കാസര്‍കോട്: മേൽപ്പറമ്പിൽ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി. രക്ഷപ്പെടാൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് താഴേക്ക് ചാടിയ മോഷ്ടാവ് തൊരപ്പൻ സന്തോഷിനെയാണ് പിടികൂടിയത്. താഴേക്ക് ചാടിയ ഇയാളുടെ കാൽ ഒടിഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ മേൽപ്പറമ്പിലെ ഹൈപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് കള്ളനെ പിടികൂടിയത്. ഹൈപ്പർ മാർക്കറ്റിന്റെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ എടുക്കാൻ വന്ന യുവാക്കളാണ് അകത്ത് മോഷ്ടാവുണ്ടെന്ന് മനസിലാക്കുന്നത്.
ഉടൻ തന്നെ നാട്ടുകാരെ വിവരം അറിയിച്ചതോടെ ആളുകൾ ഓടിക്കൂടി കെട്ടിടം വളഞ്ഞു. ഇത് കണ്ട തൊരപ്പൻ സന്തോഷ് ഒന്നാം നിലയിൽനിന്ന് എടുത്ത് ചാടി. വീഴ്ചയിൽ കാല് ഒടിഞ്ഞതിനാൽ എഴുനേറ്റ് ഓടാൻ സാധിച്ചില്ല. നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ സന്തോഷ് കണ്ണൂർ ജില്ലയിലെ കുടിയാന്മല സ്വദേശിയാണ്. ഭിത്തി തുരന്ന് അകത്തു കടന്നു കവർച്ച നടത്തുന്നതിനാലാണ് തൊരപ്പൻ എന്ന പേര് വീണത്.
Tags : Notorious thief robbing supermarket crime news