ഓഖി ദുരിതാശ്വാസനിധിയിലേക്കു ജോയ് അലൂക്കാസ് ഗ്രൂപ്പ് രണ്ടുകോടി രൂപ സംഭാവന നൽകി
തിരുവനന്തപുരം: കേരളത്തിന്‍റെ തെക്കുപടിഞ്ഞാറൻ തീരമേഖലയിൽ വിനാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്‍റെ തീവൃതയിൽ കഷ്ടനഷ്ടങ്ങൾ സംഭവിച്ച സഹജീവികൾക്കായി ജോയ് അലൂക്കാസിന്‍റെ സംഭാവന. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും, ഒരു കോടി തിരുവനന്തപുരം ആർച്ച് ബിഷപ്പിന്‍റെ ക്ഷേമനിധിയിലേക്കുമാണ് ഇപ്പോൾ സംഭാവന നല്കിയിട്ടുള്ളത്. ചെയർമാൻ ജോയ് അലൂക്കാസിന്‍റെ നിർദേശാനുസരണം തീരമേഖലയിൽ സന്ദർശനം നടത്തിയ ജോയ് ആലൂക്കാസ് ഫൗണ്ടേഷന്‍റെ പ്രതിനിധികൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണു ഈ നടപടി. ഈ മേഖലയിൽ ഫൗണ്ടേഷൻ തുടർന്നും വേണ്ടിവന്നാൽ സഹായം ചെയ്യാനാണ് തീരുമാനം.

ജോയ് അലൂക്കാസ് ഗ്രൂപ്പിന്‍റെ ജീവകാരുണ്യ വിഭാഗമാണ് ജോയ് അലൂക്കാസ് ഫൗണ്ടേഷൻ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കാസർഗോഡ് എൻഡോസൾഫാൻ ബാധിതരായ 36 കുടുംബങ്ങൾക്കു ഫൗണ്ടേഷൻ വീടുവെച്ച് നല്കുന്നുണ്ട്. ആരോഗ്യപരിപാലന മേഖലയിലാണു ഫൗണ്ടേഷൻ കൂടുതൽ ശ്രദ്ധിക്കുന്നത്. വിവിധ ജില്ലകളിൽ നടത്തിവരുന്ന മെഗാ മെഡിക്കൽ ക്യാന്പുകൾ ആയിരങ്ങൾക്കു ആശ്വാസം പകരുന്നു. ആയിരത്തിൽ അധികംപേർക്കു മാസംതോറും ഫൗണ്ടേഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുന്നു. ഒട്ടേറെ വൃദ്ധസദനങ്ങൾക്കും സ്പെഷൽ സ്കൂളുകൾക്കും ദരിദ്ര കുടുംബങ്ങൾക്കും ഫൗണ്ടേഷന്‍റെ സാന്പത്തിക സഹായങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നു. ചെന്നൈയിൽ 2015-ലെ പ്രളയ സമയത്ത് തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ജോയ് അലൂക്കാസ് ഗ്രൂപ്പ് മൂന്നു കോടി രൂപ സംഭാവന നൽകിയിരുന്നു.