റോഡ് നിർമിക്കാൻ റിലേ നിരാഹാര സമരം
1376329
Wednesday, December 6, 2023 11:39 PM IST
ചെറുതോണി: കൊച്ചുകരിമ്പൻ - സിഎസ്ഐ പള്ളിക്കുന്ന് റോഡിനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരേ റിലേ നിരാഹാര സമരം ആരംഭിച്ചു. നിരാഹാരം അനുഷ്ഠിക്കുന്ന സമരസമിതി നേതാവ് സി.ഒ. ജിയോയെ ഭിക്ഷാടന സമരത്തിലൂടെ സമൂഹ ശ്രദ്ധ നേടിയ അടിമാലിയിലെ മറിയക്കുട്ടി ചാക്കോ സമരപന്തലിലേക്ക് സ്വീകരിച്ച് സമരം ഉദ്ഘാടനം ചെയ്തു.
അരനൂറ്റാണ്ടിലധികമായി തകർന്നു കിടക്കുന്ന മരിയപുരം പഞ്ചായത്തിലെ കൊച്ചുകരിമ്പൻ - സി എസ് ഐ പള്ളിക്കുന്ന് റോഡിന്റെ നിർമാണത്തിനായി നാട്ടുകാർ നിരവധിത്തവണ ജനപ്രതിനിധികളെയും മറ്റ് അധികൃതരെയും സമീപിച്ചിരുന്നു. നിരവധി പ്രതിഷേധ പരിപാടികൾ നാട്ടുകാർ മുൻപ് സംഘടിപ്പിച്ചിട്ടുണ്ട്.
മരിയാപുരം പഞ്ചായത്ത് പോലും ജനങ്ങളെ അവഗണിച്ച സാഹചര്യത്തിലാണ് സമരസമിതിയുടെ നേതൃത്വത്തിൽ കൊച്ചുകരിമ്പനിൽ റിലേ നിരാഹാര സമരം ആരംഭിച്ചത്. ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട് മുഖ്യപ്രഭാഷണം നടത്തി. സാബു രാഗധാര അധ്യക്ഷത വഹിച്ചു.