ഈസ്റ്റ് എളേരി പഞ്ചായത്ത് പുരസ്കാരം ഏറ്റുവാങ്ങി
1566809
Friday, June 13, 2025 2:16 AM IST
ചിറ്റാരിക്കാൽ: മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഈസ്റ്റ് എളേരി പഞ്ചായത്തിന് സംസ്ഥാന ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ പുരസ്കാരം ലഭിച്ചു. വിവിധ മേഖലകളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈസ്റ്റ് എളേരിക്ക് പഞ്ചായത്ത് അസോസിയേഷൻ പുരസ്കാരം നൽകിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതിനിർവഹണത്തിൽ 105.11 ശതമാനവും, നികുതി പിരിവിൽ 100ശതമാനവും നേട്ടം കൈവരിയ്ക്കാൻ പഞ്ചായത്തിന് സാധിച്ചിരുന്നു. റോഡ് വികസനമടക്കം അടിസ്ഥാനസൗകര്യവികസനത്തിലും മികച്ച പ്രവർത്തനങ്ങൾ ആണ് നടത്തിയത്. ജില്ലാ ആസൂത്രണ സമിതി, ജില്ലാ പഞ്ചായത്ത് അസോസിയേഷൻ എന്നിവരുടെ പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി പുരസ്കാരം ഏറ്റുവാങ്ങി.