പുതുവഴികൾ തേടി
പുതുവഴികൾ തേടി ഫാ. സിജോ കണ്ണമ്പുഴ ഒഎം
രക്ഷകനെ കണ്ടുവണങ്ങിയ ജ്ഞാനികൾ തിരികെപ്പോകാനും യാത്ര തുടരാനും മറ്റൊരു വഴി തെരഞ്ഞെടുത്തു എന്നുള്ളത് ഈ ആഗമനകാലത്തെ ആധ്യാത്മികതയെ പോഷിപ്പിക്കാനുതകുന്ന ദീപ്തമായ ചിന്തയാണ്.

ഭാഷയും ദേശവും സംസ്കാരവുമറിയാത്ത, കിഴക്കുതെളിഞ്ഞ നക്ഷത്രം മാത്രം ലക്ഷ്യമാക്കി വന്ന ജ്ഞാനികൾ അല്പം കൂടി കൃത്യതയ്ക്കായി ഹേറോദേസിനെ സമീപിക്കുന്നു. അവരെ ബെത്‌ലഹെമിലേക്ക് അയച്ചുകൊണ്ട് ഹേറോദേസ് അവരോടു പറയുന്നത് നിങ്ങൾ ശിശുവിനെ കണ്ടെത്തുമ്പോൾ എന്നെയും അറിയിക്കണമെന്നാണ്.

ശിശുവിനെ കണ്ട ജ്ഞാനികൾ ഹേറോദേസിനടുത്തേക്കു മടങ്ങരുതെന്ന സ്വപ്നനിർദ്ദേശം അനുസരിച്ച് രാജകൊട്ടാരത്തിലേക്കുള്ള യാത്ര ഉപേക്ഷിക്കുന്നു. യേശുവിനും, ഒരുപക്ഷേ അവർക്കും അപകടം ക്ഷണിച്ചുവരുത്തുമായിരുന്ന ആ വഴി അവഗണിച്ചുകൊണ്ട് ദൈവം കാണിച്ചുകൊടുക്കുന്ന മറ്റൊരു സുരക്ഷിതപാതയിലൂടെ അവർ യാത്ര തുടരുന്നു.

അനുദിനം നടക്കുന്ന വഴികളെയോർത്ത് നമുക്ക് ഉത്കണ്ഠകളില്ല. എടുക്കുന്ന തീരുമാനങ്ങളെയോർത്ത് നമുക്ക് വീണ്ടുവിചാരങ്ങളില്ല. നമ്മുടെ ആശയങ്ങളോ ചിന്തകളോ പുനർവിചിന്തനത്തിനു വിട്ടുകൊടുക്കാതെ, ചെയ്യുന്നതെല്ലാം പൂർണമായ ശരികളാണെന്നു വിശ്വസിക്കുന്ന അപകടകരമായ അവസ്ഥയിലാണ് നാം എത്തിനിൽക്കുക.

എനിക്ക് തെറ്റിപ്പോകാൻ സാധ്യതയുണ്ട് എന്ന ഏറ്റവും എളിമയുള്ള ചിന്ത നഷ്ടപ്പെടുമ്പോഴാണ് ഇത് സംഭവിക്കുക. കൂരിരുട്ടിൽ വനമധ്യത്തിലൂടെ യാത്ര ചെയ്യുന്ന മനുഷ്യൻ ഏറ്റവും ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയായിരിക്കും ഏറ്റവും ചെറിയ കാലടി പോലും എടുത്തുവയ്ക്കുന്നത്. തന്‍റെ തെറ്റായ ഒരു കാൽവയ്പ് ഒരുപക്ഷെ തന്നെ അഗാധമായ കൊക്കയിലേക്കായിരിക്കാം വീഴ്ത്തുക എന്നവനു ബോധ്യമുണ്ട്. അതുകൊണ്ട് ഓരോ ചെറിയ പദചലനവും ഏറ്റവും കൂടുതൽ ശ്രദ്ധയോടെയായിരിക്കും.

രക്ഷകന്‍റെ തിരുമുഖം കണ്ട ജ്ഞാനികളാണ് തിരികെപ്പോകാൻ പുതുവഴികൾ തേടുന്നത്. ക്രിസ്തുമുഖത്തെ പ്രകാശം ഭുജിച്ചവർക്ക് പഴയവഴികളിലേക്ക് തിരികെച്ചെല്ലാനാവില്ല. എനിക്ക് സഞ്ചരിക്കാനുള്ള പുതുവഴികൾ കർത്താവ് കാണിച്ചുതരുമ്പോൾ അതിലൂടെ യാത്ര തുടരുകയെന്നതാണ് എന്‍റെ ഇനിയുള്ള ധർമം.


ആഗമനകാലം രക്ഷകനെ കാണാനുള്ള യാത്രയാണ്. ഇതുവരെ ഞാൻ യാത്രചെയ്തതും ഇപ്പോൾ ഞാൻ എത്തിനിൽക്കുന്നതും അത്ര സുഖകരമായ പാതയിലായിരിക്കണമെന്നില്ല. സാരമില്ല. ഇനി നീ ഏതു വഴി തെരഞ്ഞെടുക്കുന്നു എന്നുള്ളതാണ് ചോദ്യം.

ക്രിസ്തുമുഖദർശനം പുതുവഴികൾ തേടാനും ദൈവം നിനക്കൊരുക്കിയിരിക്കുന്ന ഒറ്റയടിപ്പാതകളിലേക്ക് ചാഞ്ചല്യം കൂടാതിറങ്ങാനും നിന്നെ ശക്തിപ്പെടുത്തട്ടെ. ‘ജ്ഞാനികൾ’ ക്രിസ്തുവിലേക്ക് എത്തിച്ചേർന്നത് പലവഴികളിലൂടെയുമാണ്. എന്നാൽ ദിവ്യപൈതലിന്‍റെ ലാവണ്യം അവരെ കൊണ്ടെത്തിക്കുന്നത് അപ്രതീക്ഷിതമായൊരു സരണിയിലേക്കാണ്, ചിലപ്പോൾ പുഴ ദിശമാറിയൊഴുകുന്നതുപോലെ. അവർ ഇടറാതെ യാത്ര തുടരുന്നു, അമ്മയുടെ ചൂണ്ടുവിരൽ പിടിച്ച കുഞ്ഞിനെപ്പോലെ.

ക്രിസ്മസ് എനിക്ക് ചില പുതുവഴികൾ കാട്ടിത്തരുമെന്നുറപ്പുണ്ട്. ക്രിസ്തു അതിനായി നമ്മെ പുൽക്കൂട്ടിൽ കാത്തിരിക്കുന്നു. പ്രതീക്ഷയോടെ, പ്രത്യാശയോടെ നമുക്ക് അവന്‍റെ ചാരെയണയാം.

കഥ: മരുഭൂമിയിലെ താപസനായ അബ്ബാ അന്തോണിക്ക് കോൺസ്റ്റാന്‍റിനോപ്പിളിലേക്ക് ചെല്ലണമെന്നാവശ്യപ്പെട്ടുകൊണ്ട് ചക്രവർത്തിയായ കോൺസ്റ്റാൻഷ്യസിൽനിന്ന് ഒരു കത്തു ലഭിച്ചു.

അദ്ദേഹം തന്‍റെ ശിഷ്യനായ അബ്ബാ പൗലോസിനോട് അഭിപ്രായം ആരാഞ്ഞു. അദ്ദേഹം മറുപടി പറഞ്ഞു “പോയാൽ നിങ്ങൾ അന്തോണി എന്ന് വിളിക്കപ്പെടും, ഇവിടെ തുടർന്നാൽ നിങ്ങൾ അബ്ബാ അന്തോണി എന്നറിയപ്പെടും.”

(ഓർഡർ ഓഫ് മിനിംസിന്‍റെ ഇരിട്ടി പട്ടാരത്തുള്ള ദൈവമാതാ സെമിനാരി റെക്ടറാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.