മ്യൂച്വൽ ഫണ്ട് വാക്കുകൾ
മ്യൂച്വൽ ഫണ്ടിനെക്കുറിച്ച് മനസിലാക്കാൻ അവയിൽ ഉപയോഗിക്കുന്ന ആശയങ്ങളും വാക്കുകളും അറിഞ്ഞിരിക്കുന്നത് ഏറ്റവും ആവശ്യമാണ്. അവശ്യം അറിഞ്ഞിരിക്കേണ്ട ഇത്തരം വാക്കുകളാണ് ചുവടെ നൽകുന്നത്.

1. നെറ്റ് അസറ്റ് വാല്യു (എൻഎവി): ഏതെങ്കിലും മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ആസ്തിയുടെ അറ്റ വിപണി മൂല്യത്തെയാണ് എൻഎവി എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. ആസ്തിയുടെ മൂല്യത്തിൽ വരുന്ന മാറ്റമനുസരിച്ച് എൻഎവിയിലും മാറ്റം വരുന്നു. മ്യൂച്വൽ ഫണ്ടുകളിൽ എൻഎവി എല്ലാ ദിവസവും നിശ്ചയിക്കുന്നു.
ഒരു യൂണിറ്റിന്‍റെ എൻഎവി= ഫണ്ടിന്‍റെ ആസ്തി- ഫണ്ടിന്‍റെ ബാധ്യത/ യൂണിറ്റുകളുടെ എണ്ണം
ഉദാഹരണത്തിന് ഒരു ഫണ്ടിന്‍റെ ആസ്തിയുടെ മൂല്യം 125 ലക്ഷം രൂപയാണെന്നു കരുതുക. ഫണ്ട് പത്തു രൂപയുടെ 10 ലക്ഷം യൂണിറ്റാണ് പുറത്തു നൽകിയിരിക്കുന്നത്. അപ്പോൾ ഒരു യൂണിറ്റിന്‍റെ എൻഎവിഎന്നത് 12.5 രൂപയാണ് ( 125 ലക്ഷം രൂപയെ യൂണിറ്റുകളുടെ എണ്ണമായ 10 ലക്ഷം കൊണ്ടു ഹരിക്കുന്പോൾ കിട്ടുന്നതാണ് എൻഎവി).

2. അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്: നിക്ഷേപകന്‍റെ ഉടമസ്ഥതയിലുള്ള യൂണിറ്റുകൾ സൂചിപ്പിക്കുന്ന സ്റ്റേറ്റ്മെന്‍റാണിത്. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് പോലെയെന്നു പറയാം.

3. പർച്ചേസ് പ്രൈസ്: ഓഫർ പ്രൈസ് എന്നും അറിയപ്പെടുന്നു. ഏതെങ്കിലും മ്യൂച്വൽ ഫണ്ട് പദ്ധതിയുടെ യൂണിറ്റുകൾ വാങ്ങുന്നതിന് നിക്ഷേപകൻ നൽകുന്ന തുക.

4. റീപർച്ചേസ് പ്രൈസ്: ക്ലോസ്ഡ് എൻഡഡ് പദ്ധതിയുടെ യൂണിറ്റുകൾ മ്യൂച്വൽ ഫണ്ടുകൾ തിരികെ വാങ്ങുന്പോൾ നിക്ഷേപകനു ലഭിക്കുന്ന വില.
5. റിഡംപ്ഷൻ പ്രൈസ്: ഓപ്പണ്‍ എൻഡഡ് പദ്ധതിയിലെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ തിരികെ വാങ്ങുന്പോൾ നിക്ഷേപകനു ലഭിക്കുന്ന വില. എൻഎവിയുമായി ബന്ധപ്പെടുത്തിയായിരിക്കും ഈ വില നൽകുന്നത്. എൻഎവിയേക്കാൾ സാധാരണ കുറവായിരിക്കും റിഡംപ്ഷൻ പ്രൈസ്.

6. വാർഷിക റിട്ടേണ്‍: ഒരു വർഷക്കാലയളവിൽ നെറ്റ് അസറ്റ് വാല്യുവിലുണ്ടാകുന്ന വ്യത്യാസം.

7. കോന്പൗഡ് ആന്വൽ ഗ്രോത്ത് റേറ്റ്
( സിഎജിആർ): നിശ്ചിത കാലയളവിലെ റിട്ടേണിനെ ( ഒരു വർഷത്തിൽ കൂടുതലോ കുറവോ ആകാം) വാർഷികാടിസ്ഥാനത്തിലാക്കി നിശ്ചിയിക്കുന്നത്. നിക്ഷേപം എല്ലായ്പ്പോഴും ഒരേ നിരക്കിലല്ല വളരുന്നത്.
ഉദാഹരണത്തിന്, 5000 രൂപയുടെ നിക്ഷേപം ഏഴു വർഷംകൊണ്ട് 9000 രൂപയായി വളർന്നുവെന്നു കരുതുക. അതായത് 5000 രൂപ 80 ശതമാനം വളർച്ച നേടി. എന്നാൽ വാർഷികാടിസ്ഥാനത്തിലുള്ള വളർച്ച 8.75 ശതമാനമേയുള്ളു.

8. ഫണ്ട് മാനേജ്മെന്‍റ് കോസ്റ്റ്: അസറ്റ് മാനേജ്മെന്‍റ് കന്പനികൾ ഫണ്ട് മാനേജ് ചെയ്യുന്നതിനായി ഈടാക്കുന്ന ചാർജ്.്

9. എക്സിറ്റ് ലോഡ്: നിക്ഷേപം നിക്ഷേപകർ വിറ്റൊഴിയുന്പോൾ ഈടാക്കുന്ന ചാർജ്. ചില പദ്ധതികളിൽ നിശ്ചിത കാലാവധിക്കുശേഷം നിക്ഷേപം പിൻവലിച്ചാൽ എക്സിറ്റ് ലോഡ് ഇല്ല.

10. ലോക്ക് ഇൻ പീരിയഡ്: നിക്ഷേപം നടത്തിയശേഷം ഇത്ര കാലയളവിനു ശേഷമേ യൂണിറ്റ് വിൽക്കാൻ കഴിയുകയുള്ളു. ഈ കാലയളവാണ് ലോക്ക് ഇൻ പീരിയഡ്.

11. എൻഎഫ്ഒ: ന്യൂ ഫണ്ട് ഓഫർ എന്നതിന്‍റെ ചുരുക്കപ്പേര്. അസറ്റ് മാനേജ്മെന്‍റ് കന്പനികൾ പുതിയതായി നിക്ഷേപകർക്കു മുന്നിൽ നിക്ഷേപത്തിനായി അവതരിപ്പിക്കുന്ന ഫണ്ടുകളാണ് എൻഎഫ്ഒ.
>


12. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ: റെക്കറിംഗ് ഡെപ്പോസിറ്റിന്‍റെ ആശയമാണ് ഇതിന്‍റെ പിന്നിലുള്ളത്. നിശ്ചിതകാലയളവുകളിൽ നിശ്ചിത തുക നിക്ഷേപം നടത്തുന്ന രീതിയാണ്. ഉദാഹരണത്തിന് എല്ലാ മാസവും ഒന്നാം തീയതി 1000 രൂപ വീതം നിക്ഷേപം നടത്തുന്നു.

13. സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ ( എസ്ഡബ്ള്യുപി): എസ്ഐപിയുടെ നേർ വിപരീതമാണിത്. നിശ്ചിത കാലയളവുകളിൽ നിശ്ചിത മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ക്രമമായി പണമാക്കി മാറ്റുന്ന സംവിധാനമാണിത്.

14. സിസ്റ്റമാറ്റിക് ‌ട്രാൻസ്ഫർ പ്ലാൻ (എസ്ടിപി): ഒരു പ്രത്യേക പദ്ധതിയിൽനിന്നു നിശ്ചിത കാലയളവുകളിൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള തുക മറ്റൊരു പദ്ധതിയിലേക്കു മാറ്റുന്നത്.

15 റുപ്പീ കോസ്റ്റ് ആവറേജിംഗ്: എസ്ഐപി നിക്ഷേപത്തിൽ സ്വാഭാവികമായുണ്ടാകുന്ന ഫലമാണിത്. വിപണിയിലെ ഉയർച്ചയുടേയും താഴ്ചയുടേയും പ്രത്യാഘാതത്തെ ദീർഘകാലത്തിൽ ആവറേജിംഗിലൂടെ ഇല്ലാതാക്കുന്നു. ദീർഘകാലത്തിൽ നിക്ഷേപകർക്ക് മാക്സിമം റിട്ടേണ്‍ ലഭിക്കുവാൻ സഹായിക്കുന്നു.

16. യീൽഡ്: പന്ത്രണ്ടു മാസക്കാലത്ത് ഒരു നിക്ഷേപത്തിൽനിന്നു ലഭിക്കുന്ന വരുമാനത്തെ പൊതുവേ യീൽഡ് എന്നു പറയുന്നു.

17. അസറ്റ്: വ്യാപാരം ചെയ്യാൻ സാധിക്കുന്ന മൂല്യമുള്ള വസ്തുക്കളെയാണ് പൊതുവേ ആസ്തിയെന്നു പറയുന്നത്. ഉദാഹരണത്തിന് ഓഹരി, ബോണ്ട്, ബാങ്ക് ഡെപ്പോസിറ്റ്, ഭൂമി, സ്വർണാഭരണം തുടങ്ങിയവയെല്ലാം ആസ്തികളാണ്. വ്യക്തികളും സ്ഥാപനങ്ങളും ഈ ആസ്തികൾ വാങ്ങി സൂക്ഷിക്കുന്നു. ആവശ്യം വരുന്പോൾ വിൽക്കുന്നു.

18. അസറ്റ് അലോക്കേഷൻ: ഓഹരി, ബോണ്ട്, മറ്റ് ഹൃസ്വകാല നിക്ഷേപം, സ്വർണം തുടങ്ങിയ വിവിധ ആസ്തികളിൽ കൈവശമുള്ള പണം നിക്ഷേപിച്ചു വിഭിജിച്ചു നൽകുന്നതിനെ അസറ്റ് അലോക്കേഷൻ എന്നു പറയുന്നു. ധനകാര്യ ആസൂത്രണ രംഗത്തു പ്രവർത്തിക്കുന്നവർ കൂടെക്കൂടെ പറയുന്ന ഒരു വാക്കാണ് അസറ്റ് അലോക്കേഷൻ.

19. അസറ്റ് മാനേജ്മെന്‍റ് കന്പനി: എഎംസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നു. മ്യൂച്വൽ ഫണ്ടുകളുടെ ഇൻവെസ്റ്റ്മെന്‍റ് മാനേജരാണ് അസറ്റ് മാനേജ്മെന്‍റ് കന്പനി. മ്യൂച്വൽ ഫണ്ട് പദ്ധതിയുടെ നിക്ഷേപ ലക്ഷ്യങ്ങൾക്കനുസൃതമായി നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നത് എഎംസിയാണ്.

20. പവർ ഓഫ് കോന്പൗണ്ടിംഗ് : ഈയത്തെ സ്വർണമാക്കി മാറ്റുവാനുള്ള അത്ഭുതകല്ല് എന്നാണ് കോന്പൗണ്ടിംഗിനെ ബഞ്ചമിൻ ഫ്രാങ്ക്ളിൻ വിശേഷിപ്പിച്ചത്. തുടക്കത്തിലെ നിക്ഷേപത്തോട് അതിന്‍റെ പലിശ കൂട്ടിച്ചേർക്കുകയും അതിനും പലിശലഭിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയതുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ദീർഘകാലത്തിൽ നിക്ഷേപത്തുക പതിന്മടങ്ങായി വളരുന്നു. ഇതൊരു ദീർഘകാല നിക്ഷേപ തന്ത്രമാണ്.
മ്യൂച്വൽ ഫണ്ട് യൂണിറ്റുകളിലും ദീർഘകാലത്തിൽ ഇതാണു സംഭവിക്കുന്നത്. യൂണിറ്റുകളിൽനിന്നു ലഭിക്കുന്ന വരുമാനം അവിടത്തന്നെ പുനർനിക്ഷേപം നടത്തിപ്പോകുന്നു. ഇതുവഴി ദീർഘകാലത്തിൽ യൂണിറ്റുകൾ മികച്ച വളർച്ച നേടുന്നു.
...