പിഎംവിവിവൈ : വരുമാനം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി
ജോലിയിൽ നിന്നും റിട്ടയറൊക്കെയായി വിശ്രമ ജീവിതത്തേലക്ക് പ്രവേശിച്ചാൽ പിന്നെ മുതിർന്ന പൗരന്മാരുടെ പ്രധാന വരുമാന സ്രോതസ് പെൻഷനും ജോലിയുണ്ടായിരുന്ന കാലത്ത് നടത്തിയ നിക്ഷേപങ്ങളിൽ നിന്നു ലഭിക്കുന്ന പലിശയുമൊക്കെയാണ്. ലഘു സന്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഓരോ ക്വാർട്ടറിലും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയും സഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അത്ര ആകർഷകമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അത്തരം നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചുമാത്രം ജീവിക്കുന്നവർ ബുദ്ധിമുട്ടിലാകും.
മുതിർന്ന പൗരന്മാരുടെ ഇത്തരം ബുദ്ധിമുട്ടു കണ്ടാണ് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി വയ വന്ദൻ യോജനയ്ക്ക്(പിഎംവിവിവൈ) നിക്ഷേപ പദ്ധതിക്കു രൂപം നൽകിയത്
2020 മാർച്ച് വരെ അംഗമാകാം

2017-18 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി 2017 ജൂലൈ ഇരുപത്തിയൊന്നിനാണ് ധനമന്ത്രി അരുണ്‍ ജയറ്റ് ലി ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. 2017 മേയ് നാലു മുതൽ 2018 മേയ് മൂന്നു വരെയായിരുന്നു ഇതിൽ അംഗമാകാനുള്ള കാലാവധി നിശ്ചയിച്ചിരുന്നത്.
എന്നാൽ 2018-19 ലെ ബജറ്റിൽ പിഎംവിവിവൈയിൽ അംഗമാകാനുള്ള കാലാവധി 2020 മാർച്ചുവരെ നീട്ടിയിട്ടുണ്ട്.

ഒരു വ്യക്തിക്ക് നടത്താവുന്ന പരമാവധി നിക്ഷേപ തുക 7.5 ലക്ഷം രൂപയെന്നത് 15 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ദന്പതികൾക്ക് 30 ലക്ഷം രൂപ വരെ പരമാവധി നിക്ഷേപം നടത്താം.

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി) വഴിയാണ് ഇത് നടപ്പിലാക്കുന്നത്. മറ്റുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് താഴ്ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിഎംവിവിവൈയിൽ 10 വർഷത്തേക്ക് സ്ഥിരമായി 8 ശതമാനം പലിശ ഉറപ്പായി ലഭിക്കുന്നു. പിഎംവിവിവൈ ശ്രദ്ധിക്കാം 10 കാര്യങ്ങൾ

1. ആർക്കൊക്കെ അംഗങ്ങളാകാം

അറുപതു വയസോ അതിനു മുകളിലോ പ്രായമുള്ള ആർക്കും പിഎംവിവിവൈയിൽ അംഗമാകാം. അംഗമാകാനുള്ള കുറഞ്ഞ പ്രായം 60 വയസ് എന്നെയുള്ളു പ്രായപരിധി ഇല്ല

2. എങ്ങനെ പദ്ധതിയിൽ അംഗമാകാം

പിഎംവിവിവൈയിൽ ഓണ്‍ലൈനായോ ഓഫ് ലൈനായോ അംഗമാകാം. എൽഐസിയാണ് ഇതിനുള്ള അവസരമൊരുക്കുന്നത്. www.licindia.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അംഗമാകാം. അല്ലെങ്കിൽ അടുത്തുള്ള എൽഐസി ശാഖ സന്ദർശിക്കുക.

3. പെൻഷൻ പിറ്റേ മാസം മുതൽ

നിക്ഷേപം നടത്തി ഒരു മാസം പൂർത്തിയാകുന്പോൾ മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും.
പദ്ധതിയിൽ അംഗമാകുന്പോൾ ഒരു ലംപ്സം തുകയാണ് നിക്ഷേപിക്കേണ്ടത്. എത്ര രൂപ പെൻഷൻ ലഭിക്കണം എന്നതിനനുസരിച്ച് ഉപഭോക്താവിന് നിക്ഷേപത്തുക നിശ്ചയിക്കാം. ഓരോ മാസവും കുറഞ്ഞ പെൻഷനായ 1000 രൂപ ലഭ്യമാകണമെങ്കിൽ 1,50,000 രൂപ നിക്ഷേപിക്കണം. മാസം പരമാവധി പെൻഷൻ തുകയായ 5,000 രൂപ ലഭിക്കണമെങ്കിൽ 7,50,000 രൂപ നിക്ഷേപിക്കണം.

പ്രതിമാസം, ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ ഇഷ്ടമുള്ള കാലയളവുകളിൽ നിക്ഷേപകന്‍റെ ആവശ്യത്തിനനുസരിച്ച് പെൻഷൻ വാങ്ങാം.

4. നിക്ഷേപത്തിന്‍റെ കാലാവധിയും പലിശനിരക്കും

പത്തുവർഷമാണ് നിക്ഷേപത്തിന്‍റെ കാലാവധി. അതായത് 10 വർഷത്തേക്ക് സ്ഥിരമായ പലിശ നിരക്കു ലഭിക്കുന്നു. പ്രതിമാസം പെൻഷൻ വാങ്ങിയൽ എട്ടു ശതമാനവും വാർഷിക പെൻഷനാണ് വാങ്ങുന്നതെങ്കിൽ 8.3 ശതമാനവും നിരക്കിലാണ് പലിശ കണക്കാക്കുന്നത്.

5. വായ്പ

മൂന്നു വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് ആവശ്യമെങ്കിൽ നിക്ഷേപത്തിന്‍റെ 75 ശതമാനം വരെ വായ്പ എടുക്കാം. വായ്പ തരിച്ചടവ് പെൻഷൻ ഇൻസ്റ്റാൾമെന്‍റിൽ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്.

6. ഉപഭോക്താവ് കാലവധിക്കു മുന്പ് മരിച്ചാൽ

പത്തു വർഷ കാലവധി പൂർത്തിയാകുന്നതിനു മുന്പ് ഉപഭോക്താവ് മരിച്ചാൽ നിക്ഷേപിച്ച തുക പൂർണമായും തിരികെ നൽകും.

7. കാലവധിക്കു ശേഷമുള്ള പിൻവലിക്കൽ

പത്തു വർഷത്തിനുശേഷം നിക്ഷേപ തുകയും അവസാനത്തെ പെൻഷൻ ഇൻസ്റ്റാൾമെന്‍റും ഒരുമിച്ചു ലഭിക്കുന്നു.

8. കാലാവധിക്കു മുന്പായുള്ള പിൻവലിക്കൽ

മാരകരോഗങ്ങൾ നിക്ഷേപകനോ പങ്കാളിക്കോ വന്നാൽ പദ്ധതി പൂർത്തിയാകുന്നതിനു മുന്പേ ചികിത്സയ്ക്കായി പദ്ധതിയിൽനിന്നു പിന്മാറാൻ അനുവദിക്കും. നിക്ഷേപത്തുകയുടെ 98 ശതമാനം പിൻവലിക്കാനും അനുവദിക്കും.

9. ഫ്രീ ലുക്ക് പിരീഡ്

ഉപഭോക്താവിന് പദ്ധതിയിൽ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ പദ്ധതിയിൽ നിന്നും പിൻമാറാവുന്നതാണ്. പദ്ധതിയിൽ അംഗമായി 15 ദിവസത്തിനുളളിൽ (ഓണ്‍ലൈനായിട്ടാണെങ്കിൽ 30 ദിവസത്തിനുള്ളിൽ ) കാരണം ബോധിപ്പിച്ച് പദ്ധതിയിൽ നിന്നും പിന്മാറാം. സ്റ്റാന്പ് ഡ്യൂട്ടി, പെൻഷൻ നൽകിയിട്ടുണ്ടെങ്കിൽ അതും കിഴിച്ചിട്ടാണ് പദ്ധതിയിൽ അംഗമായപ്പോൾ നൽകിയ തുക തിരികെ നൽകുക.

10. നികുതി

പിഎംവിവിവൈയിലെ നിക്ഷേപത്തിന് യാതൊരു തലത്തിലുള്ള നികുതിയിളവുമില്ല. (നിക്ഷേപം നടത്തുന്ന തുകയ്ക്ക് 80 സിയിലോ മറ്റോ ഉൾപ്പെടുത്തിയിള്ള നികുതിയിളവും ലഭിക്കുകയില്ല.). ഈ പദ്ധതിയിൽനിന്നു ലഭിക്കുന്ന പെൻഷൻ തുകയ്ക്ക് നികുതി നൽകണം. വരുമാനത്തിൽ ഉൾപ്പെടുത്തു ഏതു നികുതി സ്ലാബിലാണോ വരുന്നത് ആ നിരക്കിൽ നികുതി നൽകണം.

11. മെഡിക്കൽ പരിശോധന വേണ്ട

മറ്റ് പെൻഷൻ പദ്ധതികളെപ്പോലെയോ ഇൻഷുറൻസ് പോളിസികൾ പോലെയോ ഇതിന് മെഡിക്കൽ പരിശോധ ആവശ്യമില്ല.

ചുരുക്കിപ്പറഞ്ഞാൽ ഒരു പെൻഷൻ പദ്ധതിയെന്നു ഇതിനെ വിളിക്കുന്പോഴും സ്ഥിരനിക്ഷേപത്തിന്‍റെ ഗുണങ്ങളാണ് പിഎംവിവിവൈ നൽകുന്നത്.