കൃത്രിമ രേഖകള്‍ ചമച്ച് ലോണ്‍ അനുവദിച്ച് നല്കിയ നാല് ഉദ്യോഗസ്ഥര്ക്കെതിരേ കേസ്
1565144
Thursday, June 5, 2025 7:50 AM IST
കണ്ണൂര്‍: ഭവന നിര്‍മാണ ബോര്‍ഡിന്റെ പേരില്‍ വ്യാജരേഖകളും സാക്ഷ്യപത്രങ്ങളും ചമച്ച് ലോണ്‍ അനുവദിച്ച് കൊടുത്ത് ലക്ഷങ്ങള്‍ സാമ്പത്തിക നഷ്ടം വരുത്തിയെന്ന പരാതിയില്‍ ഉദ്യോഗസ്ഥരായ നാലുപേര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷന് എന്‍ജിനിയര്‍ കെ.പി. വിജയന്റെ പരാതിയിലാണ് ഓഫീസില്‍ ജോലി ചെയ്ത ഡെപ്യൂട്ടി സെക്രട്ടറി മമ്പറം കായലോട് സ്വദേശി കെ. അലി, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മേന്‍ വടകര പഴങ്കാവ് താഴെ കക്കാട്ടുപറമ്പ് സ്വദേശി എം. രാജന്, മരണപ്പെട്ട എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ കൊല്ലം മായിലക്കാട് സ്വദേശി ലോഹിത ദാസ്, അസി. എന്‍ജിനിയര്‍ പാറപ്പുറം വയലിലെ പുരുഷോത്തമന് കൊയിലേരികയന് എന്നിവര്‍ക്കെതിരെ കേസെടുത്തത്.
2018-19ന് മുമ്പ് വായ്പ എടുത്ത് എട്ട് വായ്പക്കാര്‍ക്ക് ലോണ്‍ അനുവദിച്ചുകൊടുക്കുന്നതിന് ബോര്‍ഡിന്റെ കണ്ണൂര്‍ ഓഫീസിലെ ഉത്തരവാദപ്പെട്ടവരായ ഉദ്യോഗസ്ഥര്‍ ലോണ്‍ അപേക്ഷകര്‍ക്ക് കൃത്രിമ സ്റ്റേജ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്കി വായ്പ അനുവദിച്ച് കൊടുത്ത് കൃത്രിമ സാക്ഷ്യപത്രങ്ങള്‍ ചമച്ച് ഹാജരാക്കിയും ബോര്‍ഡിന് സാമ്പത്തിക നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.