ആശമാർക്ക് 1000രൂപ അധികം നൽകും : തൊടിയൂർ പഞ്ചായത്ത് ബജറ്റ്
1536675
Wednesday, March 26, 2025 6:41 AM IST
കരുനാഗപ്പള്ളി: കഴിഞ്ഞ ഒന്നര മാസക്കാലത്തിലേറെയായി സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് ആശ്വാസം പകർന്ന് തൊടിയൂർ പഞ്ചായത്ത് ബജറ്റ്. പഞ്ചായത്തിലെ 46 ആശമാർക്ക് 1000രൂപ വീതം അധിക ഇൻസെന്റീവ് നൽകാൻ 5,52000 രൂപ വകയിരുത്തി.
കൂടാതെ സമ്പൂർണ ഭൂരഹിത -ഭവനരഹിത പഞ്ചായത്ത് ആക്കി മാറ്റുവാനും ആരോഗ്യമേഖല, കാർഷികമേഖല, ദാരിദ്ര്യലഘുകരണം, മാലിന്യനിർമാർജനം, മൃഗസംരക്ഷണം എന്നീ മേഖലകൾക്കും പ്രാധാന്യം നൽകിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ആകെ 57കോടി 14 ലക്ഷം രൂപ വരവും 51കോടി 56 ലക്ഷം രൂപ ചെലവും 5കോടി 57 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അവതരിപ്പിച്ചു.
ഭവനനിർമാണത്തിന് 10കോടി രൂപയും ദാരിദ്ര്യ ലഘുകരണത്തിന് 10കോടി രൂപയും ആരോഗ്യ വിദ്യാഭ്യാസ മേകലക്ക് 1കോടി 66ലക്ഷവും മാലിന്യ നിർമാർജനത്തിന് 76 ലക്ഷം രൂപയും പട്ടികജാതി പട്ടികവർഗ ക്ഷേമത്തിന് ഒരുകോടി രൂപയും റോഡുകളുടെ നവീകരണത്തിന് മൂന്നു കോടി 84 ലക്ഷവും സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് 62,50,000/-രൂപയും കാർഷികമേഖലക്ക് 39,94,000/-രൂപയും ബജറ്റിൽ വകയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം,ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ടി.രാജീവ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.ശ്രീകല, ഷാനിമോൾ പുത്തൻവീട്ടിൽ,
ഷബ്ന ജവാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിത അശോക്, സുധീർ കാരിക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെ.ധർമദാസ്, യു.വിനോദ്, ബിന്ദു രാമചന്ദ്രൻ, നജീബ് മണ്ണേൽ, ടിഇന്ദ്രൻ, തൊടിയൂർ വിജയകുമാർ, സി.ഒ.കണ്ണൻ,പി.ഉഷാകുമാരി, സെക്രട്ടറി സി. ഡെമസ്റ്റൻ, സിഡിഎസ് ചെയർപേഴ്സൺ കല തുടങ്ങിയവർ പങ്കെടുത്തു.