എരിതീയിൽ എണ്ണ പകർന്ന് രൂപയുടെ മൂല്യ ശോഷണവും
രൂപയുടെ മൂല്യശോഷണം ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ വർധിപ്പിക്കുകയാണ്. രൂപ 2018-ൽ ഏതാണ്ട് 9 ശതമാനത്തോളം മൂല്യശോഷണം കാണിച്ചിരിക്കുകയാണ്.

ജനുവരിയിൽ ഒരു ബാരൽ ക്രൂഡോയിൽ രാജ്യാന്തര വിപണിയിൽനിന്നു വാങ്ങുവാൻ 69.08 ഡോളർ നൽകിയാൽ മതിയായിരുന്നു. രൂപയിൽ പറഞ്ഞാൽ ഏകദേശം 4410 രൂപ.
സെപ്റ്റംബർ 25-ന് 69.08 ഡോളറിനു തന്നെ ക്രൂഡോയിൽ ലഭിച്ചെന്നു കരുതുക. അതിനു രൂപയിൽ നൽകേണ്ടി വരുന്ന തുക 5021 രൂപയാണ്.

എന്നാൽ ക്രൂഡോയിൽ വില ഇപ്പോൾ 81.26 ഡോളറും രൂപ- ഡോളർ വിനിമയനിരക്ക് 72.69 രൂപയുമാണ്. ഒരു ബാരൽ ക്രൂഡിന് രൂപയിൽ വിലയിപ്പോൾ 5906 രൂപയാണ്. അതായത് ജനുവരിയിലേതിനേക്കാൾ 1490 രൂപ കൂടുതൽ.

വളരുന്ന ഇന്ത്യൻ ഡിമാൻഡ്

രൂപ ദുർബലമാകുന്നത് ഇറക്കുമതി ചെലവേറിയതാക്കും. ഇന്ത്യയുടെ ക്രൂഡോയിൽ ആവശ്യത്തിന്‍റെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. 2017-18-ൽ 220.43 ദശലക്ഷം ടണ്‍ ക്രൂഡോയിൽ ഇറക്കുമതി ചെയ്ത ഇന്ത്യ 8770 കോടി ഡോളറാണ് ( ഏകദേശം 5.65 ലക്ഷം കോടി രൂപ) മുടക്കിയത്. നടപ്പുവർഷം 227 ദശലക്ഷം ടണ്‍ ക്രൂഡോയിൽ ഇറക്കുമതി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഓരോ വർഷവും ക്രൂഡോയിൽ ഡിമാൻഡ് വർധിക്കുകയാണുതാനും.

നടപ്പുവർഷം രൂപ- ഡോളർ വിനിമയനിരക്കിന്‍റെ ശരാശരി 70 രൂപയിൽ നിൽക്കുകയാണെങ്കിൽ ക്രൂഡോയിൽ ഇറക്കുമതിക്കു മാത്രം 2600 കോടി ഡോളർ (1.9 ലക്ഷം കോടി രൂപ) ഇപ്പോഴത്തെ നിരക്കിൽ അധികമായി ഇന്ത്യ മുടക്കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.
ഏപ്രിൽ- ഓഗസ്റ്റ് കാലയളവിലെ ക്രൂഡോയിൽ ഇറക്കുമതി 5881 കോടി ഡോളറാണ്. മുൻവർഷമിതേ കാലയളവിലെ 3830 കോടി ഡോളറിനേക്കാൾ 53.55 ശതമാനം കൂടുതൽ.
ഡോളർവായ്പ എടുത്തിട്ടുള്ളവർക്ക് തിരിച്ചടവിന്‍റെ സമയം വരുന്പോൾ അത്രയും ഡോളർ വാങ്ങുവാൻ കൂടുതൽ രൂപ കണ്ടെത്തേണ്ടതായി വരുന്നു. വിദേശത്തു പഠിക്കുന്നവർക്കും വിനോദസഞ്ചാരം പ്ലാൻ ചെയ്യുന്നവർക്കുമൊക്കെ ചെലവ് കൂടും.


വ്യാപാരകമ്മി കൂടുന്നു

ക്രൂഡോയിൽ ഇറക്കുമതി ബില്ലിലെ വർധന ഇന്ത്യയുടെ വ്യാപാരകമ്മിയും കറന്‍റ് അക്കൗണ്ട് കമ്മിയും കൂട്ടുകയാണ്. നടപ്പുവർഷം ഏപ്രിൽ- ഓഗസ്റ്റിലെ വ്യാപാരകമ്മി 8034 കോടി ഡോളറായി ഉയർന്നു. മുൻവർഷമിതേ കാലയളവിലിത് 6726 കോടി ഡോളറായിരുന്നു.

ഇറക്കുമതി ബില്ലിലെ വർധന കറന്‍റ് അക്കൗണ്ട് കമ്മിയിൽ സമ്മർദ്ദം ചെലുത്തുകയാണ്. ജൂണിലവസാനിച്ച ക്വാർട്ടറിൽ അതു ജിഡിപിയുടെ 2.4 ശതമാനമാണ്. മുൻവർഷമിതേ കാലയളവിലിത 2.5 ശതമാനമായിരുന്നു. ഡോളർ കണക്കിൽ പറഞ്ഞാൽ ആദ്യക്വാർട്ടറിലെ കറന്‍റ് അക്കൗണ്ട് കമ്മി 1580 കോടി ഡോളറാണ്. മുൻവർഷം ജൂണ്‍ ക്വാർട്ടറിലിത് 1500 കോടി ഡോളറായിരുന്നു.

രൂപയുടെ മൂല്യശോഷണം ഇറക്കുമതിച്ചെലവും വ്യാപാരക്കമ്മിയും കൂട്ടുമെന്നിരിക്കേ നടപ്പുവർഷം കറന്‍റ് കമ്മി 2.5 ശതമാനത്തിനു താഴെ നിലനിർത്താൻ പ്രയാസകരമാണെന്നു ധനമന്ത്രാലയം സൂചിപ്പിച്ചു കഴിഞ്ഞു.

സാന്പത്തിക വളർച്ച സമ്മർദ്ദത്തിലാകും

ധനകാര്യ ഞെരുക്കവും ഉയർന്ന ക്രൂഡോയിൽ വിലയും രൂപയുടെ ശോഷണവും ക്രൂഡോയിൽ വില വർധനയെത്തുടർന്ന് ആഗോള സാന്പത്തിക വളർച്ചയിലുണ്ടായ മാന്ദ്യവും ഇനിയും ഉയരാത്ത സ്വകാര്യ വ്യവസായ നിക്ഷേപ വളർച്ചയുമെല്ലാം ഇന്ത്യയുടെ വളർച്ചാ മൊമന്‍റെത്തെ ബാധിക്കുകയാണ്. ബാങ്കിംഗ് മേഖലയിലെ ഉയർന്ന കിട്ടാക്കടവും ദുർബലമായ ബാലൻസ് ഷീറ്റും ഇന്ത്യൻ വളർച്ചയിൽ സമ്മർദ്ദമുയർത്തുകയാണ്.

ഉയരുന്ന ഇന്ധന വില കന്പനികളുടെ വരുമാന വളർച്ച യുടെ വേഗം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ്. ക്രൂഡോയിൽ വില വർധന ധനകമ്മിയിൽ സമ്മർദ്ദമുണ്ടാക്കും. അതു പലിശനിരക്ക് വർധനയ്ക്കും വഴി തെളിക്കും. ഗവണ്‍മെന്‍റിനു കൂടുതൽ കടമെടുക്കേണ്ടി വരും. ഇതെല്ലാം കന്പനികളുടെ വരുമാന വളർച്ചയെ പ്രതികൂലമായി ബാധിക്കും. സ്വാഭാവികമായി ഓഹരി വിപണിയിൽ ശക്തമായ വിൽപ്പനയ്ക്ക് ഇതു വഴി തെളിച്ചിരിക്കുകയാണിത്.