പ്രതീകാത്മക ചിത്രം (എഐ)
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുന്നു. നിലവിലുള്ള ലേണേഴ്സ് ടെസ്റ്റിനും ഗ്രൗണ്ട്-റോഡ് ടെസ്റ്റുകൾക്കും പുറമെ 'ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്' (Hazard Perception Test) കൂടി നിർബന്ധമാക്കി. 2026 ഡിസംബർ ഒന്നു മുതൽ പുതിയ രീതി നിലവിൽ വരും. വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കാനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പുതിയ നീക്കം.
എന്താണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്?
റോഡിലെ അപകടസാധ്യതകളും അപ്രതീക്ഷിത പ്രതിസന്ധികളും മുൻകൂട്ടി കണ്ട് വാഹനം നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്ന ഓൺലൈൻ പരീക്ഷയാണിത്. വിവിധ അപകട സാഹചര്യങ്ങൾ ചിത്രീകരിച്ച 10 വീഡിയോ ക്ലിപ്പുകളാണ് പരീക്ഷയിൽ ഉണ്ടാവുക. വീഡിയോ കണ്ട് അപകടസാധ്യതയുള്ള നിമിഷങ്ങൾ കൃത്യമായി അടയാളപ്പെടുത്തണം. കുറഞ്ഞത് 60 ശതമാനം മാർക്ക് നേടുന്നവർ മാത്രമേ ഈ പരീക്ഷയിൽ വിജയിക്കുകയുള്ളൂ.
പുതിയ ക്രമീകരണം ഇങ്ങനെ
നിലവിൽ ലേണേഴ്സ് ടെസ്റ്റ് പാസായി 30 ദിവസം കഴിഞ്ഞാൽ നേരിട്ട് ഗ്രൗണ്ട് ടെസ്റ്റിന് അപേക്ഷിക്കാമായിരുന്നു. എന്നാൽ ഡിസംബർ ഒന്നു മുതൽ ലേണേഴ്സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ആദ്യം ഈ ഓൺലൈൻ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് എഴുതണം. ഇതിൽ വിജയിക്കുന്നവർക്ക് മാത്രമേ തുടർന്നുള്ള ഗ്രൗണ്ട് ടെസ്റ്റിലും (പാർട്ട് 1) റോഡ് ടെസ്റ്റിലും (പാർട്ട് 2) പങ്കെടുക്കാൻ അനുമതി ലഭിക്കുകയുള്ളൂ.
ഡ്രൈവർമാരുടെ അശ്രദ്ധയും അപകടസാധ്യതകൾ തിരിച്ചറിയുന്നതിലെ പിഴവുകളുമാണ് ഭൂരിഭാഗം റോഡപകടങ്ങൾക്കും കാരണമാകുന്നത്. കൃത്യമായ പരിശീലനത്തിലൂടെയും പരിശോധനയിലൂടെയും ഡ്രൈവർമാരിൽ അപകടബോധം വളർത്തിയെടുക്കാനാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
Tags : Driving License Test Driving License mvd