നരേന്ദ്ര കുശ്വാഹ
ഭോപ്പാൽ: മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പ്ലസ്ടു വിദ്യാർഥിക്ക് മോശം സന്ദേശങ്ങൾ അയച്ച അധ്യാപകനെ പൊലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗുണ സ്വദേശി നരേന്ദ്ര കുശ്വാഹയാണ് പിടിയിലായത്.
ശിശുദിനം മുതലാണ് അധ്യാപകൻ വിദ്യാർഥിക്ക് സന്ദേശങ്ങൾ അയച്ചു തുടങ്ങിയതെന്ന് കുട്ടി ജില്ലാ കലക്ടർ, മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ആദ്യം സാധാരണ നിലയിലായിരുന്നു സംഭാഷണമെങ്കിലും പിന്നീട് സന്ദേശങ്ങളുടെ സ്വഭാവം മാറുകയായിരുന്നു. നവംബർ 18 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി ഇയാൾ മോശം സന്ദേശങ്ങൾ അയച്ചതായി പരാതിയിൽ പറയുന്നു.
വൈകുന്നേരം അഞ്ചിന് ഒഴിവുണ്ടോ എന്നും പുറത്തുപോയി എട്ടിനു തിരികെ കൊണ്ടുവിടാമെന്നും അധ്യാപകൻ സന്ദേശത്തിൽ ചോദിച്ചു. തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങൾ അയക്കരുതെന്ന് വിദ്യാർഥി താക്കീത് നൽകിയതോടെ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ കർട്ടൻ മറച്ച് രഹസ്യ മുറി സജ്ജീകരിച്ചിട്ടുണ്ടെന്നും പെൺകുട്ടികളെ അവിടേക്ക് കൊണ്ടുപോകാറുണ്ടെന്നും വിദ്യാർഥിയുടെ പരാതിയിൽ ആരോപണമുണ്ട്. മറ്റ് വിദ്യാർഥികളോടും അധ്യാപകൻ സമാനമായ രീതിയിൽ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.