അപകടഭീഷണിയായി റോഡിലെ കുഴി
1567238
Saturday, June 14, 2025 7:34 AM IST
തലയാഴം: തലയാഴം പഞ്ചായത്ത് ഓഫീസിനു സമീപം സഹകരണ ബാങ്കിനു മുന്നിലായി റോഡിൽ രൂപപ്പെട്ട വൻ കുഴിയിൽ ഇരുചക്രവാഹന യാത്രികർ വീണ് പരിക്കേൽക്കുന്നു. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഇവിടെ പാകിയ കട്ടകളിൽ ചിലത് തകർന്നതോടെയാണ് കുഴി രൂപപ്പെട്ടത്.
വെള്ളം നിറഞ്ഞ കുഴിയറിയാതെ വരുന്ന ഇരുചക്ര വാഹനങ്ങൾ വലിയ ശബ്ദത്തോടെ കുഴിയിൽ പതിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത്. ഓട്ടോറിക്ഷ, കാർ തുടങ്ങിയ വാഹനങ്ങളും കുഴിയിൽ ചാടി തകരാറിലാകുന്നുണ്ട്. കൃഷിഭവനു മുന്നിലും ഇത്തരത്തിൽ കട്ട തകർന്ന് രൂപപ്പെട്ട വൻ കുഴി വാഹന യാത്രികർക്ക് അപകടക്കെണിയാകുന്നുണ്ട്. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.