ഗുണം ചെയ്യും. പുതു തലമുറ സംരംഭങ്ങളിൽ നിക്ഷേപത്തിനുള്ള അവസരവും ഇതു സൃഷ്ടിക്കും.

കോഴിക്കോട് വിമാനത്താവളം

കഴിഞ്ഞ 15 വർഷമായി കാലിക്കറ്റ് എയർപോർട്ടിൽ എന്തെങ്കിലും വികസനപ്രവർത്തനങ്ങൾ ഉണ്ടായിട്ട്. വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുകയെന്നതാണ് ഏറ്റവും വലിയ പ്രശ്നം. സ്വകാര്യ നിക്ഷേപകരുടെ സഹായത്തോടെ പുതിയ വിമാനത്താവളം നിർമിക്കാനുള്ള സാധ്യത ആരായുന്നതിനു സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത് വിമാനത്താവള പദ്ധതിയുടെ വേഗത്തിലുള്ള നടപ്പാക്കലിനു വഴി തെളിക്കും.
ഇതോടൊപ്പം പ്രധാനമന്ത്രിയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട്ട് കേരള സർക്കാരിന്,ആദിത്യ ബിർള ഗ്രൂപ്പ് മാനേജ്മെന്‍റിന്‍റെ സഹായത്തോടെ മാവൂരിൽ സ്മാർട് സിറ്റി പദ്ധതി നടപ്പാക്കാവുന്നതാണ്, ഇതെല്ലാം മലബാറിനെ വരും ദിനങ്ങളിൽ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നതിൽ സംശയമില്ല.

റോഷൻ കൈനടി

1962-ൽ ജനിച്ച റോഷൻ കൈനടി പതിനെട്ടാം വയസിൽ കുടുംബ ബിസിനസിൽ പ്രവേശിച്ചു. ഓട്ടോ മൊബൈൽ ഡീലർഷിപ്, ഹോം അപ്ലയൻസസ് ആൻഡ് ഇലക്ട്രോണിക്സ് ഗുഡ്സ് റീട്ടെയിലിംഗ്, ഓഫീസ് ഓട്ടോമേഷൻ പ്രോഡക്ട്സ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത ബിസിനസുകളിൽ 25 വർഷം ശക്തമായ സാന്നിധ്യം തെളിയിച്ച റോഷൻ തുടർന്ന് മുഴുസമയ കൃഷിക്കാരനാകുവാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ കർഷകനിൽനിന്നു കാർഷിക സംരംഭകനെന്ന പരിണാമത്തിലേക്കുള്ള പ്രവർത്തനങ്ങളിലാണ്. മറ്റു ചെറുകിട കർഷകരെ കാർഷിക സംരംഭകരാകുവാൻ സഹായിക്കുകയും ചെയ്തുപോരുന്നു.

യുവാക്കളിൽ സംരംഭകത്വം വളർത്തുന്ന സംഘടനയായ ടൈ കേരളയുമായി സജീവമായി പങ്കുചേർന്നു പ്രവർത്തിക്കുന്ന റോഷൻ2011-12 കാലയളവിൽ കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷൻ പ്രസിഡന്‍റായിരുന്നു.

മലബാറിന്‍റെ വികസനം ലക്ഷ്യമാക്കി 2015-ൽ രൂപീകരിച്ച ഗ്രേറ്റർ മലബാർ ഇനീഷ്യേറ്റീവിന്‍റെ പ്രഥമ ജനറൽ സെക്രട്ടറികൂടിയായ റോഷൻ വിവിധ ബിസിനസ് മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതിവരുന്നുണ്ട്. മികച്ച പ്രചോദന പ്രഭാഷകൻ കൂടിയാണ് റോഷൻ. ദീപയാണ് ഭാര്യ. മക്കൾ രണ്ടുപേർ. ആർക്കിടെക്റ്റായ മകളും ഓട്ടോമൊബൈൽ എൻജിനീ യറിംഗ് വിദ്യാർത്ഥിയായ മകനും.
Loading...