കേരളം സാന്പത്തിക ഞെരുക്കത്തിൽ?
കേരളം സാന്പത്തിക ഞെരുക്കത്തിൽ?
Wednesday, December 19, 2018 2:47 PM IST
""പ്രളയം വന്നപ്പോൾ പച്ചക്കറികൾ ധാരാളം ചീഞ്ഞു പോയിരുന്നു. അതൊക്കെ കളഞ്ഞ് പുതിയ പച്ചക്കറി ഇറക്കി പഴയതുപോലെ വ്യാപാരം തുടങ്ങിയെങ്കിലും പല കച്ചവടക്കാരും അവരുടെ കച്ചവടത്തെ പൂർണമായോ ഭാഗികമായോ ഉപേക്ഷിച്ചിരിക്കുകയാണ്. വില വളരെക്കുറവായിട്ടു കൂടി വാങ്ങാൻ ആളുകളില്ല. എല്ലാവർക്കും വളരെക്കുറച്ചു സാധനം മതി. ആഘോഷങ്ങൾ പോലും എല്ലാവരും പരിമിതപ്പെടുത്തുകയാണ്.

ഡിസംബർ, ജനുവരി മാസങ്ങളിലാണ് ശബരിമല സീസണിലെ കച്ചവടം ഏറ്റവും കൂടുതൽ നടക്കുന്നത്. ഇത്തവണ അതുണ്ടാകും എന്നുള്ള പ്രതീക്ഷയുമില്ല. അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന ഹർത്താലുകൾ തരുന്ന അടിയും ചെറുതല്ല. പച്ചക്കറി, പഴങ്ങൾ എന്നിവ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തുന്പോഴായിരിക്കും ഹർത്താലാണെന്നറിയുന്നത്. ലോഡ് ഇറക്കാൻ സാധിക്കാതെ അതു മുഴുവൻ ചീഞ്ഞു പോകുകയാണ് ചെയ്യാറ്. രണ്ടു ദിവസം മുന്നെ ഹർത്താൽ പ്രഖ്യാപിച്ചാൽ ഇത്തരം പ്രശ്നങ്ങളുണ്ടാകില്ല. ഇതൊക്കെ വരുത്തിവെയ്ക്കുന്ന നഷ്ടങ്ങൾ ചെറുതൊന്നുമല്ല. അതുകൊണ്ടു തന്നെ നിലവിലെ പ്രതിസന്ധികളിൽ നിന്നും പെട്ടന്നൊരു കരകയറൽ ഉണ്ടാകുമെന്നു തോന്നുന്നില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പച്ചക്കറികൾക്ക് ഈ വർഷം പകുതി വിലയെയുള്ളു. പക്ഷേ, വാങ്ങിക്കാനാളില്ല കാലടി ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരി പോൾ ആന്‍റണിയുടേതാണ് ഈ സങ്കടം. ഇങ്ങനെ പരാതികളും പരിഭവങ്ങളും മാത്രമേ വ്യവസായ- വാണിജ്യ രംഗത്തുള്ളവർക്ക് ഇപ്പോൾ പറയാനുള്ളു. കച്ചവടം അത്രയ്ക്കു പരിതാപകരമായ അവസ്ഥയിൽ എത്തിയിരിക്കുന്നു.
നോട്ട് നിരോധനം,ജിഎസ്ടി, പ്രളയം, ശബരിമല, ഹർത്താലുകൾ.. പ്രശ്നങ്ങളുടെ ലിസ്റ്റ് ഇനിയും നീണ്ടു പോകും. വിവാദങ്ങളും പ്രശ്നങ്ങളും അവസാനിച്ചിട്ട് നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാം എന്നാണു ചിന്തയെങ്കിൽ അപ്പോഴേക്കും കേരളത്തിന്‍റെ സന്പദ് വ്യവസ്ഥ തിരിച്ചു പിടിക്കാനാവാത്ത വിധം തകർന്നു പോകും.

പ്രളയം കഴിഞ്ഞ് 100 ദിനങ്ങൾ എങ്ങുമെത്താതെ പുതിയ കേരളം

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തം ഏറ്റു വാങ്ങിയ കേരളം അതിനുശേഷം നവകേരളം സൃഷ്ടിക്കുന്നതിനുള്ള യത്നത്തിലായിരുന്നു. എന്നാൽ അതിപ്പോൾ ഇഴയുകയാണ്. നവകേരളം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾക്കു രൂപം നൽകുവാനോ അതിനാവശ്യമായ തുക കണ്ടെത്താനുമുള്ള ശ്രമങ്ങൾക്ക് വേഗം കുറഞ്ഞിരിക്കുന്നു.

പകരം രാഷ്ട്രീയം കടന്നുവന്നിരിക്കുന്നു. ശബരമിലയിൽ സ്ത്രീകളെ പ്രവേശിക്കുന്നതിനു സുപ്രിംകോടതി അനുമതി നൽകിയതു മുതൽ സമരങ്ങളും ഹർത്താലുകളും രാഷ്ട്രീയ ചേരിതിരിവുകളും കേരളത്തിന്‍റെ അന്തരീക്ഷത്തിലേക്ക് ശക്തിയായ എത്തിയിരിക്കുകയാണ്. പ്രളയകാലത്തെ ഒത്തൊരുമ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ബാക്കി നിൽക്കേ നവകേരള സൃഷ്ടിക്കുള്ള സമഗ്രമായ പദ്ധതിപോലും പിറകോട്ടു തള്ളപ്പെടുകയാണ്.

പ്രളയദുരന്തത്തിൽ തകർന്നടിഞ്ഞ കേരളത്തിന്‍റെ പുനർനിർമാണത്തിന് ആവശ്യമായ തുകയുടെ ഒരു ഭാഗം നൽകുവാൻ കേന്ദ്ര സർക്കാരിനു ബാധ്യതയുണ്ട്. പക്ഷേ അത് എന്നു ലഭിക്കുമെന്നോ എത്ര ലഭിക്കുമെന്നോ എന്നൊന്നും അറിയാത്ത അവസ്ഥയാണിപ്പോൾ.
കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടാകുന്ന അലംഭാവംവലിയ തോതിൽ കേരളത്തിന്‍റെ പുനർ നിർമാണത്തെ ബാധിക്കുന്നുണ്ടെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ നിധി മാനദണ്ഡമനുസരിച്ച് കേരളം 5616 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് ചോദിച്ചത്. ഇതിൽ 820 കോടി രൂപ ആദ്യഘട്ടത്തിൽ പ്രളയത്തിനും 4796 കോടി രൂപ രണ്ടാം ഘട്ടത്തിലെ പ്രളയത്തിനുമായി ഉൾപ്പെടുത്തിയായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ കേന്ദ്രം ആകെ നൽകിയത് 600 കോടി രൂപയാണ്. പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിക്കും മണ്ണെണ്ണക്കും കേന്ദ്ര തീരുമാന പ്രകാരം താങ്ങുവില നിരക്ക് നൽകേണ്ടി വന്നാൽ 265.74 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വരും. അങ്ങനെ വന്നാൽ കേന്ദ്ര സഹായം 334.26 കോടി രൂപ മാത്രമായി ചുരുങ്ങും. ഇതിനു പുറമേ പ്രത്യേക ധനസഹായമായി 5000 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടിരുന്നു.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ കർണാടകയിലെ ഒരു ജില്ലയിൽ പ്രളയമുണ്ടായപ്പോൾ 546 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തരാഖണ്ഡിൽ നേരത്തെ പ്രളയമുണ്ടായപ്പോൾ 2300 കോടി രൂപ അനുവദിച്ചിരുന്നു. 2015 ൽ ചെന്നൈയിൽ പ്രളയമുണ്ടായപ്പോൾ 940 കോടി രൂപ നൽകി. എന്നാൽ സംസ്ഥാനത്തൊട്ടാകെ ശക്തമായ പ്രളയമുണ്ടാപ്പോൾ ആവശ്യപ്പെട്ട തുക പോലും അനുവദിച്ചില്ല.

യുഎന്നിന്‍റെ വിലയിരുത്തലനുസരിച്ച് 31,000 കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. യഥാർഥ നഷ്ടം ഇതിലും വലുതായിരിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രാഥമിക കണക്കുകളനുസരിച്ച് 50000 കോടി രൂപയ്ക്ക്ടുത്ത നഷ്ടം സംസ്ഥാനത്തിനുണ്ടായിട്ടുണ്ട്.

സംസ്ഥാനത്തിന്‍റെ വായ്പ വാങ്ങാനുള്ള പരിധി മൂന്നു ശതമാനത്തിൽ നിന്നും നാലു ശതമാനമായി ഉയർത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുണ്ട്. നബാർഡിൽ നിന്നും 2500 കോടി രൂപയുടെ വായ്പ അനുവദിക്കണമെന്നും ലോക ബാങ്ക്, എഡിബി എന്നിവിടങ്ങളിൽ നിന്നും വായ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധനസഹായം 10 ശതമാനം വർധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. കേരളത്തെ സഹായിക്കാൻ സെസ് ഏർപ്പെടുത്താമെന്ന് കേന്ദ്രം ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ സമ്മതിച്ചെങ്കിലും തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല.

ജൂലൈ 27 മുതൽ നവംബർ 21 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2683.18 കോടി രൂപയാണ് ലഭിച്ചത്. കേന്ദ്രം നൽകിയ എസ്ഡിആർഎഫിലെ തുക 958.23 കോടിയും ചേർന്നാൽ 3641.91 കോടിയാണ് സംസ്ഥാനത്തിന്‍റെ കൈവശമുള്ളത്.

ഈ തുക ഒന്നിനും തികയുകയില്ലെന്നതാണ് വസ്തുത. അടിസ്ഥാനസൗകര്യമേഖലയിലെ അറ്റകുറ്റപ്പണികൾക്കുപ്പോലും തികിയില്ലാത്ത അവസ്ഥയിലാണ്.

തകർന്ന വീടുകൾ പുതുക്കിപ്പണിയാനും പുതിയത് പണിയാനുമായി സംസ്ഥാന സർക്കാർ നൽകുന്നത് 1357 കോടി രൂപയാണ്. പൂർണമായും തകർന്ന വീടിന് കേന്ദ്രം നൽകുന്നത് ശരാശരി ഒരു ലക്ഷം രൂപയാണ്. ബാക്കി മൂന്നു ലക്ഷം കൂടി സംസ്ഥാനം നൽകുന്നതിനാലാണ് നാലു ലക്ഷം രൂപ ഒരു വീടിനു ലഭിക്കുന്നത്.

അറ്റകുറ്റപ്പണികൾ മാത്രം

നവകേരളത്തിന്‍റെ നിർമാണ അറ്റകുറ്റപ്പണികളിൽ ഒതുങ്ങുന്ന സ്ഥിതിയാണിപ്പോൾ. വൻതോതിലുള്ള നിക്ഷേപം നടത്തിയാലേ രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുവാൻ സാധിക്കുകയുള്ളു. ഇനിയുള്ള കേരളത്തിന്‍റെ മുന്നോട്ടു പോക്കിന് ഇത് ഏറ്റവും ആവശ്യമാണ്. പ്രത്യേകിച്ചും ടൂറിസമുൾപ്പെടെയുള്ള തൊഴിലും വരുമാനവും നൽകുന്ന മേഖലകൾ വളരണമെങ്കിൽ ഇതാവശ്യമാണ്. ഏതു ദുരന്തമുണ്ടായാലും അതിനെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നു ലോകത്തുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ടൂറിസം വ്യവസായമുൾപ്പെടെയുള്ള വിവിധ മേഖലയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും ആവശ്യമാണ്.

റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഒരു തരത്തിലുമുള്ള പുരോഗതി ഉണ്ടായിട്ടില്ല. പൊതുമരാമത്തു വകുപ്പിന്‍റെ വിലയിരുത്തലനുസരിച്ച് ഒന്നര വർഷത്തോളം വേണം റോഡുകളുടെയും പാലങ്ങളുടെയും പുനർ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി. ഇതിനായി 5,815.25 കോടി രൂപ വേണമെന്നാണ് വിലയിരുത്തിയിരിക്കുന്നത്.

പ്രളയം മൂലം 34,732 കിലോ മീറ്റർ റോഡും 218 പാലങ്ങളും തകർന്നിട്ടുണ്ട്. സർക്കാർ 1000 കോടി രൂപ അടിയന്തര പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. അത് അറ്റകുറ്റപ്പണികൾക്കുപോലും തികയുകയില്ല. പിന്നല്ലേ, പുനർനിർമാണം.

ഓണക്കാലത്തെ വീണ്ടെടുക്കാൻ

ഓണക്കാലമാണ് കേരളത്തിലെ വിപണികളിൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന സമയം. പക്ഷേ, ഇത്തവണത്തെ ഓണക്കാലം ഓർക്കാൻ പോലും മലയാളി ഇഷടപ്പെടുന്നില്ല. പ്രളയത്തിൽ നിന്നുള്ള അതിജീവനത്തിലായിരുന്നു എല്ലാവരും. മൂന്നു മാസം കൊണ്ടുണ്ടായിരിക്കുന്ന വ്യാപാര നഷ്ടത്തെ പതിയെ പതിയെ നികത്തിയെടുക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു സംസ്ഥാനം.

നവംബർ പകുതി മുതൽ ജനുവരി വരെ നീളുന്ന ശബരിമലയിലെ മണ്ഡല കാലം കേരളത്തെ സംബന്ധിച്ച് വ്യാപാരരംഗത്ത് നേട്ടമുണ്ടാകുന്ന കാലമാണ്. ഹോട്ടൽ, റസ്റ്ററന്‍റ്, ലോഡ്ജ്, ടൂറിസം, ട്രാവൽ എന്നീ മേഖലകൾക്കെല്ലാം ഇത് നല്ല കാലമാണ്. പക്ഷേ, ഈ വർഷം അത്തരമൊരു നേട്ടം ആരും തന്നെ പ്രതീക്ഷിക്കുന്നതേയില്ല.

കേരളത്തിന്‍റെ പുനർ നിർമാണ പ്രക്രിയയെയും സന്പദ് വ്യവസ്ഥയെയും ഈ പ്രശ്നങ്ങൾ കാര്യമായി തന്നെ ബാധിക്കുമെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക് പറയുന്നത്. ക്ഷേത്രത്തിൽ ആരും നേർച്ചപ്പണം നിക്ഷേപിക്കരുതെന്നുള്ള ഒരു പ്രചാരണം ഈ പ്രശ്നങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്. ഇത് ക്ഷേത്രത്തിന്‍റെ വരുമാനത്തെ കാര്യമായി ബാധിക്കും. ഇതുവഴി ക്ഷേത്രത്തിന്‍റെ നടത്തിപ്പിനുള്ള പണം സർക്കാർ നൽകേണ്ടി വരും അദ്ദേഹം പറയുന്നു.
ശബരിമല ദർശനത്തിനുശേഷം ഒന്നു രണ്ടു ദിവസം കൂടി കേരളത്തിൽ തങ്ങി ചെറിയ വിനോദയാത്രയ്ക്കു ശേഷം മടങ്ങുന്നവരുണ്ടായിരുന്നു. ഇങ്ങനെ ഒരു സ്ഥിതി നിലനിൽക്കുന്നതിനാൽ ആരും തന്നെ തങ്ങാനോ വിനോദയാത്രയ്ക്കോ താൽപ്പര്യപ്പെടില്ല. ഇതു വഴി ടൂറിസം, കച്ചവടം, വാഹനം എന്നിവയ്ക്കാണ് നഷ്ടം.

സർക്കാരിന്‍റെ വരുമാനത്തെ നേരിട്ട് ബാധിക്കില്ലെങ്കിൽ കൂടി ഇത് ബിസിനസ് പ്രവർത്തനങ്ങളെ കുറയ്ക്കും. ആളുകളുടെ കയ്യിൽ പണം എത്തണമെങ്കിൽ ബിസിനസ് നടക്കണം. ചെറുകിട കച്ചവടം നടന്നാലെ മൊത്തക്കച്ചവടക്കാരനിൽ നിന്നും സാധനങ്ങൾ ചെറുകിടക്കാരന് എടുക്കാൻ സാധിക്കു. ചെറുകിടക്കാരൻ സാധനങ്ങൾ വാങ്ങിച്ചാലെ മൊത്തക്കച്ചവടക്കാരന് സാധനങ്ങൾ ഉത്പാദകരിൽ നിന്നും സാധനങ്ങൾ സംഭരിക്കാൻ സാധിക്കും. ഉത്പാദകരിൽ നിന്നും സാധനങ്ങൾ മേടിച്ചെങ്കിൽ മാത്രമേ അവരുടെ കയ്യിൽ പണം എത്തുകയും അവർ അവർക്കാവശ്യമുള്ള സാധനങ്ങൾക്കായി ചെറുകിട കച്ചവടക്കാരെ സമീപിക്കുകയുമുള്ളു. ഇങ്ങനെ ഇടപാടുകൾ നടന്നെങ്കിൽ മാത്രമേ സന്പദ്ഘടനയിലേക്ക് പണം എത്തുകയുള്ളു.
ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതും. പ്രവാസി വരുമാനം കുറയുന്നതും കേരളത്തിനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അവരുടെ പുനരധിവാസം തുടങ്ങിയ കടന്പകൾ കൂടി സർക്കാരിനു മുന്നിലേക്കു വരികയാണ്.

ഓണക്കാലത്തു നഷ്ടപ്പെട്ട വ്യാപര സീസണ്‍ ക്രിസ്മസ്-പുതുവത്സര കാലത്ത് നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരും വ്യാപാരികളുമെല്ലാം. അതിന്‍റെ ഭാഗമായാണ് കേരളത്തിലെ മാധ്യമ കൂട്ടായ്മയും വ്യാപാരി-വ്യവസായ സംഘടനകളും ചേർന്ന് ഗ്രാൻഡ് കേരള ഷോപ്പിംഗ് ഉത്സവ് നവംബർ 15 മുതൽ ഡിസംബർ 16 വരെ സംഘടിപ്പിക്കുന്നത്. ഇങ്ങനെ വ്യത്യസ്തമാർന്ന പരിപാടികളിലൂടെ വാണിജ്യ-വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പക്ഷേ, അടിക്കടി അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹർത്താലുകളും വിവാദങ്ങളും പ്രശ്നങ്ങളും ഇത്തരം പ്രവർത്തനങ്ങളെക്കൂടി പിന്നോട്ടു വലിക്കുകയെയുള്ളു.

ചെറുകിട മേഖലയ്ക്കും വേണം കൈത്താങ്ങ്

തൊഴിൽ സൃഷ്ടിക്കുന്നതിൽ ഇപ്പോൾ മുന്പിൽ നിൽക്കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. പ്രളയം മൂലം സർവവും നഷ്ടപ്പെട്ടവർ തൊഴിലില്ലാതെയും ബാങ്ക് വായ്പകൾ മുടങ്ങിയും പ്രശ്നങ്ങൾക്കുമേൽ പ്രശ്നങ്ങളിലാണ്. സംരംഭത്തെ പുനരുദ്ധരിക്കണമെങ്കിൽ ഇനിയും മൂലധനം ആവശ്യമാണ് ആദ്യം എടുത്ത വായ്പകൾ ഇനിയും അടച്ചു തീർക്കാനുണ്ട്. കോർപ്പറേറ്റ് രംഗത്തെ തൊഴിൽ റീസട്രക്ച്ചറിംഗ്, പല തൊഴിൽ രംഗങ്ങളിൽ നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്നതുമെല്ലാം വലിയ പ്രതിസന്ധികളിലേക്കു നയിക്കും. സംരംഭമേഖലയ്ക്ക് വാഗ്ദാനം ചെയ്ത പത്തു ലക്ഷം രൂപയെക്കുറിച്ചുള്ള തീരുമാനം ഇനിയും ആയിട്ടില്ല. ഇൻഷുറൻസുകൾ ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് വ്യാപാരം കുറഞ്ഞതോടെ വാടക കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇത് കച്ചടം അവസാനിപ്പിക്കുന്നതിലേക്കു പോലും വ്യാപാരികളെ നയിച്ചുകൊണ്ടിരിക്കുകയാണ്.

പ്രളയം ഏറ്റവുമധികം ബാധിച്ച ഒരു ജില്ലയായിരുന്നു ആലപ്പുഴ. ആലപ്പുഴയുടെ നിലനിൽപ്പു തന്നെ ടൂറിസം മേഖലയെ ആശ്രയിച്ചാണ്. പക്ഷേ, പ്രളയം വന്നതോടെ ടൂറിസം മേഖല അപ്പാടെ തകർന്നു പ്രത്യേകിച്ച് ഹൗസ്ബോട്ട് ടൂറിസം.

നിലവിൽ 10 ശതമാനത്തോളം ഹൗസ് ബോട്ടുകൾ പോലും ഇപ്പോൾ സർവീസ് നടത്തുന്നില്ല. സഞ്ചാരികളുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട. ചേന്ദമംഗലം കൈത്തറി, കുടിൽ വ്യവസായങ്ങൾ എന്നിവയൊക്കെ ഇത്തരത്തിൽ വലിയ ദുരിതം നേരിട്ട മേഖലകളാണ്. പല മേഖലകളെയും സർക്കാരിനെക്കാൾ ഉപരിയായി മറ്റു സംഘടനകളാണ് ഉയർത്തിക്കൊണ്ടു വരുന്നത്. ചേക്കുട്ടിപാവയിലൂടെയാണ് ചേന്ദമംഗലത്തിന്‍റെ പുനരുജ്ജീവനം സാധ്യതമായത്. സർക്കാർ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ പോകുന്നിടത്ത് സ്വകാര്യ സംഘടനകളും ഏജൻസികളും ചില പ്രവർത്തനങ്ങളുമായി സജീവമാകുന്നത് അൽപ്പമെങ്കിലും ആശ്വാസം നൽകുന്ന ഒന്നാണ്.

നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവും പ്രശ്നമാണ്

പ്രളയത്തിനുശേഷം പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങൾക്കാണ് മുൻ തൂക്കം നൽകുകയെന്നുള്ള പ്രഖ്യാപനം അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഇതിന്‍റെ ഫലമായി സംസ്ഥാനത്തെ നിരവധി ക്വാറികളാണ് നിലവിൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്. ഇതു മൂലം നിർമാണ മേഖലയ്ക്കാവശ്യമായ കല്ലിന്‍റെ ലഭ്യത കുറയുകയും. വില വർദ്ധനവ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇത് പുനർ നിർമാണ പ്രക്രിയയെക്കൂടി ബാധിക്കുന്ന ഒന്നാണ്.

നദീതീരങ്ങളിലും മറ്റുമുണ്ടായിരുന്ന വ്യവസായ യൂണിറ്റുകൾ പ്രളയത്തിൽ പൂർണമായും നശിച്ചു പോയിരിക്കുകയാണ്. ഇത്തരം വ്യവസായങ്ങളെ സർക്കാരിന്‍റെ വ്യവസായ പാർക്കുകളിലും എസ്റ്റേറ്റുകളിലും ലഭ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കാം എന്നൊരു ആവശ്യം വ്യവസായികൾ മുന്നോട്ടുവെച്ചിരുന്നെങ്കിലും അതിനൊരു കൃത്യമായ തീരുമാനം ഇതുവരെയും രൂപപ്പെട്ടിട്ടില്ല.
ഇങ്ങനെ പ്രശ്നങ്ങൾക്കുമേൽ പ്രശ്നങ്ങളും വിട്ടൊഴിയാത്ത വിവാദങ്ങളുമായാണ് കേരളം മുന്നോട്ടു നീങ്ങുന്നത്. പുതിയൊരു കേരളത്തെ സൃഷ്ടിക്കണമെങ്കിൽ അതിന് കൃത്യമായ ആലോചനകളും ആസൂത്രണങ്ങളും കൂട്ടായ തീരുമാനവും കൂട്ടായ പരിശ്രമവും വേണം. കെപിഎംജിപോലുള്ള കണ്‍സൾട്ടിംഗ് സ്ഥാപനങ്ങളും മറ്റ് ഏജൻസികളും മറ്റും ഇതിനായുള്ള പഠനങ്ങൾ നടത്തുകയും പദ്ധതികളും നിർദേശങ്ങളും മുന്നോട്ടുവെയ്ക്കുകയുമെയുള്ളു. നടപ്പിലാക്കേണ്ടത് സർക്കാരാണ്. അത് എത്രമാത്രം ഫലപ്രദമായി നടപ്പിലാക്കും എന്നതിലാണ് കേരളത്തിന്‍റെ ഭാവി. ഏറെ ഞെരുങ്ങി നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്‍റെ സന്പദ്ഘടനയും വ്യവസായ-വാണിജ്യ രംഗവുമാണ് ഏറ്റവും ആദ്യം പുനരുജ്ജീവിപ്പിക്കേണ്ടത്. അതു തൊഴിലിന്‍റേയും വരുമാനത്തിന്‍റേയും കൂടി പ്രശ്നമാണ്.

ശബരിമലയിലെ വരുമാനത്തിൽ 14 കോടിയുടെ കുറവ്

കേരളത്തിന്‍റെ വ്യാപാര മേഖലയ്ക്ക് ഉണർവേകുന്നതുപോലെ തന്നെ ശബരിമലയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന കാലം കൂടിയാണ് മണ്ഡലകാലം. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് ആ വർഷം 14.34 കോടി രൂപയുടെ കുറവുണ്ടെന്നാണ് ദേവസ്വം ബോർഡിന്‍റെ കണക്കുകൾ നൽകുന്ന സൂചന. ഇത്തവണ നവംബർ 22 വരെ 8.48 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഈ സമയത്ത് 22.82 കോടി രൂപ വരുമാനമായി ലഭിച്ചിരുന്നു. ഇക്കാലയളവിനുള്ളിൽ അരവണ വിൽപ്പനയിലൂടെ 31.4 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞവർഷം ഇക്കാലയളവിൽ 9.88 കോടി രൂപ ലഭിച്ചിരുന്നു. അപ്പം വിറ്റുവരവ് 29.31 ലക്ഷം രൂപ മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 1.47 കോടി രൂപയുടേതായിരുന്നു.

കെഎസ്ആർടിസിക്കും ഇത് നഷ്ടത്തിന്‍റെ കാലമാണ്. പന്പ സ്പെഷ്യൽ സർവീസിനായി വിവിധ ഡിപ്പോകളിൽ നിന്നു കോട്ടയത്തെത്തിയ 25 ബസുകളിൽ 15 ബസുകളേ പല ദിവസങ്ങളിലും ഓടുന്നുള്ളു. മിക്ക ബസുകൾക്കും 10000 രൂപയിൽ താഴെയാണു കളക്ഷൻ. ദിവസവും 25000 രൂപയ്ക്കുമേൽ വരുമാനമുള്ള സർവീസുകൾ വെട്ടിക്കുറച്ചാണ് പന്പ സർവീസിനായി ഏറ്റവും പുതിയ ബസുകൾ വിവിധ ഡിപ്പോകളിൽ നിന്നു കോട്ടയത്തേക്കും പന്പയിലേക്കും എത്തിച്ചിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിനുകളും കാലിയായാണ് എത്തുന്നത്.

കോട്ടയം റെയിൽവേസ്റ്റേഷനിൽ തീർഥാടകരുടെ തിരക്കില്ല. ടാക്സി,ടെന്പോ വാഹനങ്ങൾക്കും അതുകൊണ്ട് ഓട്ടം ലഭിക്കുന്നില്ല. തീർഥാടനത്തിനായി ക്രമീകരണം ചെയ്തിരുന്ന ട്രാവൽ, ടൂറിസം ഏജൻസികളും പ്രതിസന്ധിയിലാണ്.

കാർഷിക മേഖല തരിച്ചു നിൽക്കുന്നു

പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരന്തം ഏറ്റുവാങ്ങിയ ഒരു മേഖലകളിലൊന്നാണ് കാർഷിക രംഗം. വിളവെടുക്കാൻ ഏതാനും മാസങ്ങൾ മാത്രം വേണ്ടി വരുന്ന പച്ചക്കറി കൃഷി മുതൽ വിളവെടുപ്പിനു വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്ന തോട്ടവിളകൾ വരെ പ്രളയത്തിന്‍റെ കെടുതികൾ ഏറ്റു വാങ്ങേണ്ടി വന്നു. ഇതോടൊപ്പം വിലക്കുറവും ഉയർന്ന കൃഷിച്ചെലവുമെല്ലാം പല കൃഷിയേയും ലാഭകരമല്ലാതാക്കിയിരിക്കുന്നു. ഇതു കൃഷിക്കാരുടേയും കർഷകത്തൊഴിലാളികളുടേയും വരുമാനത്തെ ബാധിച്ചിരിക്കുന്നുവെന്നു മാത്രമല്ല, സംസ്ഥാനത്തിന്‍റെ വരുമാനത്തേയും ബാധിക്കുകയാണ്.പല തോട്ടങ്ങളും പൂർണമായോ ഭാഗികമായോ അടച്ചിട്ടിരിക്കുകയാണ്.

റബർ, കരുമുളക്, ഏലം, തേയില തുടങ്ങിയ തോട്ടവിളകളുടെ ഒരുവർഷത്തെ ഉത്പാദനമൂല്യം 20000 കോടി രൂപയ്ക്കു മുകളിലാണ്. പ്രളയ ദുരന്തത്തിൽ മാത്രം ഏലം മേഖലയ്ക്ക് 1080 കോടി രൂപയുടേയും റബർ മേഖലയ്ക്ക് 1604 കോടി രൂപയുടേയും തേയിലയ്ക്ക് 209 കോടി രൂപയുടേയും കാപ്പിയിൽ 176 കോടി രൂപയുടേയും നഷ്ടമാണ് ഉണ്ടായത്.

ഉദാഹരണത്തിനു റബറിന്‍റെ കാര്യമെടുക്കാം. വർഷങ്ങളായി റബർ വില കുറഞ്ഞു നിൽക്കുകയാണ്. ഈ വിലക്കുറവ് ഓരോ വർഷവും ഉത്പാദനവും കുറയ്ക്കുകയാണ്.
ഏതാണ്ട് പത്തുലക്ഷത്തോളം റബർ കർഷകരാണ് കേരളത്തിലുള്ളത്. വർഷങ്ങളായി തുടരുന്ന വിലക്കുറവ് റബർ കർഷകരെ അതുപേക്ഷിക്കുവാൻ നിർബന്ധിതരാക്കുകയാണ്. റബർ കൃഷിയുടെ കേരളത്തിലെ വിസ്തൃതി കുറയുന്നതിനൊപ്പം ഉത്പാദനവും താഴുകയാണ്. നടപ്പുവർഷം ഉത്പാദനം നാലര ലക്ഷം ടണ്ണിലേക്ക് താഴുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞവർഷമിത് 6.94 ലക്ഷം ടണ്ണായിരുന്നു.

ഈ ഉത്പാദനക്കുറവുകൊണ്ടുമാത്രം കേരളത്തിലെ റബർ കർഷകരുടെ കൈകളിലെത്തവുന്ന 2500 കോടി രൂപയാണ് സംസ്ഥാനത്തുനിന്നു അപ്രത്യക്ഷമാകുന്നത്. ഏതാനും വർഷങ്ങളായി ഈ നഷ്ടക്കച്ചവടം തുടരുകയാണ്. ഇതിന്‍റെ എത്രയോ ഇരട്ടിയുടെ ക്രയവിക്രയമാണ് വ്യാപാരമേഖലയിൽ ഇതു മൂലം നഷ്ടപ്പെടുന്നത് എന്നു മനസിലാക്കാവുന്നതേയുള്ളു.
ചുരുക്കത്തിൽ കേരളം സാന്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോവുകയാണ്. ഈ ഞെരുക്കം അറിയാതിരിക്കുന്നത് രൂപയുടെ മൂല്യശോഷണം മൂലം വിദേശത്തുനിന്നുള്ള പണമൊഴുക്കിലെ വർധനയാണ്. ക്രൂഡോയിൽ വില വീണ്ടും കുറയുന്ന സാഹചര്യത്തിൽ ഗൾഫിലെ തൊഴിലും വരുമാനവും കുറയാനുള്ള സാധ്യതയേറയാണ്. ഇപ്പോൾതന്നെ സാന്പത്തിക ഞെരുക്കത്തിലായ കേരളത്തിന്‍റെ പ്രശ്നങ്ങൾ ഇതു കൂട്ടുകയേയുള്ളു.

കൂട്ടായ പരിശ്രമം ആവശ്യമാണ്
(സന്ദീപ് നായർ, കെത്രിഎ കൊച്ചി സോണൽ സെക്രട്ടറി)

വിപണി പതുക്കെ ഉണർന്നു തുടങ്ങിയിട്ടുണ്ട്. മൂന്നുമാസം മുന്പുവരെ വളരെ മോശം അവസ്ഥയായിരുന്നു. ഇനിയും നമ്മൾ കഴിഞ്ഞു പോയ ദുരന്തത്തെക്കുറിച്ചു തന്നെ സംസാരിച്ചുകൊണ്ടിരി ക്കരുത്. അതൊരു സ്വപ്നമായി കടന്നുപോണം.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹർത്താലും ബന്ദുമാണ് ഏറ്റവും വലിയ പ്രശ്നം. ടൂറിസം മേഖലയെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. നമുക്ക് ചെറിയ പ്രശ്നമെന്നു തോന്നുന്ന പലതും അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിയുന്പോഴുണ്ടാകുന്ന പരിണിതഫലങ്ങൾ വലുതാണ്. കേരളം പോലൊരു സംസ്ഥാനത്തിന് തിരിച്ചുവരാൻ പറ്റിയില്ലെങ്കിൽ മറ്റാർക്കാണ് ഇതുപോലൊരു പ്രതിസന്ധിയെ അതിജീവിക്കാൻ സാധിക്കുന്നത്.

ജിഎസ്ടി നല്ല റിസൾട്ട് നൽകി തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ മൊത്തിൽ ഒരു പോസിറ്റീവ് സൂചനകളാണ് എല്ലായിടത്തു നിന്നും കിട്ടുന്നത്.അതിന്‍റെ ചുവടുപിടിച്ചങ്ങു മുന്നേറിയാൽ മതി. ഡിസംബറോടുകൂടി പഴയ രീതിയിലേക്ക് മടങ്ങിയെത്താനാകും എന്നാണ് പ്രതീക്ഷ.

അരിമില്ല് മേഖല ഇനിയും കരകയറിയിട്ടില്ല
വർക്കി പീറ്റർ, റൈസ് മില്ല് ഓണേഴ്സ് അസോസിയേഷൻ

അരി മില്ല് വ്യവസായികൾ പ്രളയത്തിന്‍റെ ദുരിതങ്ങളിൽ നിന്നും ഇനിയും കരകയറിയിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ അരി മില്ലുകളുള്ള അങ്കമാലി കാലടി ഭാഗത്തെ മുപ്പതോളം അരിമില്ലുകൾ ഇനിയും പൂർണമായും പ്രശ്നങ്ങളിൽ നിന്നൊന്നും രക്ഷ നേടാനുള്ളത്. ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചതൊക്കെ ശരിയായി വരുന്നു.

സർക്കാരിന് അരി നൽകിയിരുന്ന മില്ലുകളുടെ അവസ്ഥ വളരെ മോശമാണ്. കുടുംബം, തൊഴിലാളികൾ എന്നിവരെല്ലാം ഇതോടെ തകർന്നിരിക്കുകയാണ്. ഉത്തരേന്ത്യക്കാരായിരുന്നു തൊഴിലാളികളിൽ ഏറിയ പങ്കും കുറേ നാൾ ഇവിടെ നിന്നതിനുശേഷം പണിയൊന്നുമില്ലാത്തതിനാൽ ഇവർ തിരിച്ചു പോയി. ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ആന്ധ്ര പ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ നല്ല കാലവാവസ്ഥയും നല്ല വിളവെടുപ്പുമായിരുന്നതിനാൽ അരിക്ക് ക്ഷാമമൊന്നും നിലവിലില്ല. അതുകൊണ്ടു തന്നെ വിലക്കയറ്റവും പേടിക്കേണ്ട. 160 കോടി രൂപയുടെ നഷ്ടമാണ് അരി മില്ല് വ്യവസായ മേഖലയിൽ നിലവിൽ കണക്കാക്കിയിരിക്കുന്നത്. ഇൻഷുറൻസ്, നഷ്ടപരിഹാരങ്ങൾ എന്നിവയൊന്നും ലഭ്യമാക്കിയിട്ടില്ല. ശബരിമല പ്രശ്നം വന്നതോടെ വീണ്ടും ഈ മേഖലയ്ക്കുള്ള ശ്രദ്ധ കുറയുകയാണ്.

കച്ചവട മേഖല രൂക്ഷമായ പ്രതിസന്ധിയിലാണ്
(ഇ.എസ് ബിജു, വ്യാപാര വ്യവസായ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി)

പ്രളയം മൂലം കേരളത്തിൽ പതിനയ്യായിരത്തിലധികം വ്യാപാര സ്ഥാപനങ്ങൾക്കാണ് നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. പത്തു കോടി രൂപയോളം നഷ്ടം ഉണ്ടായിട്ടുള്ളവർവരെയുണ്ട്. ഇതിനെ അതിജീവിക്കാൻ പറ്റിയൊരു സാഹചര്യമല്ല നിലവിൽ കേരളത്തിലുള്ളത്. ജിഎസ്ടി, നോട്ടു നിരോധനം എന്നിവ ഏൽപ്പിച്ച മാന്ദ്യത്തിൽ നിന്നും വ്യാപാര മേഖല കരകയറുന്നതെയുണ്ടായിരുന്നുള്ളു അതിനിടയിലാണ് ഇത്തരമൊരു സാഹചര്യം കൂടി ഉണ്ടായിരിക്കുന്നത്.പ്രളയത്തിനുശേഷം കച്ചവടം തീരെക്കുറവാണ്. മണ്ഡലകാലമായിരുന്നു പ്രതീക്ഷയുണ്ടായിരുന്നത്. ശബരിമല വിവാദങ്ങൾ വന്നതോടെ ആ പ്രതീക്ഷയും ഇല്ലാതായി. എരുമേലി, പന്പ, സന്നിധാനം എന്നിവടങ്ങളിലൊന്നും വ്യാപാരം നടക്കുന്നതേയില്ല. കടയിലെ സ്റ്റോക്കെല്ലാം നശിച്ചു പോകുകയാണ്.

വ്യാപര മേഖലയ്ക്കുണ്ടായിരിക്കുന്ന നഷ്ടം എത്രയാണെന്നുള്ള കണക്ക് സർക്കാർ എടുത്തിട്ടില്ല. വ്യാപാരികൾക്കായി നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല. വ്യാപാരി ക്ഷേമനിധി ബോർഡാണ് നഷ്ടങ്ങളുടെ കണക്കെടുത്ത് വിവരങ്ങൾ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. എല്ലാ വ്യാപാരികൾക്കും ഇൻഷുറൻസ് സുരക്ഷയൊന്നുമില്ല. ഉള്ളവർക്കാണെങ്കിൽ അതിനായി നടപടികളൊന്നും ആരംഭിച്ചിട്ടുമില്ല. ബാങ്കുകൾ മുഖാന്തിരം പലിശ രഹിത വായിപകൾ ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു ലഭിക്കണമെങ്കിൽ ഈടു നേൽകണ്ടതുണ്ട്. പലരും നിലവിൽ വായ്പകൾ എടുത്താണ് ബിസിനസ് നടത്തുന്നത്. ആ സാഹചര്യത്തിൽ പുതിയ വായപയ്ക്ക ഈടു നൽകാൻ സാധിക്കാത്തവരാണ് മിക്കവരും. വാടക കച്ചവടക്കരാണ് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്. കച്ചവടം നടക്കാത്തതിനാൽ വരുമാനം ഇല്ല. അതു മൂലം വാടകയും നൽകാൻ സാധിക്കുന്നില്ല. പലരും കച്ചവടം ഉപേക്ഷിക്കാനുള്ള മാനസികാവസഥയിലേക്ക് എത്തിയിരിക്കുകയാണ്.