സമുദ്രതീരം സാഹിത്യ പുരസ്കാരം ബാബു പാക്കനാർക്ക്
1340273
Thursday, October 5, 2023 12:24 AM IST
കൊല്ലം: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജനകേന്ദ്രം ഏർപ്പെടുത്തിയ സമുദ്രതീരം സാഹിത്യ പുരസ്കാരത്തിന് കവി ബാബുപാക്കനാർ അർഹനായി. പാക്കനാരുടെ കവിതകൾ എന്ന സമാഹാരത്തെ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
25,000 രൂപയും ശില്പവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. കൊല്ലം ശ്രീനാരായണ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ ചെയർമാനും ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി കെ. പ്രസാദ് കൺവീനറും കവി കെ.ജി രാജു, ഡോ. ആർ. ജയചന്ദ്രൻ എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്.
ഈ മാസം രണ്ടാം വാരത്തിൽ കല്ലുവാതുക്കൽ സമുദ്രതീരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സദസിൽ മന്ത്രി ആന്റണിരാജു പുരസ്കാര സമർപ്പണം നടത്തുമെന്ന് ട്രസ്റ്റ് സെക്രട്ടറി റൂവൽസിംഗ് അറിയിച്ചു. ഡോ. ആർ. സുനിൽകുമാർ, ഡോ. ആർ. ജയചന്ദ്രൻ, കെ.ജി രാജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.