ഭിന്നശേഷി ദിനാചരണവും കായികോത്സവവും നടത്തി
1375923
Tuesday, December 5, 2023 4:47 AM IST
അതിരമ്പുഴ: ഏറ്റുമാനൂർ ബിആർസിയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണ സമ്മേളനവും കായികോത്സവവും അതിരമ്പുഴയിൽ നടത്തി.
അതിരമ്പുഴ ചന്തക്കവലയിൽനിന്നും ആരംഭിച്ച വിളംബര ജാഥയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ബോബി ജയിംസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗങ്ങൾ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർക്കാപ്പം സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ബാൻഡ് ടീം, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ എൻസിസി ടീം, ഗവൺമെന്റ് ടിടിഐ അധ്യാപക വിദ്യാർഥികൾ തുടങ്ങിയവർ റാലിയിൽ പങ്കുചേർന്നു. ഭിന്നശേഷി വിഭാഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഗ് കാൻവാസിൽ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ആദ്യ കയ്യൊപ്പ് പതിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജയിംസ് തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, പഞ്ചായത്ത് മെംബർ ജോസ് അമ്പലക്കുളം, ഗവൺമെന്റ് ടിടിഐ പ്രിൻസിപ്പൽ ജയകുമാർ, സെന്റ് മേരീസ് എൽപി സ്കൂൾ പ്രധാനാധ്യാപിക ഡെയ്സമ്മ ദേവസ്യ, ബിപിസി ആഷ ജോർജ്, അനീഷ് നാരായണൻ, സിആർസി കോ ഓർഡിനേറ്റർ അശ്വനി പി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. പുന്നത്തറ ഗവൺമെന്റ് യുപി സ്കൂൾ അധ്യാപകൻ കെ.ജെ. ജോബിനെ ചടങ്ങിൽ ആദരിച്ചു.