വിശ്വസിക്കാം പൂർണമായും ജീവനക്കാരെ
ഓഫീസിൽ ജീവനക്കാർ ഉപയോഗിക്കുന്ന കന്പ്യൂട്ടറിലെ, അവർ ചെയ്യുന്ന ആക്ടിവിറ്റികൾ എങ്ങനെ മോണിറ്റർ ചെയ്യുവാൻ കഴിയും എന്ന് ഒരു സുഹൃത്ത് ചോദിച്ചതിൻ പ്രകാരം, ആക്റ്റീവ് ട്രാക്ക് എന്ന ഒരു ഫ്രീ സോഫ്റ്റ് വേർ കണ്ടെത്തുകയും അത് സംബന്ധിച്ച വിവരങ്ങൾ ഞാൻ കുറച്ചു ബിസിനസ് ഗ്രൂപ്പുകളിൽ പങ്കു വയ്ക്കുകയും ചെയ്തു. തിരിച്ചു വന്ന അന്വേഷണങ്ങൾ കണ്ടു ഞാൻ തന്നെ ഞെട്ടിപ്പോയി!

ഏകദേശം നല്ല പങ്കു ബിസിനസ്് സുഹൃത്തുക്കൾക്കും ആ സോഫ്റ്റ് വേറിനെക്കുറിച്ച് കൂടുതൽ അറിയണം എന്നും അത് അവരുടെ കന്പനികളിലെ കന്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തു റിപ്പോർട്ട് എടുക്കണം എന്നും ആഗ്രഹം അറിയിച്ചു .

അവരിൽ ചിലരുമായും ചർച്ച നടത്തുകയുണ്ടായി. എന്തിനു വേണ്ടി ആണ് അത് ഇൻസ്റ്റാൾ ചെയ്തു മോണിറ്റർ ചെയ്യുന്നതെന്ന് അവരോടു ചോദിച്ചു മനസ്സിലാക്കി. ചിലർക്ക് ജീവനക്കാർ ജോലി സമയത്തു സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എന്ന പരാതി ,മറ്റു ചിലർക്ക് ഓഫീസ് നെറ്റ് വർക്കിൽ നിന്നും സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നു എന്ന പരാതി ,ചിലർക്ക് അവർ കൃത്യമായി തന്നെ ജോലി ചെയ്യുന്നുണ്ടോ എന്ന സംശയം... അങ്ങനെ നിരവധിയാണ് പ്രശ്നങ്ങൾ.

ഇങ്ങനെ ഒരു സോഫ്റ്റ് വേർ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ ആദ്യം തന്നെ ജീവനക്കാരുടെ അനുമതി വാങ്ങണം എന്നായിരുന്നു ഞാൻ അവരോട് ആവശ്യപ്പെട്ടത്. അതിനു അവരിൽ പലരും തയ്യാർ ആയിരുന്നില്ല. അല്ലെങ്കിൽ പിന്നെ സിസിടിവി ഉള്ള ഇടങ്ങളിൽ വയ്ക്കുന്നതുപോലെ നിങ്ങൾ നിരീക്ഷണത്തിൽ ആണ്’ എന്ന നോട്ടീസ് വെക്കണം എന്ന് പറഞ്ഞപ്പോഴും പലരും അതിനും തയ്യാറായില്ല. പക്ഷേ, രഹസ്യമായി മോണിറ്റർ ചെയ്യണം എന്ന നിലപാട് അവർ ആവർത്തിച്ചു. ഇത്തരം സോഫ്റ്റ് വേറുകൾ ചിലപ്പോൾ കന്പ്യൂട്ടറിലെ രഹസ്യ സ്വഭാവം ഉള്ള വിവരങ്ങൾ ചോർത്തും എന്നും ജീവനക്കാർ ടൈപ്പ് ചെയ്യുന്ന പാസ്സ്വേർഡ് ഉൾപ്പെടെ ശേഖരിക്കും എന്നും പലരെയും പറഞ്ഞു മനസ്സിലാക്കി. ചിലപ്പോൾ ഗുണത്തേക്കാൾ കൂടുതൽ ദോഷം വരാൻ സാധ്യത ഉണ്ടെന്നും വിശദമാക്കി കൊടുത്തു. പിന്നെ ഇത്തരം കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ അതിനെ മറികടക്കുവാൻ വേണ്ടി ജീവനക്കാർ പ്രയോഗിക്കുന്ന തന്ത്രങ്ങൾ, ചിലപ്പോൾ വെളുക്കാൻ തേച്ചത് പാണ്ട് ആവുന്ന സ്ഥിതി വിശേഷം ക്ഷണിച്ചു വരുത്തുകയും ചെയ്യും.
ഇതൊന്നും കൂടാതെ തന്നെ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയും എന്നും വിശദീകരിച്ചു. അതിനായി ആദ്യം വേണ്ടത് നിലവിൽ അവർ ചെയ്യുന്ന പ്രവർത്തികൾ കൊണ്ട് കന്പനി നേരിടുന്ന പ്രശ്നങ്ങൾ ഓരോരുത്തരെ ആയി വിളിച്ചു വിശദീകരിച്ചു കൊടുക്കുക എന്നുള്ളതാണ്. അത്തരം പ്രശ്നങ്ങൾ നേരിടുന്നതിനും ഒഴിവാക്കുന്നതിനും അവരുടെ പൂർണ്ണ സഹകരണം അഭ്യർത്ഥിക്കുക.


ജീവനക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുവാൻ ഒരു സമയം അനുവദിക്കുക.
സിനിമ പോലെയുള്ളവ ഡൗണ്‍ലോഡ് ചെയ്താൽ വരാവുന്ന ക്രിമിനൽ നടപടികളെ കുറിച്ച് ബോധവൽക്കരിക്കുക തുടങ്ങിയവ ചിലപ്പോൾ സഹായിച്ചേക്കാം.

അതിലെല്ലാം ഉപരി വേണ്ടത് ജീവനക്കാരിൽ കന്പനിയുടെ ഉടമസ്ഥതാ ബോധം വരുത്തുക എന്നുള്ളതാണ് .കന്പനി എന്നത് മുതലാളിയുടേത് മാത്രം അല്ലെന്നും അതിന്‍റെ വളർച്ചയും തളർച്ചയും തങ്ങളെ കൂടി ബാധിക്കുന്ന ഒന്നാണെന്നും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ കന്പനി വളരേണ്ടത് അത്യന്താപേക്ഷിതമാണെന്നുള്ള ഒരു ചുമതലാ ബോധം വളർത്തുന്നതിലൂടെ ജീവനക്കാരിൽ നിന്ന് നേരിടുന്ന നല്ല പങ്കു പ്രശ്ങ്ങൾക്കും പരിഹാരം കാണുവാൻ കഴിയും .

ഞാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് ജപ്പാനിലെ മിഷിമയിൽ തോഷിബ എന്ന കന്പനിയിൽ കുറച്ചു നാൾ ജോലി ചെയ്തിരുന്നു. ഈ കാലയളവിൽ അവിടുത്തെ ജീവനക്കാരുടെ കന്പനിയോടുള്ള ചുമതലാ ബോധം വളരെയധികം ഞാൻ ശ്രദ്ധിച്ചിരുന്നു.

എന്തെങ്കിലും ഓഫീസ് അറേഞ്ച്മെന്‍റ് ഒക്കെ ചെയ്യേണ്ടി വരുന്പോൾ ഒരിക്കലും ഒരു ക്ലീനിംഗ്് സ്റ്റാഫിനെയോ അഡ്മിൻ ജീവനക്കാരെയോ വിളിച്ച്, അവർ വന്നു ചെയ്തു തരുവാൻ കാത്തു നിൽക്കുന്ന ഒരു ശീലം അവിടെ കണ്ടില്ല.

ഇത്തരം ആവശ്യങ്ങൾ വരുന്പോൾ തോഷിബയിലെ സീനിയർ ജനറൽ മാനേജർ തന്നെ ഒരു വാക്വം ക്ലീനർ ആയി മുന്നേ ഇറങ്ങും ,അതിനു പിന്നിൽ അതീവ താല്പര്യത്തോടെ അവിടെയുള്ള എഞ്ചിനീയർമാരും ഇറങ്ങി കാര്യങ്ങൾ ചെയ്തു തീർക്കുമായിരുന്നു.

ഇത്തരത്തിലുള്ള ഒരു ചുമതലാ ബോധം നമ്മുടെ സ്ഥാപനത്തിലും നാം വളർത്തി കൊണ്ട് വന്നാൽ പിന്നെ ഒരിക്കലും ജീവനക്കാരുടെ പിന്നാലെ നടന്നു പണി എടുപ്പിക്കേണ്ട ഒരു അവസ്ഥ നമുക്ക് വരികയില്ല. അതിനു വേണ്ടി ക്രിയാത്മകമായ ചർച്ചകളും അവരിൽ നിന്നുള്ള നിർദേശങ്ങൾ ചെവിക്കൊള്ളലും അത്യന്താപേക്ഷിതം ആണ്. അതിനു വേണ്ടി പുറമെ നിന്നുള്ള കുറച്ചു സഹായങ്ങൾ കൂടി തേടിയാൽ സ്വതന്ത്രമായി നമ്മുടെ സംവിധാനങ്ങളെ മുന്നോട്ടു നയിക്കുന്ന വിശ്വസ്തരായ ഒരു കൂട്ടം ജീവനക്കാരെ നമുക്ക് ലഭിക്കും എന്നതിൽ ഒരു സംശയവും വേണ്ട .

(ബിസിനസുകൾക്കു ഓർഗനൈസഷൻ ഡെവലപ്മെന്‍റ്, ലീഡർഷിപ് കോച്ചിംഗ് നൽകുന്ന ഒരു സെർട്ടിഫൈഡ് ലീഡർഷിപ് കോച്ച്, സോഫ്റ്റ് വേർ കണ്‍സൾട്ടന്‍റ എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് ലേഖകൻ. ഫോണ്‍: 9961429066, ഇമെയിൽ: [email protected]

പി.കെ ഷിഹാബുദീൻ