മൈലാടുപാറയില്‍ പുതിയ ആരോഗ്യകേന്ദ്രം
1336037
Saturday, September 16, 2023 11:28 PM IST
പത്തനംതിട്ട: നഗരസഭ 16-ാം വാര്‍ഡിലെ മൈലാടുപാറ താഴത്ത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന് നഗരസഭയ്ക്ക് അനുവദിച്ച 1.33 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന മൂന്ന് വെല്‍നെസ് സെന്ററുകളില്‍ രണ്ടാമത്തേതാണ് മൈലാടുപാറ താഴത്തേത്.
പത്തനംതിട്ട നഗരസഭ വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന് ഗ്രാന്റ് ഉപയോഗിച്ച് സെന്ററുകള്‍ ആരംഭിക്കുന്നത്.
ഓരോ ആരോഗ്യ കേന്ദ്രത്തിലും പരിശോധന മുറി, നിരീക്ഷണ മുറി, കാത്തിരിപ്പുകേന്ദ്രം, വെല്‍നെസ് റൂം, ശൗചാലയം, ഫാര്‍മസി, നഴ്സിംഗ്് സ്റ്റേഷന്, ലാബ് കം സ്റ്റോര്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും.
ഒരു മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവര്‍ സേവനത്തിനായി ഉണ്ടാകും. മൂന്ന് വെല്‍നെസ് സെന്ററുകളോടൊപ്പം ഒരു പോളി ക്ലിനിക്കും നഗരസഭ ആരംഭിക്കും.
ജനറല്‍ മെഡിസിന്, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ത്വക്ക് രോഗ വിഭാഗം, നേത്ര ചികിത്സാവിഭാഗം, മാനസിക, ദന്താരോഗ്യ വിഭാഗം, പാലിയേറ്റീവ് മെഡിസിന്, ഫിസിയോതെറാപ്പി തുടങ്ങിയ വിദഗ്ധ ചികിത്സ പോളിക്ലിനിക്കില്‍ ലഭ്യമാക്കും.
നഗരസഭ ചെയര്മാന് അധ്യക്ഷനായുള്ള സമിതിയെയാണ് പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണം ഉറപ്പു വരുത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ആരോഗ്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസറും കമ്മറ്റിയിലെ അംഗങ്ങളാണ്.
ആരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണ പുരോഗതി നഗരസഭാധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന് വിലയിരുത്തി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ് ഒപ്പമുണ്ടായിരുന്നു.