ഇടിമിന്നലിൽ വീടിനു നാശനഷ്ടം
1299457
Friday, June 2, 2023 10:37 PM IST
എരുമേലി: ഇന്നലെ വൈകുന്നേരം തുടർച്ചയായുണ്ടായ ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന് നാശനഷ്ടം. വീട്ടിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗും മെയിൻ സ്വിച്ചും ഫ്രിഡ്ജും തകർന്നു. പ്രപ്പോസ് വാർഡിൽ കൊടിത്തോട്ടം ഭാഗത്ത് കൈതോലിൽ മനോജിന്റെ വീട്ടിലാണ് ഇടിമിന്നലേറ്റത്. മനോജും ഭാര്യ രാധികയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇടിയുടെ ശബ്ദം കേട്ട് ഇവർ മുറിയിലേക്ക് ഓടിക്കയറി. അടുത്ത മിന്നലിൽ വീട്ടിലെ വൈദ്യുതി ബന്ധങ്ങൾ തകരുകയായിരുന്നു. നാട്ടുകാരനായ ബിനോയ് മിന്നലേറ്റ് മരിച്ച സംഭവത്തെ തുടർന്ന് പഞ്ചായത്ത് ഇടപെട്ട് ഇടിമിന്നൽ രക്ഷാ ചാലകങ്ങൾ സ്ഥാപിച്ചിരുന്നു. ഇവ ഇപ്പോൾ ഉപയോഗയോഗ്യമല്ല.
പഠനോപകരണങ്ങൾ നൽകി
ഇളങ്ങുളം: സെന്റ് മേരീസ് എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇളങ്ങുളം സെന്റ് മേരീസ് എൽപി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. വികാരി ഫാ. ഡാർവിൻ വാലുമണ്ണേൽ ഹെഡ്മിസ്ട്രസ് ജോളി ചെരുവിലിന് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എസ്എംവൈഎമ്മിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബാഗ്, കുട, ബുക്ക്, പേന തുടങ്ങിയ പഠനോപകരണങ്ങളാണ് കുട്ടികൾക്കായി നൽകിയത്. ഇളങ്ങുളം എസ്എംവൈഎം ഭാരവാഹികൾ നേതൃത്വം നൽകി.
വണ്ടൻപതാൽ: സെന്റ് പോൾസ് എൽപി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്തംഗം ജിനീഷ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മിനു കെ. വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ ജോയി പുളിക്കൽ, സിസിലി ജോസഫ്, ലൂസി തോമസ് എന്നിവർ പ്രസംഗിച്ചു.