രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട പീഡനക്കേസിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. രാഹുലിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ അൺലോക്ക് ചെയ്യുന്നതിനുള്ള പാസ്വേഡ് കൈമാറാൻ പ്രതി ബാധ്യസ്ഥനാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഫോണുകളുടെ പാസ്വേഡ് നൽകാൻ രാഹുലിന് നിയമപരമായ ബാധ്യതയുണ്ട്.
ഇതിന് ഭരണഘടനാപരമായ പരിരക്ഷ അവകാശപ്പെടാനാകില്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. തിരുവല്ല പീഡനക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകളാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഫോണുകൾ പരിശോധിക്കുന്നതിനായി പാസ്വേഡ് നൽകണമെന്ന കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുൽ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ വാദം ഉന്നയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കേണ്ടത് അനിവാര്യമാണെന്നും അതിനായി പാസ്വേഡ് കൈമാറാൻ രാഹുലിനെ നിർബന്ധിക്കാമെന്നുമാണ് സർക്കാരിന്റെ വാദം. ഫോണുകളിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും പാസ്വേഡ് കൈമാറിയാൽ അവ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് രാഹുലിന്റെ വാദം.
Tags : DigitalEvidence RapeCase RahulMamkootathil MobilePhonePassword LegalBattle HighCourt