"കേബിൾ ഓപറേറ്റേഴ്സിന്റെ പ്രശ്നം നിയമസഭയിൽ ഉന്നയിക്കും'
1532853
Friday, March 14, 2025 5:38 AM IST
തിരൂർ: കേബിൾ ഓപറേറ്റേഴ്സിന്റെ പ്രശ്നം നിയമസഭയിൽ ഉന്നയിക്കുമെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ. കെഎസ്ഇബിയുടെ കേബിൾ ടിവി വിരുദ്ധ നിലപാടിനെതിരേ കേബിൾ ടിവി ഓപറേറ്റേഴ്സ് അസോസിയേഷൻ(സിഒഎ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ കെഎസ്ഇബി സർക്കിൾ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേബിൾ ടിവി-ബ്രോഡ് ബാൻഡ് വൈദ്യുതിപോസ്റ്റ് വാടക കുറയ്ക്കുക, ഒന്നിൽ കൂടുതൽ കേബിളുകൾക്ക് പ്രത്യേക നിരക്ക് തീരുമാനം പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ റൈറ്റ് ഓഫ് വേ നിർദേശം നടപ്പിലാക്കി പോസ്റ്റ് വാടക 100 രൂപ യാക്കി കുറയ്ക്കുക, കെ ഫോൺ കണക്ഷന് പോസ്റ്റ് വാടക ഒഴിവാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
സിഒഎ ജില്ലാ പ്രസിഡന്റ് സി. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സിപിഎം തിരൂർ ഏരിയാ സെക്രട്ടറി ഷാജി, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.എ. പദ്മകുമാർ, ബിജെപി സംസ്ഥാന സമിതി അംഗം ജയചന്ദ്രൻ മാസ്റ്റർ, സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബൂബക്കർ സിദ്ദിഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. സുരേഷ് കുമാർ, പി. രഘുനാഥൻ, സിഒഎ ജില്ലാ സെക്രട്ടറി കെ. സാജിത്, ജില്ലാ വൈസ് പ്രസിഡന്റ് സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.