ധന്യന്‍ കദളിക്കാട്ടിലച്ചന്‍ കരുണാര്‍ദ്ര സ്നേഹത്തിന്റെ പ്രേഷിതന്: റവ.ഡോ. ഡൊമിനിക് വെച്ചൂര്‍
1561490
Wednesday, May 21, 2025 11:49 PM IST
പാലാ: തിരുഹൃദയ ഭക്തനായ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന് ഈശോയുടെ തുറക്കപ്പെട്ട ഹൃദയത്തിലൂടെ ഒഴുക്കപ്പെട്ട കരുണാര്‍ദ്ര സ്നേഹത്തിന്റെ പ്രേഷിതനായിരുന്നുവെന്ന് വടവാതൂര്‍ സെമിനാരി റെക്ടര്‍ റവ.ഡോ. ഡൊമിനിക് വെച്ചൂര്‍. ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള നവനാളിന്റെ എട്ടാം ദിനമായ ഇന്നലെ പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
തുറക്കപ്പെട്ട ഈശോയുടെ പാര്ശ്വത്തിലേക്ക് മത്തായി അച്ചന് അനേകരെ നയിച്ചു. അതിന് അദ്ദേഹത്തിന് ബലം പകര്‍ന്നത് ദിവ്യകാരുണ്യ സന്നിധിയിലെ നിശബ്ദമായ പ്രാര്‍ഥനയാണ്. ദൈവത്തിന്റെ മനസ് കൂട്ടി വായിക്കാനും അത് മറ്റുള്ളവര്‍ക്ക് പങ്കുവച്ചു കൊടുക്കാനും ആ ധന്യജീവിതത്തിന് സാധിച്ചു.സുവിശേഷത്തിലെ ചെറിയ കടുകുമണി വളര്‍ന്നുപന്തലിച്ച് പക്ഷികള്‍ അതില്‍ വസിച്ചു. അതുപോലെ തന്നെയാണ് മത്തായി അച്ചന്റെ ജീവിതവും. വിശുദ്ധരുടെ കബറിടം എപ്പോഴും പുണ്യകുടീരങ്ങളാണെന്നും വിശ്വാസജീവിത വഴികളില്‍ മരുഭൂമിയിലെ മരുപ്പച്ച പോലെയാണ് വിശുദ്ധരുടെ കബറിടത്തിലെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുര്‍ബാന, നവനാള്‍ പ്രാര്‍ഥന - റവ. ഡോ. വര്‍ഗീസ് കുറ്റിയില്‍ (ഒഐസി സുപ്പീരിയര്‍ ജനറല്‍ ബദനി ആശ്രമം, കോട്ടയം).
ചരമവാര്‍ഷിക ദിനമായ നാളെ രാവിലെ പത്തിന് സമൂഹബലി. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 11.45ന് കബറിടത്തിങ്കല്‍ ചരമവാര്‍ഷികാചരണ പ്രാര്‍ഥനകള്‍. 12ന് ശ്രാദ്ധ നേര്‍ച്ച വെഞ്ചരിപ്പ് - മാര്‍ ജോസഫ് കല്ലറങ്ങാട്ട്.