മികച്ച റിട്ടേണ്‍ നൽകി എൻപിഎസ്
എല്ലാ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയണ് നാഷണൽ പെൻഷൻ പദ്ധതി(എൻപിഎസ്). സർക്കാർ ജീവനക്കാർക്കു മാത്രമല്ല, 60 വയസിനുശേഷം പെൻഷൻ ആഗ്രഹിക്കുന്ന ഏതു വിഭാഗം ജനങ്ങൾക്കും ഇതിൽ അംഗമാകാം. അറുപതു വയസു കഴിഞ്ഞാൽ എൻപിഎസിൽ അംഗമാകുന്നവർക്കെല്ലാം പെൻഷൻ ലഭിക്കും. ഇതൊരു കോണ്‍ട്രിബ്യൂട്ടറി ഉത്പന്നമാണ്.
നിക്ഷേപം തുടങ്ങിയാൽ 60 വയസ് വരെ നിക്ഷേപം നടത്തിക്കൊണ്ടിരിക്കണം. അതായത് 60 വയസ് വരെ നിങ്ങൾ അടയ്ക്കുന്ന തുകയ്ക്ക് ലോക്ക് ഇൻ പീരിയഡ് ഉണ്ടായിരിക്കും. ( ഇടയ്ക്ക് പിൻവലിക്കാം. പക്ഷേ, അക്കൗണ്ടിലെ 80 ശതമാനം പെൻഷൻ ലഭിക്കുന്നതിനുളള ആന്വയിറ്റി വാങ്ങുവാൻ ഉപയോഗിക്കണം. അറുപതു വയസിനുശേഷമാണെങ്കിൽ 40 ശതമാനം പെൻഷൻ ആന്വിയിറ്റിക്കു വേണ്ടി ഉപയോഗിച്ചാൽ മതി. 60 ശതമാനം ആവശ്യമെങ്കിൽ ഒരുമിച്ച് പിൻവലിക്കാം).

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകൾ, പോസ്റ്റോഫീസുകൾ തുടങ്ങി പിഎഫ് ആർഡിഎ അംഗീകരിച്ചിട്ടുളള സേവനദാതാക്കൾ തുടങ്ങിയവർ വഴി ഈ പദ്ധതിയിൽ അംഗമാകാം.

മികച്ച റിട്ടേണ്‍

ഏറ്റവും കൂടുതൽ റിട്ടേണ്‍ നൽകുന്ന നിക്ഷേപമേതെന്നു ചോദിക്കുന്പോൾ മനസിൽ എത്തുന്ന ഉത്തരം ഓഹരിയെന്നാണ്. ദീർഘകാലത്തിൽ ഇതു ശരിയാണ്. എന്നാൽ ഇതിനോടു കിടപിടിക്കുന്ന റിട്ടേണ്‍ ആണ് പെൻഷൻ പദ്ധതികളും നൽകിയിട്ടുള്ളത് എന്നത് വളരെ ശ്രദ്ധേയമാണ്. ഓഹരിയിലും ഡെറ്റിലുമൊക്കെയാ യിട്ടാണ് എൻപിഎസിലെ നിക്ഷേപം. ഓഹരി നിക്ഷേപത്തിന്‍റെയത്ര റിസ്കില്ലാത്ത തരത്തിലാണ് എൻപിഎസിലെ നിക്ഷേപം.

നിക്ഷേപം

നിക്ഷേപ പോർട്ട്ഫോളിയോ നിക്ഷേപകനു തന്നെ തയ്യാറാക്കാവുന്നതോ അല്ലെങ്കിൽ എൻപിഎസ് തന്നെ അത് തയ്യാറാക്കുകയോ ചെയ്യും. നിക്ഷേപ പോർട്ട്ഫോളിയോ നിക്ഷേപകൻ തന്നെയാണ് തയ്യാറാക്കുന്നതെങ്കിൽ അതിനെ ആക്ടീവ് ചോയിസ് എന്നാണ് വിളിക്കുന്നത്. എൻപിഎസ് തയ്യാറാക്കുന്ന നിക്ഷേപ പോർട്ട്ഫോളിയോ ആണെങ്കിൽ അത് ഓട്ടോ ചോയിസാണ്.

നിക്ഷേപ തുകയെ മൂന്ന് ആസ്തി വിഭാഗങ്ങളിലായാണ് നിക്ഷേപിക്കുന്നത്. ഇക്വിറ്റി പ്ലാൻ, കോർപറേറ്റ് ഡെറ്റ് പ്ലാൻ, ഗവണ്‍മെന്‍റ് സെക്യൂരിറ്റി പ്ലാൻ എന്നിവയാണത്. ഈ മൂന്നു വിഭാഗങ്ങളിലും നിക്ഷേപകന്‍റെ പ്രായം കൂടി കണക്കിലെടുത്താണ് നിക്ഷേപം നടത്തുന്നത്. നിക്ഷേപകൻ പ്രായം കുറഞ്ഞ വ്യക്തിയാണെങ്കിൽ നിക്ഷേപ തുകയുടെ ഏറിയ പങ്കും ഉയർന്ന റിസ്കും ഉയർന്ന റിട്ടേണുമുള്ള ഇക്വിറ്റി വിഭാഗത്തിലായിരിക്കും നിക്ഷേപിക്കുന്നത്. നിക്ഷേപകൻ റിട്ടയർമെന്‍റ് പ്രായത്തോടടുത്തയാളാണെങ്കിൽ റിസ്ക് കുറഞ്ഞതും റിട്ടേണ്‍ കുറഞ്ഞതുമായ ഗവണ്‍മെന്‍റ് സെക്യൂരിറ്റികളി ലായിരിക്കും നിക്ഷേപം കൂടുതൽ നടത്തുന്നത്.

ഉദാഹരണത്തിന്, നിക്ഷേപകൻ 35 വയസിനുള്ളിൽ പ്രായമുള്ളയാളാണെങ്കിൽ ഇക്വിറ്റിയിൽ 50 ശതമാനം, കോർപറേറ്റ് ഡെറ്റു ഫണ്ടുകളിൽ 30 ശതമാനം, സർക്കാർ സെക്യൂരിറ്റിയിൽ 20 ശതമാനം എന്നിങ്ങനെയായിരിക്കും നിക്ഷേപം. ഇനി നിക്ഷേപകൻ 55 വയസോ അതിനു മുകളിലോ പ്രായമുള്ളയാളാണെങ്കിൽ നിക്ഷേപ പോർട്ട്ഫോളിയോ നേരെ വിപരീതമാകും.സർക്കാർ സെക്യൂരിറ്റിയിൽ 80 ശതമാനം,കോർപറേറ്റ് ഡെറ്റു ഫണ്ടുകളിൽ 10 ശതമാനം,ഇക്വിറ്റിയിൽ 10 ശതമാനം എന്നിങ്ങനെയായിരിക്കും നിക്ഷേപം.

എൻപിഎസിലെ നിക്ഷേപകർക്ക് ഓഹരി, കോർപറേറ്റ് ഡെറ്റ്, ഗവണ്‍മെന്‍റ് സെക്യൂരിറ്റി എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ നിക്ഷേപം നടത്താം. ഇവയിൽനിന്നു ഇതുവരെ നൽകിയിട്ടുള്ള റിട്ടേണ്‍ പരിശോധിച്ചു നോക്കാം.

എട്ടു ഫണ്ട് മാനേജർമാർ

നിലവിൽ എൻപിഎസ് നിക്ഷേപത്തിലൂടെ എത്തുന്ന ഫണ്ട് മാനേജ് ചെയ്യുന്നതിനു പിഎഫ്ആർഡിഎ പുറത്തുനിന്നുള്ള സേവനം സ്വീകരിക്കുയാണ് ചെയ്യുന്നത്. ഇപ്പോൾ എട്ടു ഫണ്ടു മാനേജർമാരാണ് എൻപിഎസ് ഫണ്ടു കൈകാര്യം ചെയ്യുന്നത്.

1. ബിർള സണ്‍ലൈഫ് പെൻഷൻ ഫണ്ട്
2. എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ട്
3. ഐസിഐസിഐ പ്രുഡൻഷ്യൽ പെൻഷൻ ഫണ്ട്
4. കൊട്ടക് പെൻഷൻ ഫണ്ട്
5. എൽഐസി പെൻഷൻ ഫണ്ട്
6. റിലയൻസ് കാപിറ്റൽ പെൻഷൻ ഫണ്ട്
7. എസ്ബിഐ പെൻഷൻ ഫണ്ട്
8. യുടിഐ റിട്ടയർമെന്‍റ് സൊലൂഷൻസ്

നികുതി ഇളവുകൾ

1. പെൻഷൻ അക്കൗണ്ടിലെ നിക്ഷേപത്തിനുള്ള ഇളവ്: നികുതി നൽകുന്ന വ്യക്തി ശന്പളക്കാരനാണെങ്കിൽ പരമാവധി ശന്പളത്തിന്‍റെ 10 ശതമാനമാണ് ഇളവ് അനുവദിക്കുക. സ്വയം തൊഴിൽ ചെയ്യുന്ന ഒരു വ്യക്തിക്കും മൊത്തം വരുമാനത്തിന്‍റെ 10 ശതമാനമോ അല്ലെങ്കിൽ 1.5 ലക്ഷം രൂപ ഇതിൽ ഏതാണോ കുറവ് അത്രയും ഇളവാണ് ലഭിക്കുക.
2. 2015-16 വർഷം മുതൽ 80 സി നികുതി ലാഭ നിക്ഷേപത്തിനു പുറമേ 50000 രൂപവരെയുള്ള എൻപിഎസ് നിക്ഷേപങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
3. തൊഴിലാളിയുടെ ബേസിക് + ഡിഎ യിൽ 10 ശതമാനം എൻപിഎസിലേക്ക് നിക്ഷേപിച്ചാൽ അതിനും നികുതി നൽകേണ്ട വരുമാനത്തിൽ നിന്നും ഇളവു ലഭിക്കും.
4. കാലാവധി പൂർത്തിയാകുന്നന്പോൾ വരുമാനത്തിന്‍റെ 40 ശതമാനത്തിനു നികുതിയിളവുണ്ട്.

അടിസ്ഥാന സവിശേഷതകൾ

1. ഒരോ ഉപഭോക്താക്കൾക്കും 12 അക്കങ്ങളുള്ള പെർമനന്‍റ് റിട്ടയർമെന്‍റ് അക്കൗണ്ട് നന്പർ നൽകും.
2. എൻപിഎസിൽ രണ്ട് തരത്തിലുള്ള അക്കൗണ്ടുകളാണ് നൽകുന്നത്. ടയർ -1, ടയർ-2 എന്നിവയാണത്.
3. ടയർ-1 അക്കൗണ്ട് നിർബന്ധമായും ഉപഭോക്താക്കൾ എടുക്കേണ്ട അക്കൗണ്ടാണ്. തുക പിൻവലിക്കുക തുടങ്ങിയ കാര്യങ്ങൾ എൻപിഎസിൽ പറയുന്ന നിബന്ധനകൾക്കനുസരിച്ചാണ്.
4. ടയർ-1 അക്കൗണ്ടുള്ള ഒരാൾക്ക് അതിനോടൊപ്പം ആരംഭിക്കാവുന്ന അക്കൗണ്ടാണ് ടയർ-2 അക്കൗണ്ട്.
5. ടയർ-1 അക്കൗണ്ടിലെ നിക്ഷേപത്തിനനുസരിച്ചു മാത്രമേ നികുതി ഇളവുകൾ ലഭിക്കു.