സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ കാട്ടാന ആക്രമണത്തിൽ യുവകർഷകൻ മരിച്ചു. വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രാജീവാണ് (38) ചൊവ്വാഴ്ച രാത്രി മരിച്ചത്. രാത്രി കൃഷിയിടത്തിൽ ആനയിറങ്ങിയതറിഞ്ഞ് തുരത്താൻ പോയപ്പോഴാണ് ദാരുണാന്ത്യം.
കാച്ചിൽ കൃഷി ചെയ്യുന്ന വയലിൽ ആനയിറങ്ങിയ വിവരം രാത്രി ഒന്പതോടെയാണു പ്രദേശവാസി രാജീവിനെ ഫോണിൽ അറിയിച്ചത്. ഉടൻ കൃഷിയിടത്തിലേക്കു പോയ രാജീവ് രാത്രി 11.30 ആയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാരും അയൽക്കാരും അന്വേഷിക്കുന്നതിനിടെയാണ് കൃഷിയിടത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണു മരണം സ്ഥിരീകരിച്ചത്.
പ്രാഥമിക പരിശോധനയിൽ രാജീവിന്റെ ദേഹത്ത് പരിക്കുകളുണ്ടായിരുന്നില്ല. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തി. ഇതോടെയാണ് മരണം കാട്ടാന ആക്രമണത്തിലാണ് എന്നതിൽ സ്ഥിരീകരണമായത്. രാജീവ് വീണുകിടന്ന ഭാഗത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽപ്പെട്ട സ്ഥലമാണു പച്ചാടി. ഇവിടെ ആന ഇറങ്ങിയതറിഞ്ഞ് രാത്രി പത്തോടെ ഫോറസ്റ്റ് പട്രോളിംഗ് ടീം എത്തിയിരുന്നു. ആനയെ കാട്ടിലേക്കു തുരത്തിയശേഷമാണ് ടീം മടങ്ങിയത്. ഇതിനു പിന്നാലെയാണു പച്ചാടിയിൽ ഒരാളെ ആന തട്ടിയെന്നും ആശുപത്രിയിലേക്കു കൊണ്ടുപോയെന്നുമുള്ള വിവരം വനം ഓഫീസിൽ ലഭിച്ചത്.
പരേതനായ കുഞ്ഞച്ചെട്ടി- കാർത്യായനി ദന്പതിമാരുടെ മകനാണ് രാജീവ്. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. രാജീവിന്റെ കുടുംബത്തിന് ആറു ലക്ഷം രൂപ സമാശ്വാസധനം ഉടൻ നൽകുമെന്ന് വനം അധികൃതർ അറിയിച്ചു. സംസ്കാരച്ചെലവിന് 20000 രൂപ അനുവദിച്ചു.
Tags : Young farmer dies attack Rajeev death wild Elephant