പാലാ: 2027 സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശീലനം നല്കുന്ന ഫുള്‍ ടൈം കോഴ്സിന് പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുകോടി രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ ഒരുക്കിയിരിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഫുള്‍ ടൈം കോഴ്സിന് പ്രവേശനം.
മേയ് ഒന്ന്, ഒമ്പത് തീയതികളിലായി നടക്കുന്ന സ്കോളര്‍ഷിപ്പ് പരീക്ഷകളിലെ മികവും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും പരിഗണിച്ചായിരിക്കും സ്കോളര്‍ഷിപ്പ് അനുവദിക്കുക. മേയ് 9 ലെ പരീക്ഷയില്‍ 35ശതമാനം മാര്‍ക്ക് എങ്കിലും നേടുന്നവര്‍ക്ക് ഓരോ ലക്ഷം രൂപാവീതം സ്കോളര്‍ഷിപ്പ് അനുവദിക്കും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്ലാസുകളും എഴുത്തുപരിശീലനവും ടെസ്റ്റ് സീരീസുകളും തുടര്‍ന്ന് ഒരു വര്‍ഷക്കാലത്തെ തുടര്‍പഠനവും അടങ്ങുന്നതാണ് ഫുള്‍ ടൈം കോഴ്സ്. ആദ്യ ബാച്ച് മേയ് 11 ന് ആരംഭിക്കും.തുടക്കക്കാരായ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷാരീതികളും പഠനരീതികളും പരിചയപ്പെടുത്തുന്ന ബ്രിഡ്ജ് കോഴ്സ് എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം. ദേശീയതലത്തില്‍ ശ്രദ്ധേയരായ അധ്യാപകരെ പുതുതായി വിന്യസിക്കും.
ദേവഗിരി കോളജ് കോഴിക്കോട്, എം.എ. കോളജ് കോതമംഗലം, മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം, ബസേലിയോസ് കോളജ് കോട്ടയം എന്നീ കോളജുകളിലും ഇന്‍സ്റ്റിറ്റ്യൂട്ട് സിവില്‍ സര്‍വീസ് പരിശീലനം നല്കിവരുന്നു. തിരുവനന്തപുരം ലൂദ് ഫൊറോനാപ്പള്ളി കാമ്പസില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പാലായിലെപ്പോലെതന്നെ ഫുള്‍ ടൈം കോഴ്സും റീഡിംഗ് റൂമും തിരുവനന്തപുരം സെന്ററിലും ഒരുക്കിയിട്ടുണ്ട്.
ചങ്ങനാശേരി അതിരൂപതയുടെയും പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികള്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജോസ് പുളിക്കല്‍ എന്നിവരാണ്.അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുുകളിലെ വിദ്യാര്‍ഥി കള്‍ക്കായി ബ്ലൂമിങ് മൈന്‍ഡ്സ്, ഒമ്പത്, 10 ക്ലാസുകാര്‍ക്കായി ബ്യൂട്ടിഫുള്‍ മൈന്‍ഡ്സ്, ഹയര്‍ സെക്കഡറി വിദ്യാര്‍ഥികള്‍ക്കായി കരിസ്മാ ഫൗണ്ടേഷന് കോഴ്സ്, കോളജ് വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് ആഡോണ് കോഴ്സ്, തുടര്‍പഠിതാക്കള്‍ക്കായി എറൈസ് പാഗ്രാം, പി.എസ്.സി. കോച്ചിങ് മുതലായവ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന മറ്റു പരിശീലനപദ്ധതികളാണ്.സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ സ്റ്റഡീസ്, ബാംഗ്ലൂര്‍ ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി മുതലായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പാലായില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനെത്തും. പബ്ളിക് അഡ്മിനിസ്ട്രേഷന് ഡിഗ്രിയോടൊപ്പം മൂന്നു വര്‍ഷങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന സിവില്‍ സര്‍വീസ് ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് 21-ാം വയസില്‍ ഐഎഎസി ല്‍ എത്തുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കും.
ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ആന്‍ഡ് ഡീന്‍ അക്കാദമിക് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.