എങ്ങനെ സൂക്ഷിച്ച് മുന്നോട്ട് നീങ്ങാം?
ഓഹരി വിപണി ഇറങ്ങുകയാണല്ലോ. ഒട്ടും അനുകൂലമല്ലാത്ത ബജറ്റായിരുന്നല്ലോ. കന്പനി നികുതി കുറച്ചില്ല. ആദായനികുതിയുടെ പരിധി ഉയർത്തിയില്ല. ധനകമ്മി കൂടാനുള്ള സാധ്യത തെളിയുന്നു. സർക്കാർ ചെലവുകൾ കൂടാനും. വ്യാപാര കമ്മി വർധിച്ചിരിക്കുകയാണ്. ഇറക്കുമതിചെയ്യുന്ന എണ്ണയുടെ വില കൂടിക്കൊണ്ടുവരികയാണ്. ഇടത്തരം വ്യാപാരികൾക്ക് അനുകൂലമായ ഒന്നും ബജറ്റിലുണ്ടായിരുന്നില്ല. ബാങ്കുകൾ പലിശനിരക്ക് കൂട്ടാൻ തുടങ്ങിക്കഴിഞ്ഞു. എസ്ബിഐ നിക്ഷേപ പലിശ കൂട്ടിക്കഴിഞ്ഞു. ഇന്ധനവില കൂടിക്കൊണ്ടേയിരിക്കുകയാണല്ലോ. ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നികുതി നൽകേണ്ടിവന്നിരിക്കുന്നു. വിദേശ ഓഹരി നിക്ഷേപകരെ ഇന്ത്യയിൽ നിന്നകറ്റാൻ ഇതു വഴിതെളിക്കും. അങ്ങനെ ഓഹരി വിപണി തകരുകയാണ്.

കാത്തിരിക്കുക

ഇതുകൊണ്ടൊക്കെത്തന്നെ ഓഹരിവിപണി അടുത്ത ഒരു വർഷത്തേക്കെങ്കിലും ശുഭകരമല്ല. ഇതുവരെ നിക്ഷേപിക്കാത്തവർ കാത്തിരിക്കുക. അടുത്തവർഷം തെരഞ്ഞെടുപ്പു നടക്കുകയാണ്. പല സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് ഈ വർഷം നടക്കേണ്ടതുണ്ട്. വിപണി പത്തു ശതമാനത്തോളം ഇടിഞ്ഞുകഴിഞ്ഞു. ബി.ജെ.പി അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയില്ലെങ്കിൽ ഒരു ബെയർ മാർക്കറ്റിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ആഗോളതലത്തിൽ തന്നെ ഒരു തിരുത്തൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ സാന്പത്തിക കാര്യങ്ങൾ അത്ര ശോഭനമല്ല എന്നു സൂചിപ്പിച്ചല്ലോ. ചുരുക്കത്തിൽ ഒന്നൊന്നര വർഷത്തേക്ക് ഓഹരി വിപണി പ്രവചനാതീതമാണ്. അതുകൊണ്ട് സൂക്ഷിച്ചു മുന്നേറുക. അടുത്തകാലത്ത് ഏറ്റവും കൂടിയ ഏറ്റവും ഹോട്ട് ഓഹരികൾ ഒഴിവാക്കുക. ബിസിനസ് വളർച്ചയും സാന്പത്തിക അടിത്തറയും പ്രകടന മികവുമുള്ള സ്ഥാപനങ്ങളുടെ ഓഹരികൾ തെരഞ്ഞെടുത്തു നിക്ഷേപിക്കാം. അതും നാലഞ്ച് വർഷത്തേക്ക്. ഹൃസ്വകാല നിക്ഷേപത്തിന് ഈ വിപണി യോജിച്ചതല്ല.

ലിവറേജ് ട്രേഡിംഗ് വേണ്ടേവേണ്ട

പണം കടമെടുത്ത് ഓഹരിവിപണിയിൽ നിക്ഷേപിക്കാനുള്ള അവസരമല്ലിത്. അമിത നിക്ഷേപവും വേണ്ട. നല്ലപോലെ താഴെവരുന്പോൾ കൊള്ളാവുന്ന ഓഹരികൾ കുറേശെയായി വാങ്ങാം.

ബെയർ മാർക്കറ്റ് തിരിച്ചെത്തിയാൽ 36000 ത്തിൽ നിന്ന് 18000ത്തിലേക്ക് തിരിച്ചുപോയേക്കാം. മോദിയുടെ വിജയത്തിനുശേഷം ഓഹരിവിപണി 18000 ത്തിൽ നിന്ന് 36000ത്തിലേക്ക് കുതിക്കുകയായിരുന്നല്ലോ. ഈ അസ്ഥിര ഘട്ടത്തിൽ നിക്ഷേപത്തിന് യോജിച്ച കുറച്ച് ഓഹരികൾ ചുവടെ നൽകുന്നു:

1. ഇൻഫോസിസ് (ലാഭം 13818 കോടി)
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കന്പനി. കഴിഞ്ഞ 20 വർഷമായി തുടർച്ചയായി ലാഭമുണ്ടാക്കുന്ന ഏറ്റവും നല്ല കന്പനി. രണ്ടു ലക്ഷത്തോളം ജീവനക്കാരുള്ള ഇൻഫോസിസ് നല്ല മാനേജ്മെന്‍റുള്ള, ഭാവി സാധ്യതകളുള്ള കന്പനിയാണ്. താഴുന്പോൾ ദീർഘകാലത്തേക്ക് ചെറിയ തോതിൽ നിക്ഷേപിക്കാം.
2. റിലയൻസ് (ലാഭം 31,425 കോടി)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന കന്പനി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഏറ്റവുമധികം എക്സൈസും കസ്റ്റംസ് ഡ്യൂട്ടിയും ഇൻകംടാക്സും അടക്കുന്ന വന്പൻ കന്പനി. ഉൗർജോത്പാദനത്തിൽ ലോകത്തിലെ ഒരു മുൻനിര കന്പനിയാണ്. 110 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. 2,50,000 ജീവനക്കാരുള്ള വൻ കോർപറേഷൻ.
3. ടി.സി.എസ് (ലാഭം 23,653 കോടി)
ഭാരതത്തിലെ ഏറ്റവും വലിയ ഐ.ടി കന്പനി. ലാഭവും പ്രവർത്തന മികവും നിലനിർത്തുന്ന നാലുലക്ഷത്തോളം ജീവനക്കാരുള്ള, ടാറ്റ ഗ്രൂപ്പിന്‍റെ കീഴിലുള്ള ഐ.ടി ഭീമൻ. നല്ല മാനേജ്മെന്‍റും ഭാവി സാധ്യതകളും ഉണ്ട്.
4. അരബിന്തോ ഫാർമസ്യൂട്ടിക്കൽസ്
ഒരു പ്രസിദ്ധ ഫാർമസ്യൂട്ടിക്കൽ കന്പനിയാണ്. കഴിഞ്ഞ 20 വർഷമായി ലാഭമുണ്ടാക്കുന്ന ഒരു പബ്ലിക് ലിമിറ്റഡ് സ്ഥാപനം. 150 രാജ്യങ്ങളിൽ കന്പനിയുടെ മരുന്നു ഉത്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇപ്പോൾ പല കാരണങ്ങൾകൊണ്ടും ഓഹരിയുടെ വില കുറച്ചുതാണിരിക്കുകയാണ്. നിക്ഷേപാവസരം തരുന്നു. താഴുന്പോൾ വാങ്ങുക.

5. ഒഎൻജിസി
ഇന്ത്യയിൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം എന്നിവയുടെ ഏറ്റവും വലിയ ഉത്പാദകരാണ്. ഭാരതത്തിലെ ഏറ്റവും മൂല്യമേറിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ്. എണ്ണയുടെ ആഗോള വില കൂടുന്പോൾ ഒഎൻജിസിയുടെ വിലയും കൂടാനിടയുണ്ട്.
6. ടാറ്റാ ഗ്ലോബൽ ബിവറേജസ്
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ തേയില വ്യാപാരികളാണ്. കാപ്പിയിലും കുടിവെള്ളത്തിലും ഇപ്പോൾ കന്പനി ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി പ്രതികൂല കാലാവസ്ഥകൊണ്ട് കാപ്പിയുടെ ഉത്പാദനം കുറവാണ്. ഈ അവസ്ഥ മാറാം. വിയറ്റ്നാമിലെ കാപ്പിതോട്ടങ്ങളിൽ നിന്നുളള കാപ്പി സ്ഥിതി മാറ്റിമറിക്കാം. കന്പനിയുടെ നഷ്ടമേഖലകളെ വെട്ടിക്കുറച്ചതും ഗുണം ചെയ്യും. ഉയർന്നുവരാൻ സാധ്യതയുണ്ട്.
7. ഇന്ത്യാ സിമന്‍റ്
ശങ്കർ, സൂപ്പർ പവർ, കോറമാൻഡൽ കിംഗ്, റാസി ഗോൾഡ് എന്നീ ബ്രാൻഡുകളിൽ സിമന്‍റ് വിപണിയിലെത്തിക്കുന്നു. ഇൻഫ്രാസ്ട്രക്ചർ മേഖലയെ ത്വരിതപ്പെടുത്താനുള്ള സർക്കാരിന്‍റെ നീക്കങ്ങൾ കന്പനിക്ക് ഗുണം ചെയ്യും.
8. ആക്സിസ് ബാങ്ക് ലിമിറ്റഡ്
രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ മൂന്നാംസ്ഥാനം. 3304 ആഭ്യന്തര ശാഖകളും ഒന്പത് അന്താരാഷ്ട്ര ഓഫീസുകളും 14,163 എടിഎമ്മുകളുമുണ്ട്. വരുമാനത്തിൽ വൻ വർധനയാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വില താഴുന്പോൾ വാങ്ങാം.
9. സണ്‍ ഫാർമ
ഇന്ത്യയിലെ മുൻനിര മരുന്നു നിർമാതാവാണ്. അന്പതോളം രാജ്യങ്ങളിൽ സാന്നിധ്യം. കഴിഞ്ഞ 20 വർഷമായി തുടർച്ചയായി ആദായം ഉണ്ടാക്കുന്നു. അമേരിക്കയിലെ ചില നിയമങ്ങൾ തിരിച്ചടിയായതുകൊണ്ട് ഓഹരി വില താണിരിക്കുന്നു. ദീർഘകാലത്തേക്ക് വാങ്ങാം.
10. എൽ ആൻഡ് ടി
രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ മേഖല കന്പനി. ഈ മേഖലയിലെ നിക്ഷേപം സർക്കാർ വർധിപ്പിച്ചിരിക്കുകയാണല്ലോ. പ്രതിരോധ മേഖലയിലെ കരാറുകൾ ലഭിക്കാൻ തുടങ്ങിയിരിക്കുന്നതും കന്പനിക്കു ഗുണകരമാകും.

അതുപോലെ തന്നെ കേരളത്തിലെ വി-ഗാർഡും ഫെഡറൽ ബാങ്കുമൊക്കെ നല്ല ഓഹരികളായി കാണുന്നവരുണ്ട്. പൊതുമേഖലാ ബാങ്കുകൾ പ്രശ്നങ്ങൾ നേരിടുന്നതുകൊണ്ട് ഒഴിവാക്കാം. ഐടി മേഖലയിലെ പ്രമുഖ കന്പനികളെല്ലാം ഇവിടെ സൂചിപ്പിക്കാത്ത - വിപ്രോ, എച്ച്.സി.എൽ തുടങ്ങിയവയും നല്ല കന്പനികളാണ്. പെയിന്‍റ് മേഖലയിൽ ബർജർ പെയിന്‍റ് കഴിഞ്ഞ 20 വർഷമായി സ്ഥിരമായി ലാഭമുണ്ടാക്കുന്നുണ്ട്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തീർച്ചയായും പരിഗണിക്കാവുന്ന ഓഹരിയാണ്.

വിപണി ചാഞ്ചാട്ടം എങ്ങനെ മറികടക്കാം?

ഓഹരി വിപണിക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ നിലനിൽക്കുന്നതുകൊണ്ട് ഒരുവർഷത്തേക്കെങ്കിലും സൂക്ഷിച്ചേ വിപണിയിൽ നിക്ഷേപിക്കാവൂ. മുകളിൽ കൊടുത്തിരിക്കുന്ന ഓഹരികളിൽ നിങ്ങൾക്ക് താത്പര്യമുള്ളവയുടെ നീക്കങ്ങൾ പഠിക്കണം. 52 ആഴ്ചയിലെ ഉയർച്ചയും താഴ്ചയും കണ്ടെത്തണം. നന്നായി കുറയുന്പോൾ നിക്ഷേപിക്കാൻ തുടങ്ങാം.

ഏറ്റവും മികച്ച എസ്ഐപിയിലൂടെ (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ) ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കുന്നതു കൊള്ളാം. നഷ്ടം കുറയും, ആദായം കൂടും. വിപണി ചാഞ്ചാടുന്പോൾ (ഇപ്പോഴത്തെപ്പോലെ) ആർബിട്രേജ് ഫണ്ടുകൾ സഹായിച്ചേക്കാം. മൊത്തം തുക ഒരുമിച്ച് (സ്വന്തമായിട്ടാണെങ്കിൽ) നിക്ഷേപിക്കുന്നതിനേക്കാൾ നന്ന്, ഓരോ മാസവും കുറച്ച് ഓഹരികൾ വീതം വാങ്ങിക്കുകയാണ്. വില തീരെ കുറഞ്ഞിരിക്കുന്പോൾ കൂടുതലും കൂടിയിരിക്കുന്പോൾ കുറച്ചും വാങ്ങുക.

പ്രൊ​ഫ.​പി.​എ വ​ർ​ഗീ​സ്
ഇ-​മെ​യി​ൽ: professorpavarghese@yahoo.co.uk
മൊബൈൽ: 9895471704