രാജ്മോഹൻ ഉണ്ണിത്താൻ
കാസര്‍ഗോഡ്: കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ കടുക്കുന്നതിനിടെ ഷാഫി പറമ്പിലിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും, ഷാഫി പറമ്പിലിന് വേണ്ടിയാണ് രാഹുൽ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പരോക്ഷമായി ആരോപിച്ചു.
കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്' കാസര്‍ഗോഡ് എംപി പറഞ്ഞു. ശിഷ്യനും ആശാനും കുടുങ്ങുന്ന പലതും തന്റെ ഡയറിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഷാഫി 'എ' ഗ്രൂപ്പുകാരനല്ല. ഷാഫി 'എ' ഗ്രൂപ്പെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണ്. വ്യാജ ഐഡികളിൽനിന്നാണ് തനിക്കെതിരായ സൈബർ ആക്രമണം വരുന്നത്. ഇതെല്ലാം സംഘടിതമാണെന്നും പെട്ടിത്താങ്ങികളായ കുറേപേരാണ് പോസ്റ്റുകൾ ഇട്ടിരിക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു. '
ഷാഫി പറമ്പിലിനെ താൻ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായും പറഞ്ഞിട്ടില്ല. അദ്ദേഹം ഇപ്പോൾ എ ഗ്രൂപ്പിൽ അല്ല എന്ന് മാത്രമാണ് പറഞ്ഞത്. കെ.സി.ജോസഫ്, ബെന്നി ബെഹനാൻ എന്നിവരെല്ലാം കറ കളഞ്ഞ എ ഗ്രൂപ്പുകാരാണ്.
ജെ.എസ് അഖിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന ഉമ്മൻചാണ്ടിയുടെ നിർദേശം ഷാഫി അട്ടിമറിച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയപ്പോൾ, മിണ്ടാത്തവരാണ് ഇന്ന് അനുയായികൾ എന്ന് പറഞ്ഞ് നടക്കുന്നതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ താനും സിദ്ദിഖും മാത്രമാണുണ്ടായിരുന്നത്. തന്നെ പ്രകോപിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടി വരുമെന്നും ഉണ്ണിത്താന് വ്യക്തമാക്കി. താൻ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
Tags : Rajmohan Unnithan MP Shafi Parambil #rahulmamgootathil Politics Congress