റെനീഷ
മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതുമായി ബന്ധപ്പെട്ട ഫെയർനെസ് ക്രീം വിവാദത്തിൽ പുതിയ വിശദീകരണവുമായി സീരിയൽ താരവും ഇൻഫ്ലുവൻസറുമായ റെനീഷ റഹ്മാൻ രംഗത്ത്.
താൻ മുൻപ് പ്രമോട്ട് ചെയ്ത ഉൽപ്പന്നത്തിന്റെ പേരിലുണ്ടായ വിവാദത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നില്ലെന്നും, വിഷയം നിയമപരമായി മുന്നോട്ട് പോയാൽ തന്നെ സമീപിച്ചവരുടെ വിവരങ്ങളും തനിക്കുണ്ടായ അനുഭവങ്ങളും വെളിപ്പെടുത്താൻ തയാറാണെന്നും റനീഷ പുതിയ വിഡിയോയിലൂടെ വ്യക്തമാക്കി.
റെനീഷ റഹ്മാന്റെ വാക്കുകൾ
“തെറ്റായ പ്രചരണം നടത്തുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി തീർച്ചയായിട്ടും നല്ലൊരു കാര്യം തന്നെയാണ്. ഈ സോഷ്യൽ മീഡിയയിലൊക്കെ കാണുന്ന കാര്യങ്ങൾ വിശ്വസിക്കുന്ന ഒരാൾ തന്നെയാണ് ഞാൻ. ആ ഒരു നിലയ്ക്ക് ഇതുപോലുള്ള ഒരു നടപടി വളരെ നല്ലൊരു കാര്യം തന്നെയാണ്.
പക്ഷേ ഈ ഒരു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എവിടെ നിന്നാണ് വരുന്നത്? പലർക്കും അറിയാത്ത ഒരു കാര്യം ഞാൻ പറയാം. ഇപ്പോൾ ഒരു ഉൽപന്നത്തിന്റെ ഒരു സഹകരണ അഭ്യർഥനയുമായി നമ്മളെ സമീപിക്കുന്നത് അല്ലെങ്കിൽ ഒരു ഇൻഫ്ലുവൻസറെ സമീപിക്കുന്നത് എല്ലായ്പ്പോഴും അതിന്റെനിർമാതാക്കളോ അല്ലെങ്കിൽ അത് ഉൽപ്പാദിപ്പിക്കുന്ന ആളുകളോ അല്ല; പകരം ഇതിനിടയ്ക്ക് ഒരു ഇടനിലക്കാരുണ്ട്, അവരാണ് ഈ മാർക്കറ്റിംഗ് ഏജൻസികൾ. അപ്പോൾ ഈ ഒരു ഉൽപന്നത്തിനും എന്നെ സമീപിച്ചത് അതുപോലൊരു ഏജൻസിയാണ്.
ഈ ഉൽപന്നത്തെക്കുറിച്ചുള്ള വിവരങ്ങളും വിഡിയോ എങ്ങനെയാണ് വേണ്ടത് എന്നുള്ള വിവരങ്ങളും എല്ലാം പറഞ്ഞത് ഇവരാണ്. ഇവരാണ് നമ്മളുമായിട്ട് ആശയവിനിമയം നടത്തുന്നത് മിക്ക കേസിലും. അപ്പോൾ സ്വാഭാവികമായിട്ടും ഈ ഒരു ഉൽപന്നം വന്ന സമയത്ത് തന്നെ ഞാൻ അടിസ്ഥാനപരമായി ചോദിച്ചു; എന്തൊക്കെയാണ് ഈ ഉൽപന്നത്തിന്റെ വിവരങ്ങൾ എന്ന് ചോദിച്ചപ്പോൾ അവർ ബാക്കിയുള്ള നമ്മുടെ ചർമ്മ സംരക്ഷണ ഉൽപന്നങ്ങളിലൊക്കെ കാണുന്ന പോലെ തന്നെ നിയാസിനമൈഡ്, ചന്ദനം, വിറ്റാമിൻ സി, ഗ്ലൂട്ടാത്തയോൺ, പിന്നെ മഞ്ഞൾ ഇങ്ങനെയുള്ള വിവരങ്ങളെല്ലാം അയച്ചിട്ടുണ്ടായിരുന്നു. അപ്പോൾ നമ്മൾ സാധാരണ ഇൻഫ്ലുവൻസർമാർ ചെയ്യുന്ന ഒരു കാര്യം എന്താണെന്ന് വച്ചാൽ ഈ പറയുന്ന കാര്യങ്ങൾ വിശ്വസിക്കും; ഇതു തന്നെയാണ് കുപ്പിയുടെ പുറത്തും എഴുതിയിട്ടുണ്ടാവുക.
അല്ലാതെ ഒരിക്കലും ആ ഉൽപന്നത്തിന്റെ ഉള്ളിലുള്ള രാസവസ്തുക്കൾ എന്താണെന്ന് ഒരു ഇൻഫ്ലുവൻസർക്കും അറിയാൻ കഴിയില്ല. ഇവർ പറയുന്നത് വിശ്വസിക്കുക മാത്രമല്ല, അവരുടെ സ്വന്തം ശരീരത്തിൽ അത് പുരട്ടിയിട്ടോ കഴിച്ചിട്ടോ അത് നോക്കുന്നു.
പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഇല്ല എന്നുണ്ടെങ്കിൽ കുറച്ചു ദിവസം അത് ഉപയോഗിച്ചതിനുശേഷം അത് പ്രമോട്ട് ചെയ്യുന്നു. അല്ലാതെ ഈ ഒരു ഉൽപന്നം വന്നു എന്ന് പറഞ്ഞാൽ അതിന്റെ ഒരു സാമ്പിൾ എടുത്ത് നമ്മൾ നേരെ ലാബിൽ കൊണ്ടുപോയി പരിശോധിച്ചിട്ട് ഇതിൽ രാസവസ്തുക്കൾ ഉണ്ടോ എന്നുള്ളത് നോക്കിയതിനുശേഷം ഒരു വർഷം ഉപയോഗിച്ചതിനുശേഷം ഒരു ഉൽപന്നം അവലോകനം ചെയ്യുക എന്നത് ഒരിക്കലും പ്രായോഗികമായി സാധ്യമാകുന്ന ഒരു കാര്യമല്ല. അപ്പോൾ ഇത് ഇങ്ങനെയാണ് യഥാർഥത്തിൽ ഇത് പ്രവർത്തിക്കുന്നത്. ഒരുപക്ഷേ ഇത് പ്രമോട്ട് ചെയ്യുന്ന ഇൻഫ്ലുവൻസർമാർക്ക് അറിയില്ല.
ഇതുപോലുള്ള അപകടകരമായ രാസവസ്തുക്കൾ ഇതിനകത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇൻഫ്ലുവൻസർമാർക്ക് അറിയില്ലായിരിക്കും. ഇടനിലക്കാരായ ഈ മാർക്കറ്റിംഗ് ഏജൻസിക്കാർക്കും അറിയില്ലായിരിക്കും ഇതുപോലെ ദോഷകരമായ ചേരുവകൾ ഇതിലുണ്ടെന്ന്.
പക്ഷേ ഇത് നിർമിക്കുന്ന ആളുകൾക്ക് അറിയാമല്ലോ ഇത്രയും ദോഷകരമായ ചേരുവകളാണ് ഇതിൽ കൂട്ടി ചേർക്കുന്നത് എന്ന്. ഇത് പുറത്തോട്ട് മനുഷ്യർ അത് ഒരുപാട് കാലം ദീർഘകാലം ഉപയോഗിച്ചു എന്നു വച്ചാൽ എന്തൊക്കെ ദോഷഫലങ്ങളാണ് വരുന്നത് എന്നുള്ളത് നിർമാതാക്കൾക്ക് അറിയാമല്ലോ അല്ലെങ്കിൽ ഇത് ഉൽപ്പാദിപ്പിക്കുന്നവർക്ക് അറിയാമല്ലോ. അപ്പോൾ പിന്നെ ഇതുപോലുള്ള ദോഷകരമായ കാര്യങ്ങൾ ചേർത്തുകൊണ്ട് ഒരു ഉൽപന്നം വിപണിയിൽ ഇറക്കാനായിട്ട് എവിടെ നിന്നാണ് ഇവർക്ക് ഈ ധിക്കാരം വന്നത്? എവിടെ നിന്നായിരിക്കും ആ ഒരു ധൈര്യം വന്നിട്ടുണ്ടാവുക?
എന്തുകൊണ്ടായിരിക്കും ഇത് ഇങ്ങനെ ചെയ്തതിലൂടെ എന്ത് പ്രത്യാഘാതം വരും അല്ലെങ്കിൽ അതിന് ഒരു കടുത്ത നടപടി ഉണ്ടാവും എന്നുള്ള ഒരു പേടി എന്തുകൊണ്ട് അവർക്ക് വന്നില്ല? അപ്പോൾ പിന്നെ ഇപ്പോൾ ഞാൻ കാണുന്നത് മൊത്തം ഇപ്പോൾ വാർത്താ റിപ്പോർട്ടുകളിൽ ആയിക്കോട്ടെ, വാർത്താ ചാനലിൽ ആയിക്കോട്ടെ അല്ലെങ്കിൽ പലരുടെ വ്ലോഗുകളിൽ ആയിക്കോട്ടെ എന്റെ ഫോട്ടോയും എന്റെ വിഡിയോയുമാണ് ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത്.
ഒരാൾ പോലും ഇതിന്റെ നിർമാതാവ് ആരാണെന്നോ ഇത് എവിടെയാണ് ഉൽപ്പാദിപ്പിക്കുന്നത് എന്നോ ഇതിന്റെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങളോ ഒന്നും എവിടെയും പറയുന്നില്ല. അപ്പോൾ പിന്നെ എല്ലാവരും പ്രസക്തമായി കാണുന്നത് ഇത് പ്രമോഷൻ ചെയ്ത ആളുടെ തെറ്റായിട്ടാണോ അതോ ഇതുപോലെ ഒരു ഉൽപന്നം വിപണിയിൽ ഉള്ളതിനെയാണോ? എവിടെയാണ് പ്രാധാന്യം കൂടുതൽ നിൽക്കുന്നത്?
എനിക്ക് നിങ്ങളുടെ അമർഷവും ദേഷ്യവും നിങ്ങൾ പ്രതിഷേധിക്കുന്ന കാര്യങ്ങളും എല്ലാം എനിക്ക് പൂർണമായും മനസ്സിലാകും. കാരണം ഞാൻ ഇത് വിപണനം ചെയ്തു എന്ന് പറഞ്ഞിട്ട് ഞാൻ ഇവിടുന്ന് മാറി നിൽക്കുന്നില്ല. ഇത് യഥാർത്ഥത്തിൽ വിപണനം ചെയ്ത ഒരേ ഒരു ഇൻഫ്ലുവൻസർ ഞാനല്ല, ഒരുപാട് ഇൻഫ്ലുവൻസർമാർ ഇത് പ്രമോട്ട് ചെയ്തിട്ടുണ്ട്.
പക്ഷേ അവരൊക്കെ ചെയ്തത് എന്താ? എല്ലാം ഡിലീറ്റ് ചെയ്തിട്ട് മിണ്ടാതിരുന്നു. ആരെങ്കിലും വന്ന് പ്രതികരിച്ചോ? ആ സമയത്ത് ഞാൻ ചിന്തിച്ചത് എന്താ? നമ്മൾ അറിഞ്ഞോ അറിയാതെയോ ഇങ്ങനെ ഒരു ദോഷകരമായ ഉൽപന്നത്തിന്റെ പ്രൊമോഷന്റെ ഭാഗമായി... ഒരിക്കലും എന്റെ അറിവോടു കൂടിയിട്ട് ഇത്രയും ദോഷകരമായ ഒരു സാധനം ഞാൻ പ്രമോട്ട് ചെയ്തതല്ല.
എനിക്കറിയില്ലായിരുന്നു; എനിക്ക് തന്നിട്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളിൽ ഇതിൽ ദോഷകരമായ ഒരു ചേരുവയും ഇല്ല എന്ന്... ഞാൻ അത് എന്തായാലും ഞാൻ അവരുടെ ആ ഒരു സ്ക്രീൻഷോട്ട് ഞാൻ ഇവിടെ കൊടുക്കാം. അപ്പോൾ പിന്നെ ഇത് പ്രമോട്ട് ചെയ്യുന്ന ആളുകൾക്ക് എങ്ങനെ അറിയാൻ പറ്റും ഇതിൽ ഇത്രയും രാസവസ്തുക്കൾ ഉണ്ടെന്നുള്ളത്?
ഇത് നമ്മൾ ലാബിൽ പോയി പരിശോധിക്കുന്നത് പ്രായോഗികമായി സാധ്യമാകുന്ന ഒരു കാര്യമല്ല. അപ്പോൾ പിന്നെ ഇതുപോലുള്ള ഒരു ഉൽപന്നം ഇനി വിപണിയിൽ ഇറങ്ങാതിരിക്കാൻ വേണ്ടുന്ന കാര്യങ്ങളാണ് ഇനി നോക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് ഞാൻ അങ്ങനെ അംഗീകരിച്ചുകൊണ്ടുള്ള ഒരു വിഡിയോ ഇട്ടത്. പക്ഷേ അതിനെ ആളുകൾ വളച്ചൊടിച്ച് മാറി നിൽക്കാൻ വേണ്ടിയിട്ടാണ്... ഞാൻ ചെയ്ത കാര്യം എന്താണെന്നും എനിക്കുള്ള ഉത്തരവാദിത്വം എന്താണെന്നും എനിക്ക് നല്ല വ്യക്തമായിട്ടുള്ള ഒരു ബോധ്യമുണ്ട്.
ഇതിന്റെ കാര്യങ്ങൾ നിയമപരമായിട്ട് തന്നെ മുന്നോട്ട് പോവുകയാണെന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഞാൻ ഇതിൽ നിന്ന് പിന്മാറില്ല. നിയമപരമായിട്ട് എനിക്കറിയുന്ന സത്യസന്ധമായിട്ടുള്ള കാര്യങ്ങൾ, എനിക്കുണ്ടായിരുന്ന അനുഭവം, എന്നെ സമീപിച്ചവരുടെ വിവരങ്ങൾ എല്ലാം ഞാൻ നിയമപരമായിട്ട് തന്നെ മുന്നോട്ട് വെളിപ്പെടുത്തിക്കൊണ്ട് പോകാൻ ഞാൻ തയാറാണ്.
മാത്രമല്ല ഇതുപോലുള്ള ഒരു ഉൽപന്നം നാളെ ഈ സമൂഹത്തിൽ വേണ്ട; ആളുകളിലേക്ക് എത്തണ്ട, അത് പ്രചരിപ്പിക്കുന്ന ആളുകളും വേണ്ട. ഇങ്ങനെ ഈ ഒരു കാര്യം ഇതോടുകൂടെ നിർത്തിയില്ല എന്നുണ്ടെങ്കിൽ നാളെ വീണ്ടും ഇതുപോലത്തെ ഉൽപന്നങ്ങൾ ഇറങ്ങും. ഇതൊന്നും മനസ്സിലാക്കാതെ ഇൻഫ്ലുവൻസർമാർ വീണ്ടും ഇതുപോലെ പ്രമോഷൻ ചെയ്യും.
അത് വിശ്വസിക്കാനായിട്ട് പാവം ആളുകൾ ഉണ്ടാവും, അത് ഉപയോഗിക്കും, അവരുടെ ആന്തരിക അവയവങ്ങളെല്ലാം നശിച്ചുകൊണ്ടിരിക്കും. അപ്പോൾ പിന്നെ അത് വേണ്ട. അപ്പോൾ ഇതിനെതിരെ നിങ്ങളോടൊപ്പം തന്നെ ഇതിനെതിരെ പ്രവർത്തിക്കാനായിട്ട് ഞാനും തയാറാണ്.
ഞാൻ എന്റെ ഉത്തരവാദിത്വത്തിൽ നിന്നോ അല്ലെങ്കിൽ എന്റെ ചുമതലയിൽ നിന്നോ പിന്മാറാനായിട്ട് ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഇതിന് നിയമപരമായിട്ട് എങ്ങനെ വരുകയാണെന്നുണ്ടെങ്കിലും എന്റെ എല്ലാവിധ പിന്തുണയോടു കൂടെ തന്നെ മുന്നോട്ടു പോകാനായിട്ട് ഞാൻ തയ്യാറാണ്. പിന്നെ പലരും, പ്രത്യേകിച്ച് എന്നെ നല്ല പരിചയമുള്ളവർ, എനിക്ക് സന്ദേശം അയച്ചിട്ടും വിളിച്ചിട്ടും ചോദിക്കുന്ന ഒരു കാര്യമുണ്ട്; മറ്റുള്ള ഇൻഫ്ലുവൻസർമാരെ പോലെ ഡിലീറ്റ് ചെയ്തിട്ട് മിണ്ടാതെ ഇരുന്നുകൂടായിരുന്നോ, നീ അങ്ങനെ ഒരു വിഡിയോ ചെയ്തതുകൊണ്ടല്ലേ ഇപ്പോൾ അത് സോഷ്യൽ മീഡിയയിൽ ആയിക്കോട്ടെ മറ്റുള്ളവരുടെ ഉള്ളടക്കത്തിൽ ആയിക്കോട്ടെ വാർത്താ റിപ്പോർട്ടുകളിൽ ആയിക്കോട്ടെ നിന്റേതല്ലേ വന്നിരിക്കുന്നേ എന്ന്. എനിക്ക് അങ്ങനെ ചോദിക്കുന്നവരോട് എനിക്ക് ഒറ്റ കാര്യമേ ചോദിക്കാനുള്ളൂ; ഞാൻ അത് വിശ്വസിക്കുന്നില്ല.
ഞാൻ ഒരു കാര്യം ചെയ്തു, അറിവില്ലാതെ ആണെങ്കിലും ഇതിന്റെ പ്രമോഷന്റെ ഒരു ഭാഗമായി എന്നും പറഞ്ഞ് ഞാൻ ആ വിഡിയോ ഡിലീറ്റ് ചെയ്ത് മിണ്ടാതിരുന്ന് മാറി നിന്നുവെന്ന് വെച്ചാൽ അതിന്റെ ഭാഗം ആവാതെ ആകുന്നില്ലല്ലോ അല്ലെങ്കിൽ ഞാൻ ചെയ്ത ഒരു കാര്യം ഇല്ലാതെ ആവുന്നില്ലല്ലോ.
അപ്പോൾ പിന്നെ ഞാൻ അത് പ്രമോഷൻ ചെയ്തിട്ടുണ്ട് എന്നുണ്ടെങ്കിൽ അതിന്റെ എല്ലാ വിവരങ്ങളും പറഞ്ഞുകൊണ്ടുതന്നെ ഇതിനെതിരെ പ്രവർത്തിക്കാൻ ഞാൻ തയാറാണ്. അതുകൊണ്ട് എന്നെ പരിചയമുള്ളവരോട് ഞാൻ അഭ്യർഥിക്കുകയാണ്; ‘നീ ആ വിഡിയോ ചെയ്യേണ്ടായിരുന്നു അല്ലെങ്കിൽ നീ ഇങ്ങനെ പ്രതികരിക്കേണ്ടായിരുന്നു, അതാണ് ഇത്രയും വലിയ പ്രശ്നം’ എന്ന് പറഞ്ഞ് ഉപദേശിക്കാനോ നല്ലത് പറഞ്ഞു തരാനോ ദയവുചെയ്തിട്ട് വരണ്ട. എനിക്ക് എന്താണ് ശരി എന്ന് തോന്നുന്നതാണ് ഞാൻ ചെയ്യുന്നത്.
അപ്പോൾ പിന്നെ ഇങ്ങനെ ഒരു പ്രശ്നം ഇനി വരാതിരിക്കാൻ വേണ്ടിയിട്ട് കടുത്ത നടപടി നമ്മുടെ ഗവൺമെന്റിൽ നിന്നായിക്കോട്ടെ ഈ സംവിധാനത്തിൽ നിന്നായിക്കോട്ടെ ഉണ്ടാവട്ടെ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുകയാണ്. ഇല്ലെങ്കിൽ വീണ്ടും ഇതുപോലുള്ള ചതിക്കുഴികളിൽ ഇതുപോലുള്ള ഇൻഫ്ലുവൻസർമാരും സാധാരണ ആളുകളുമെല്ലാം ഇതിൽ വീഴുന്നതായിരിക്കും. അപ്പോൾ എന്തായാലും നല്ലൊരു മാറ്റം ഉണ്ടാവട്ടെ. ഒരിക്കൽ കൂടി ആ കുട്ടിക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ കഴിയട്ടെ. പിന്നെ പലരും എന്റെ അടുത്ത് ചോദിച്ചിട്ടുണ്ടായിരുന്നു ഞാൻ ഇത് എത്ര ദിവസം ഉപയോഗിച്ചു എന്ന് എന്തുകൊണ്ട് പറയുന്നില്ല, എന്തുകൊണ്ട് ഞാൻ നിർത്തി എന്ന് പറയുന്നില്ല എന്ന്.
ഞാൻ ഒരു 14-15 ദിവസത്തിന് മേലെ എന്തായാലും ഞാൻ ഈ ഒരു ഉൽപന്നം ഉപയോഗിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് എന്റെ കരുവാളിപ്പെല്ലാം മാറി നല്ല വ്യത്യാസം ഉണ്ടായപ്പോൾ ഞാൻ ക്രമേണ അത് നിർത്തുകയാണ് ഉണ്ടായത്.
ഇതിന്റെ ഉള്ളിലുള്ള രാസപ്രവർത്തനങ്ങളോ അല്ലെങ്കിൽ ഇതിലുള്ള പ്രശ്നങ്ങളെക്കുറിച്ചോ എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഇത് പ്രമോഷൻ ചെയ്ത ആർക്കും ഉണ്ടാവില്ല. അപ്പോൾ ഇതുപോലുള്ള ഉൽപന്നങ്ങൾ ഇനി വരാതിരിക്കട്ടെ. തീർച്ചയായിട്ടും ഇതുപോലുള്ള ഒരു പ്രശ്നങ്ങളും ഇനി അടുത്ത ഒരാൾക്ക് വരാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.”
Tags : reneesha rahman Fairness Cream pr marketing promotion raneesha