ചെട്ടിക്കാട് പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി
1548576
Wednesday, May 7, 2025 3:38 AM IST
പറവൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ പള്ളിയിൽ 13നു നടക്കുന്ന ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാളിന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൊടിയേറ്റി. തുടർന്നുള്ള തിരുനാൾ ദിനങ്ങളിൽ രാവിലെ ഏഴിന് ദിവ്യബലിയും വൈകിട്ട് 5.30ന് ദിവ്യബലി,നൊവേന, എന്നിവയും നടക്കും.
ശനിയാഴ്ച ഇടവക ദിനം. വൈകിട്ട് 5.30 ന് നടക്കുന്ന ദിവ്യബലിയിൽ ഇടവകയിലെ വൈദികർ കാർമികരാകും. തുടർന്ന് കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികം. ഞായറാഴ്ച രാവിലെ 9.40 ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരിക്ക് സ്വീകരണം.
സുവർണ ജൂബിലിയോടനുബന്ധിച്ച് നിർധനരായ ഒരു കുടുംബത്തിന് നിർമിച്ചു നൽകുന്ന കാരുണ്യ ഭവനത്തിന്റെ താക്കോൽദാനവും ഡോ. ഡെന്നീസ് കുറുപ്പുശേരി നിർവഹിക്കും. മെയ് 13നാണ് ഒരു ലക്ഷത്തിലേറെ പേർ പങ്കുകൊള്ളുന്ന ഊട്ടു തിരുനാൾ.
രാവിലെ 10ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനു സ്വീകരണം. തുടർന്ന് 10.15ന് ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഊട്ടുനേർച്ച ആശീർവദിക്കും.