റോഡിലെ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ കാടുകയറിയ തോടുകൾ തുറക്കണമെന്ന് ആവശ്യം
1336835
Wednesday, September 20, 2023 1:17 AM IST
മേലൂർ: റോഡിലെ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ. മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡിൽ കാലടി കപ്പേളയ്ക്കു സമീപം രൂപപ്പെട്ട വെള്ളക്കെട്ടാണു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. കനത്ത മഴയിൽ ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. വലിയ വളവു തിരിഞ്ഞുവരുന്ന ഇരുചക്രവാഹനങ്ങൾക്ക് എതിരെയുള്ള വാഹനങ്ങളെ കാണുവാൻ സാധിക്കാത്ത വിധത്തിൽ ഇരുവശങ്ങളിലുമായി പുല്ലു നിറഞ്ഞുനിൽക്കുകയാണ്.
വെള്ളക്കെട്ടിനെ മറികടന്നു പോകുമ്പോൾ മുരിങ്ങൂരിൽ നിന്നും മേലൂരിലേക്കു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കു സാധ്യത വർധിപ്പിക്കുന്നതായി യാത്രക്കാർ പറയുന്നു. റോഡിന് ഇരുവശത്തേയും തോടുകൾ മണ്ണുനിറഞ്ഞു കാടുകയറി കിടക്കുകയാണെന്നും അവ തുറക്കുവാൻ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.
മഴ കനത്തുപെയ്തിട്ടും തോടുകൾ പൂർണമായും വൃത്തിയാക്കുന്നില്ലെന്നും നേരത്തെ ശുചീകരണം നടത്തിയതു പ്രഹസനമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ട അധികൃതർ പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.