ഇടുക്കി ഗവ. നഴ്സിംഗ് കോളജിൽ ആദ്യഘട്ട പ്രവേശനം പൂർത്തിയായി: മന്ത്രി റോഷി അഗസ്റ്റിൻ
1339791
Sunday, October 1, 2023 11:25 PM IST
ചെറുതോണി : ഇടുക്കി ഗവണ്മെന്റ് മെഡിക്കൽ കോളജിനേോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന നഴ്സിംഗ് കോളജിലേക്ക് 48 വിദ്യാർഥികൾ ആദ്യഘട്ടത്തിൽ പ്രവേശനമെടുത്തതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ബിഎസ്സി നഴ്സിംഗ് കോഴ്സിലേക്ക് 60 സീറ്റുകളാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.
എൽബിഎസ് മുഖേന പ്രവേശന പരീക്ഷ നടത്തി സംസ്ഥാനത്തെ വിവിധ കോളജുകളിൽ പ്രവേശനം നൽകുന്ന പട്ടികയിൽനിന്നുമാണ് ഇടുക്കിയിലേക്കുള്ള നഴ്സിംഗ് പ്രവേശനം നൽകുന്നത്. ശേഷിക്കുന്ന 12 സീറ്റുകളിലേക്കുള്ള പ്രവേശനം എൽബിഎസ് മുഖേന അടുത്ത ആഴ്ച പൂർത്തിയാകും.
മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ ഓഫീസിനോട് ചേർന്ന് ക്ലാസ് റൂമുകൾ, നഴ്സിംഗ് കോളജ് ഓഫീസ് എന്നിവയുടെ നിർമാണം പൂർത്തിയായി വരികയാണ്. നിർമിതി കേന്ദ്രത്തെയാണ് നിർമാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
പതിനാറിന് ക്ലാസ് ആരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവേശനം നേടുന്ന വിദ്യാർഥികൾക്കായുള്ള ഹോസ്റ്റൽ സൗകര്യം ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി മുഖേന സാധ്യമാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.