മതിൽ തകർന്ന് വീടിന് മുകളിൽ വീണു
1567376
Sunday, June 15, 2025 4:43 AM IST
എടപ്പാൾ:കനത്ത മഴയിൽ എടപ്പാൾ വെങ്ങിനിക്കരയിൽ മതിൽ തകർന്ന് വീടിന് മുകളിൽ വീണു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടം. വെങ്ങിനിക്കര മണ്ണായത്ത് വളപ്പിൽ ഷംസുദീന്റെ വീടിന്റെ മതിലാണ് തകർന്ന് വീണത്.
ഷംസുദീന്റെ വീടിന്റെ താഴെ ഭാഗത്തുള്ള പള്ളിയാലിൽ സൈനബയുടെ വീടിന്റെ മുകളിലേക്കാണ് കോണ്ക്രീറ്റ് മതിൽ വീണത്. സൈനബയുടെ അടുക്കള ഭാഗവും ജനൽ, ചിമ്മിനിക്കൂട്, സമീപത്തെ വിറകുപുര എന്നിവ തകർന്നിട്ടുണ്ട്. മതിലിൽ വിള്ളൽ ഷംസുദീന്റെ ശ്രദ്ധയിൽ പെട്ടതിനാൽ പെട്ടെന്ന് തന്നെ സൈനബയുടെ വീട്ടുകാരെ മാറ്റുകയായിരുന്നു.
ആളുകളെ മാറ്റി അധികസമയം ആകും മുന്പേ വലിയ ശബ്ദത്തോടെ മതിൽ തകർന്ന് വീഴുകയായിരുന്നു. സൈനബയുടെ വീടിന്റെ നാശനഷ്ടങ്ങൾക്ക് പുറമെ മതിൽ തകർന്നതിൽ മൂന്ന് ലക്ഷത്തിലേറേ രൂപയുടെ നഷ്ടം കണക്കാക്കുന്നു.