ബസിൽ മറന്നുവച്ച ബാഗ് യാത്രക്കാരനെ തിരികെയേൽപ്പിച്ചു
1279237
Monday, March 20, 2023 12:24 AM IST
തൃപ്പൂണിത്തുറ: ബസിൽ മറന്നു വച്ച സ്വർണാഭരണങ്ങളടങ്ങിയ ബാഗ് യാത്രക്കാരനെ കണ്ടെത്തി പോലീസ് തിരിച്ചേൽപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് നടക്കാവിൽനിന്ന് വൈറ്റില ഭാഗത്തേക്ക് ബസിൽ കയറിപ്പോയ യാത്രക്കാരനാണ് തന്റെ നാലു പവൻ സ്വർണാഭരണങ്ങളും ലാപ്ടോപ്പും വിലപിടിപ്പുള്ള സർട്ടിഫിക്കറ്റുകളുമടങ്ങിയ ബാഗ് ബസിൽ നിന്നെടുക്കാൻ മറന്നു പോയത്.
വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിയാതിരുന്ന യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന ടിക്കറ്റ് വച്ച് വൈകിട്ട് 5.45 ഓടെ ഉദയംപേരൂർ പോലീസ് സ്റ്റേഷൻ ഭാഗത്തു വച്ച് ബസ് കണ്ടെത്തിയത്. തുടർന്ന് ബാഗും സാധനങ്ങളും കണ്ടെടുത്ത് ഉദയംപേരൂർ സ്റ്റേഷനിൽ വച്ചു തന്നെ യാത്രക്കാരന് കൈമാറി.
കൺട്രോൾ റൂം 27 വാഹനത്തിലെ എഎസ്ഐ ഏലിയാസ്, സിപിഒ ജിജി എന്നിവർ ചേർന്നാണ് ബസ് കണ്ടത്തുകയും യാത്രക്കാരനെ അതു തിരിച്ചേൽപ്പിക്കുകയും ചെയ്തത്.