പിലിക്കോട് ദേശീയപാതയിൽ വിള്ളൽ, ഓട്ടയടയ്ക്കൽ
1564447
Tuesday, June 3, 2025 1:56 AM IST
പിലിക്കോട്: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ പിലിക്കോട് പുതിയ ടാറിംഗിൽ വിള്ളൽ. പിലിക്കോട് തോട്ടം ജംഗ്ഷനിലെ മേൽപ്പാലത്തിൽനിന്നു പടുവളം ഭാഗത്തേക്കുള്ള 150 മീറ്റർ നീളത്തിലാണ് ടാറിംഗ് ലെയറിൽ ഇന്നലെ പുലർച്ചെ വിള്ളൽ കണ്ടത്. തോട്ടം ജംഗ്ഷൻ മുതൽ മേൽപ്പാലവും അനുബന്ധ റോഡുകളും 10 മീറ്ററോളം ഉയരത്തിലാണ് നിർമിച്ചിട്ടുള്ളത്. ഇവിടെ ദേശീയപാത ഇതു വരെ തുറന്നിട്ടില്ല. സർവീസ് റോഡിലൂടെയാണ് രണ്ടു വശത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്.
ടാറിംഗിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ പുലർച്ചെ ചിത്രങ്ങൾ കമ്പനി അധികൃതർക്ക് അയച്ചതോടെ ദേശീയപാത കരാർ കമ്പനിയുടെ ജീവനക്കാരെത്തി ടാർ ഒഴിച്ചും കോൺക്രീറ്റ് മിക്സിട്ടും വിള്ളലടക്കാൻ ശ്രമം നടത്തുകയും ചെയ്തു.
തോട്ടം ജംഗ്ഷൻ മുതൽ പടുവളം ഭാഗത്തേക്കും മട്ടലായി ഭാഗത്തേക്കും ഒരു കിലോമീറ്ററോളം നീളത്തിലാണ് മേൽപ്പാലവും അനുബന്ധ റോഡും നിർമിച്ചിട്ടുള്ളത്.നാട്ടുകാർ ദേശീയപാതാ വിഭാഗത്തിലും ജില്ലാ ഭരണകൂടത്തിലും കരാർ കമ്പനി അധികൃതരെയും പരാതി അറിയിച്ചിട്ടുണ്ട്.