അടിവാരം-കോട്ടത്താവളം-കോലാഹലമേട് റോഡ് ഉദ്ഘാടനം ഇന്ന്
1563408
Thursday, May 29, 2025 11:50 PM IST
പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ അടിവാരത്തുനിന്നു കോട്ടത്താവളംവഴി കോലാഹലമേട്ടിലേക്ക് നാട്ടുകാര്‍ നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനം ഇന്നു നടക്കും. അഞ്ചു കിലോമീറ്റര്‍ വരുന്ന റോഡിനായി ജനകീയ പങ്കാളിത്തത്തോടെ 25 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കോട്ടയം-ഇടുക്കി ജില്ലകളെ യോജിപ്പിക്കുന്ന ഈ റോഡ് പൂഞ്ഞാറില്‍നിന്നു കോലാഹലമേട്ടിലേക്കുള്ള രാജപാതയായിരുന്നു. പാറകളില്‍ കൊത്തിയിട്ടുള്ള നടകള്‍ ഇപ്പോള്‍ റോഡില്‍ കാണാം. പൂഞ്ഞാര്‍ നടുഭാഗം -പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ വില്ലേജുകളുടെ സംഗമം സര്‍വേ കല്ലും ഈ റോഡിലാണ്. മീനച്ചീല്‍, പീരുമേട്, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ സംഗമസ്ഥാനമാണ് കോട്ടത്താവളം.
പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍, ഏലപ്പാറ പഞ്ചായത്തുകള്‍ ഇവിടെ സംഗമിക്കുന്നു. അതിമനോഹരമായ കോട്ടത്താവളം വെള്ളച്ചാട്ടവും ഈ വഴിക്കാണ്. മഞ്ഞുപാളികള്‍ തീര്‍ക്കുന്ന അതിവിസ്മയ വര്‍ണമനോഹരമായ കാഴ്ചകളും നൂറുകണക്കിനു മാമലനിരകളുടെ അതിവിദൂര കാഴ്ചകളും ഈ വഴിയെ കൂടുതല്‍ സുന്ദരമാക്കുന്നു. വയനാട്ടിലെ ചുരംപോലെ ആറു വളവുകളാണ് ഈ റോഡിലുള്ളത്. പുതിയ റോഡ് പൂര്‍ത്തിയായതോടെ ഈരാറ്റുപേട്ട -തീക്കോയി-വാഗമണ്‍ റോഡിനു സമാന്തര പാതയുമായിരിക്കുകയാണ്. വാഗമണ്‍ കുരിശുമല - മുരുകന്മല-തങ്ങള്പാറ തീര്‍ഥാടന കേന്ദ്രങ്ങളുടെ സമീപത്തുകൂടി റോഡ് കടന്നുപോകുന്നു എന്നതാണ് റോഡിന്റെ മറ്റൊരു പ്രത്യേകത.
ഇന്നു വെകുന്നേരം 4.30ന് അടിവാരം സെന്റ് എല്‍പി സ്കൂളില്‍ ചേരുന്ന സമ്മേളനത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ഷോണ്‍ ജോര്‍ജ്, കുമാരി അനുപമ, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ്, ഐആര്‍എസ് ഇന്‍കം ടാക്സ് കമ്മീഷണര്‍ ജ്യോതിഷ് മോഹന്‍, റോഡ് കമ്മിറ്റി കണ്‍വീനര്‍മാരായ ഫാ. സെബാസ്റ്റ്യന്‍ കടപ്ലാക്കല്‍, അലോഷ്യസ് ഏബ്രഹാം ഐക്കരപ്പറമ്പില്‍, ജിസോയി ഏര്‍ത്തേല്‍, ജോണി ഫ്രാന്‍സിസ് തടത്തില്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.