ദേശീയപാതയിലെ കുഴി; വീണ്ടും ലോറി മറിഞ്ഞു
1567506
Sunday, June 15, 2025 7:04 AM IST
പുന്നയൂർക്കുളം: അകലാട് മൂന്നയിനിയിൽ ദേശീയപാതയിലെ കുഴിയിൽ ചാടി മരം കയറ്റി വന്ന ലോറി ചെരിഞ്ഞു. മൂന്നയിനി റഹ്മത്ത് ഹാളിന് സമീപമാണ് സംഭവം. ദേശീയപാത 66ലെ സർവീസ് റോഡുകളുടെ വശങ്ങളിലെ കുഴിയടയ്ക്കാത്തതാണ് അപകടത്തിന് കാരണം.
കുഴിയടയ്ക്കണമെന്ന് നിരവധിതവണ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസം കുഴികളിൽ കമ്പനി ഇട്ട മണൽ കനത്ത മഴയിൽ ഒലിച്ചുപോയി വെള്ളം നിറഞ്ഞ് റോഡും കുഴികളും തിരിച്ചറിയാൻ കഴിയാൻ കഴിയാത്ത വിധമായി.
കുഴിയറിയാതെ വാഹനങ്ങൾ കുഴിയിൽ ചാടി ഭാരം കയറ്റിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി. ഒടുവിൽ നടന്ന അപകടം ഡ്രൈവറുടെയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലിനെതുടർന്ന് വാഹനം മറിയാതെ വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. തുടർന്ന് മൂന്ന് ജെസിബി ഉപയോഗിച്ച് കുഴിയിൽ നിന്നും കയറ്റി.