നഗരസഭാ കൗണ്‍സില്‍ ഹാള്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ സംഭവം: അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്
1565883
Monday, June 9, 2025 7:37 AM IST
ചങ്ങനാശേരി: നഗരസഭാ കൗൺ സിൽ ഹാൾ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ആവശ്യപ്പെട്ടു. 50 വര്‍ഷത്തോളം കാലപ്പഴക്കമുള്ളതും ജീര്‍ണാവസ്ഥയിലെന്ന് എന്‍ജിനിയറിംഗ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതുമായ കെട്ടിടത്തിലാണ് ഫ്രണ്ട് ഓഫീസ് നവീകരണമെന്ന പേരില്‍ 50 ലക്ഷം രൂപ വിനിയോഗിച്ച് കൗണ്‍സില്‍ ഹാള്‍ പുതുക്കിപ്പണിതത്.
നിലവില്‍ എല്ലാ സൗകര്യങ്ങളുമുള്ള കൗണ്‍സില്‍ ഹാള്‍ നിലനില്‍ക്കുമ്പോഴാണ് മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ജോബിയുടെ കാലത്ത് ഫണ്ടു വഴിമാറ്റി ചെലവഴിച്ച് പുതിയ കൗണ്‍സില്‍ ഹാള്‍ നവീകരിച്ചത്. നഗരസഭയുടെ പണം ധൂര്‍ത്തടിക്കുന്നതിന്റെ വലിയ ഉദാഹരണമാണ് കൗണ്‍സില്‍ഹാള്‍ നവീകരണമെന്നും യുഡിഎഫ് യോഗം കുറ്റപ്പെടുത്തി.
പുനര്‍നിര്‍മിച്ച കൗണ്‍സില്‍ ഹാളിന്റെ താഴെ പ്രവര്‍ത്തിക്കുന്ന റവന്യു, ജനറല്‍ വിഭാഗങ്ങളിലും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുനില്‍ക്കുകയാണ്. ഏതു സമയവും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ് കെട്ടിടം. നിര്‍മാണത്തിനു പിന്നില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് സംബന്ധിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോമി ജോസഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ലീഡര്‍ സന്തോഷ് ആന്റണി, കെ.എം. നെജിയാ, എത്സമ്മ ജോബ്, ഷൈനി ഷാജി, റെജി കേളമ്മാട്ട്, മോളമ്മ സെബാസ്റ്റ്യന്‍, ശ്യാം സാംസണ്, ബീന ജിജന് എന്നിവര്‍ പ്രസംഗിച്ചു.