കൊല്ലപ്പെട്ട ധനരാജ്
കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങൾക്കുശേഷം നേതാക്കൾ പരസ്പരം കൈകൊടുത്ത് പിരിയുമ്പോഴും കൊല്ലപ്പെട്ട പ്രവർത്തകന്റെ കുടുംബത്തിന് അത് എന്നെന്നേക്കുമായി തീരാനോവാണ് അവശേഷിപ്പിക്കുന്നതെന്ന വികാരനിർഭരമായ നിരീക്ഷണത്തോടെയാണ് ധനരാജ് വധക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. പ്രശസ്ത പലസ്തീനിയൻ കവി മുഹമ്മദ് ദർവേഷിന്റെ കവിതാശകലങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് വിധി പ്രസ്താവിച്ചത്.
"യുദ്ധങ്ങൾ അവസാനിക്കും, നേതാക്കൾ ഹസ്തദാനം ചെയ്യും. ആ വൃദ്ധ തന്റെ രക്തസാക്ഷിയായ മകനെ കാത്തിരിക്കും. ആ പെൺകുട്ടി തന്റെ പ്രിയപ്പെട്ട ഭർത്താവിനായി കാത്തിരിക്കും. ആ കുട്ടികൾ അവരുടെ പിതാവിനെ നോക്കിയിരിക്കും..." ലോകത്ത് എന്ത് സംഭവിച്ചാലും ആത്യന്തികമായി നഷ്ടം സംഭവിക്കുന്നത് സാധാരണക്കാരായ കുടുംബങ്ങൾക്കാണെന്ന് ഓർമ്മിപ്പിക്കുന്ന ഈ വരികൾ ചൂണ്ടിക്കാട്ടിയാണ് കോടതി രാഷ്ട്രീയ അക്രമങ്ങൾക്കെതിരെ ശക്തമായ സന്ദേശം നൽകിയത്.
അക്രമരാഷ്ട്രീയത്തിന്റെ ഇരകളാകുന്നവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന നികത്താനാവാത്ത നഷ്ടം കോടതി പ്രത്യേകം എടുത്തുപറഞ്ഞു. കുന്നരു കാരന്താട്ടെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന സി.വി. നരാജിനെ(40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്.
ധനരാജ് കൊല്ലപ്പെട്ട് പത്ത് വര്‍ഷത്തിന് ശേഷമാണ് കേസ് പൂർത്തിയായി വിധിയുണ്ടാകുന്നത്. 2016 ജൂലൈ 11ന് രാത്രി 9.45 ഓടെ രണ്ടു മോട്ടോര്‍ സൈക്കിളുകളില്‍ പിന്തുടര്‍ന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ രാഷ്ട്രീയ വിരോധത്തില്‍ വീടിന് മുന്‍വശം വെച്ച് ധനരാജിന്റെ കാലിനും മറ്റും വെട്ടിപരിക്കേല്പ്പിച്ചുവെന്നും രക്ഷപ്പെടാനായി ഓടിയപ്പോള്‍ പിന്തുടർന്ന് വീടിന്റെ പിന്‍വശത്തെ ഷെഡിന് സമീപത്തുവെച്ച് ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ ബിജു, വിപിന്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്ന് വാള്‍കൊണ്ടും കത്തികൊണ്ടും നെഞ്ചിനും കൈക്കും കാലിനും വെട്ടിയും കുത്തിയും ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയതായാണ് കേസ്.
Tags : Dhanaraj Murder Case RSS life imprisonment