ആദായനികുതി വകുപ്പിൽനിന്നു കംപ്ലയൻസ് നോട്ടീസ് ലഭിച്ചാൽ
നികുതി വിധേയമായ വരുമാനമുള്ള എല്ലാവർക്കും ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ ബാധ്യതയുണ്ട്. നികുതിക്കു വിധേയമായ വരുമാനമില്ലെങ്കിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യണമെന്നില്ല. എങ്കിലും നിങ്ങൾ എന്തുകൊണ്ട് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്തില്ല എന്നു ചോദിച്ചുകൊണ്ടു നോട്ടീസ് ലഭിച്ചെന്നു വരാം. അങ്ങനെ നോട്ടീസ് ലഭിക്കുന്നതിനുള്ള കാരണങ്ങളും അതു കിട്ടിയാൽ അനുവർത്തിക്കേണ്ട കാര്യങ്ങളുമാണ് ചുവടെ പരിശോധിക്കുന്നത്.

ആദായനികുതി വകുപ്പിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരാൾക്കു നികുതി വിധേയ വരുമാനമുണ്ടോ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് ഈ നോട്ടീസുകൾ അയയ്ക്കുന്നത്. ആദായനികുതി ഡിപ്പാർട്ട്മെന്‍റ് നികുതിദായകരുടെ വിവരങ്ങൾ പല സ്ഥലങ്ങളിൽനിന്നും പല വിധത്തിൽ ശേഖരിക്കുന്നുണ്ട്. അങ്ങനെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയയ്ക്കുന്നത്. നോട്ടീസിന് ഓണ്‍ലൈനായിത്തന്നെ മറുപടി അയയ്ക്കാവുന്നതാണ്.
ആദായനികുതിയുടെ വെബ്സൈറ്റിൽ നികുതിദായകൻ അയാളുടെ അക്കൗണ്ട് എടുത്തിട്ട് അതിൽ കംപ്ലയൻസ് ടാബിൽ ക്ലിക്ക് ചെയ്താൽ ഉത്തരം പറയേണ്ട ചോദ്യങ്ങൾ പ്രത്യക്ഷപ്പെടും. ചോദ്യങ്ങൾ വളരെ ലളിതമാണ്. ഉത്തരങ്ങൾ സൈറ്റിൽതന്നെ റിക്കാർഡ് ചെയ്തിട്ടുമുണ്ട്. അവയിൽ ശരിയായിട്ടുള്ളത് മാർക്ക് ചെയ്താൽ മതി.

ഉദാഹരണത്തിന്, ആദായനികുതി റിട്ടേണുകൾ എന്തുകൊണ്ട് ഫയൽ ചെയ്തിട്ടില്ല എന്ന ചോദ്യമെടുക്കുക. ഇതിന് നാല് ഉത്തരങ്ങൾ നല്കിയിട്ടുണ്ട്.

1) റിട്ടേണ്‍ തയാറാക്കിക്കൊണ്ടിരിക്കുന്നു.
2) ബിസിനസ് അവസാനിപ്പിച്ചു.
3) നികുതി അടയ്ക്കേണ്ട വരുമാനം ഇല്ല.
4) ഇവയൊന്നുമല്ലെങ്കിൽ മറ്റു കാരണങ്ങൾ
(ഇവിടെ വേറേ കാരണങ്ങൾ സൂചിപ്പിക്കാം).

റിട്ടേണ്‍ സമർപ്പിച്ച നികുതിദായകനാണെങ്കിൽ ആ വിവരം സൂചിപ്പിക്കുക. റിട്ടേണ്‍ സമർപ്പിച്ച മാർഗവും തീയതിയും അക്നോളജ്മെന്‍റ് നന്പരും സമർപ്പിച്ച സ്ഥലവും പറഞ്ഞുകഴിഞ്ഞാൽ ആ കോളം തീരും.

മറ്റൊരു ഉദാഹരണമെടുക്കാം. മൂന്നാമത്തെ ചോദ്യത്തിനു മൂന്ന് ഓപ്ഷനുകളാണുള്ളത്. ലഭിച്ച വിവരങ്ങൾ നിങ്ങളുടേതാണെങ്കിൽ അക്കാര്യവും അല്ലെങ്കിൽ ആ വിവരവും ആരുടേതാണെന്ന് അറിയില്ലെങ്കിൽ ആ വിവരവും അറിയിക്കാനാണ് ഓപ്ഷനുകൾ.

ചോദ്യങ്ങൾക്ക് വ്യക്തത ഇല്ലെങ്കിൽ ആ വിവരം സൂചിപ്പിക്കാവുന്നതാണ്. ഇതിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമായി നല്കുന്നതിന് ആവശ്യപ്പെടുകയും ചെയ്യാം.
നിക്ഷേപങ്ങളുടെയും മറ്റും ഉറവിടം അന്വേഷിച്ചിട്ട് നികുതിക്ക് വിധേയമായ വരുമാനം ഉണ്ടായിട്ടുണ്ടോ എന്നു നിശ്ചയിക്കുന്നതിനാണ് ഈ നോട്ടീസിലെ ചോദ്യങ്ങൾ. വിവിധ ഇനത്തിലുള്ള ഉത്തരങ്ങൾ ചോദ്യത്തോടൊപ്പം നല്കിയിട്ടുണ്ട്. അവയിൽ യോജിച്ച ഉത്തരം നിങ്ങൾ തെരഞ്ഞെടുക്കുകയേ വേണ്ടൂ.

ആദായനികുതിവകുപ്പിന് ഈ വിവരങ്ങൾ എങ്ങനെയാണ് ലഭ്യമാകുന്നത്

പാൻ അടിസ്ഥാനമാക്കി എല്ലാവരും ചെയ്യുന്ന എല്ലാ ഇടപാടുകളുടേയും വിവരങ്ങൾ പല മാർഗങ്ങളിൽനിന്നും ആദായനികുതി വകുപ്പിനു ലഭിക്കുന്നുണ്ട്. ഇങ്ങനെ പല സ്ഥലങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ സിപിസി സിഎംമ്മിൽ(സെൻട്രലൈസ്ഡ് പ്രോസസിംഗ് സെൽ കംപ്ലയൻസ് മാനേജ്മെന്‍റ്) പ്രോസസ് ചെയ്യുന്നു.

നടത്തപ്പെടുന്ന ഇടപാടുകളുടെ റിട്ടേണുകൾ യഥാസമയം പല ഡിപ്പാർട്ട്മെന്‍റുകളും നല്കേണ്ടതുണ്ട്. നല്കാൻ കാലതാമസം നേരിട്ടാൽ വകുപ്പു മേധാവി അതിനു കനത്ത പിഴ നല്കേണ്ടി വരും. മുൻകാലങ്ങളിൽ ഈ റിട്ടേണുകൾ വാർഷിക ഇൻഫർമേഷൻ റിട്ടേണുകൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ അവ സാന്പത്തിക ഇടപാടുകളുടെ വിവരങ്ങൾ എന്ന പേരിൽതന്നെയാണ് അറിയപ്പെടുന്നത്.


പത്തു ലക്ഷം രൂപയിൽ കൂടുതലായി ഒരു നികുതിദായകൻ പണമായി നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും നിധികന്പനികളും നോണ്‍ ബാങ്കിംഗ് ഫിനാൻസ് കന്പനികളും ആ വിവരങ്ങൾ ആദായ നികുതി ഡിപ്പാർട്ട്മെന്‍റിലേക്കുള്ള റിട്ടേണിൽ വ്യക്തമാക്കിയിരിക്കണം. സ്ഥാപനമേധാവിയാണ് ഇതു ചെയ്യേണ്ടത്.

അതുപോലെതന്നെ ഒരു ലക്ഷം രൂപയിൽ കൂടുതലായി കാഷ് നല്കി ക്രെഡിറ്റ് കാർഡ് ബില്ലുകൾ സെറ്റിൽ ചെയ്യുന്പോഴും ഒരു വർഷത്തിൽ പത്തു ലക്ഷം രൂപയിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ വഴി ചെലവാക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ പ്രസ്തുത വിവരങ്ങൾ യഥാസമയം നികുതി ഉദ്യോഗസ്ഥരുടെ പക്കൽ ലഭിക്കും.

കന്പനികളിൽനിന്നു പത്തു ലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്കുള്ള ബോണ്ടുകൾ /ഡിബഞ്ചറുകൾ എന്നിവ വാങ്ങുന്ന ഇടപാടുകളും മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റുകൾ വാങ്ങുന്നതും നികുതി ഉദ്യോഗസ്ഥരുടെ പക്കൽ എത്തും. പത്തു ലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്ക് ഫോറിൻ കറൻസി ഇടപാടു നടത്തുന്നതും 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി കച്ചവടം നടത്തിയാലും ഉദ്യോഗസ്ഥരുടെ പക്കൽ വിവരങ്ങൾ ലഭിക്കുകയും അതുപയോഗിച്ച് നിങ്ങൾക്ക് നോട്ടീസ് അയയ്ക്കുകയുമാണ് പതിവ്.

സെൻട്രൽ ഇൻഫർമേഷൻ ബ്രാഞ്ച്

പല നോട്ടീസുകളിലും സിഐബി 94, സിഐബി 151 മുതലായ നന്പറുകൾ കാണാം. ധനകാര്യവകുപ്പിലെ ഈ ബ്രാഞ്ചുകളാണ് പാൻ അധിഷ്ഠിതമായ എല്ലാ വസ്തുക്കളുടെയും ഇടപാടുകൾ പ്രോസസ് ചെയ്യുന്നത്. വാഹനകച്ചവടങ്ങളും ഭൂമി ഇടപാടുകളും ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ടൈം ഡെപ്പോസിറ്റുകളും 50,000 രൂപയ്ക്കു മുകളിൽ കാഷ് അടച്ച് ബാങ്കിൽനിന്നു ഡ്രാഫ്റ്റ് വാങ്ങിയാൽ അവയും ഒരു ലക്ഷം രൂപയിൽ കൂടുതലായി ഹോട്ടൽ ബില്ലുകൾ ഒറ്റത്തവണ തീർപ്പാക്കിയാൽ അവയും അതുപോലെ മറ്റു പല വിവരങ്ങളും ഈ സെല്ലിലേക്കാണ് ലഭിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് നികുതിദായകന് നോട്ടീസുകൾ ലഭിക്കുന്നത്.

ടിഡിഎസ് റിട്ടേണുകൾ

ടിഡിഎസ് 94 എ: ടിഡിഎസ് റിട്ടേണ്‍ പലിശയിൽനിന്നു സ്രോതസിൽ നികുതി പിടിച്ചിട്ടുണ്ട് എന്ന വിവരം, പക്ഷേ പലിശയിൽനിന്നു വരുമാനമുണ്ടായിട്ടും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തിട്ടില്ല എന്ന വിവരം മനസിലാക്കി അയയ്ക്കുന്ന നോട്ടീസുകളിലെ നന്പർ ആണ് ഇവ.
ടിഡിഎസ് 92 ബി: ശന്പളത്തിൽനിന്നു സ്രോതസിൽ നികുതി പിടിച്ചിട്ടുണ്ട് എന്ന വിവരം. ശന്പളവരുമാനം ഉണ്ടായിട്ടും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തിട്ടില്ല എന്ന വിവരം മനസിലാക്കി അയയ്ക്കുന്ന നോട്ടീസുകളിൽ സൂചിപ്പിക്കുന്ന നന്പർ.

എസ്ഐടി 01: സ്റ്റോക്ക് എക്സ്ചേഞ്ചുകൾ മുഖാന്തരം ഓഹരികൾ വാങ്ങിയാൽ ലഭിക്കുന്ന നോട്ടീസിലെ നന്പരാണിത്.

എസ്ഐടി 02: ഓഹരികൾ വിറ്റാൽ ലഭിക്കുന്ന നോട്ടീസിലെ നന്പറാണിത്.

ബേബി ജോസഫ്
ചാർട്ടേഡ് അക്കൗണ്ടന്‍റ്