ചക്കക്കൊമ്പന്
മൂന്നാറിന്റെ മലനിരകളിൽ മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ചിന്നക്കനാലിലേക്ക് ഇന്ന് കേരളം മുഴുവൻ ഉറ്റുനോക്കുകയാണ്. ആ ആകാംക്ഷയ്ക്കും ഭയത്തിനും പിന്നിൽ ഒരൊറ്റ പേര് മാത്രമാണുള്ളത്... ചക്കക്കൊമ്പൻ. ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷം നാളുകളായി തുടരുന്ന പ്രദേശമാണ് മൂന്നാറും പരിസരമേഖലകളും. അരിക്കൊമ്പൻ, മുറിവാലൻ, ചക്കക്കൊമ്പൻ തുടങ്ങി പേരുകളിലൂടെ നാട്ടുകാർക്കിടയിലും മാധ്യമങ്ങളിലും ശ്രദ്ധ നേടിയ കാട്ടാനകൾ പലപ്പോഴും ജനവാസമേഖലകളിലിറങ്ങി ഭീതിയുടെ നിഴൽ വീഴ്ത്തിയിട്ടുണ്ട്.
വീടുകൾക്കും കൃഷിക്കും നാശം വരുത്തുന്നതിനു പുറമെ മനുഷ്യജീവനും ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഉടലെടുത്തതോടെയാണ് ആനകളെ പിടികൂടി മാറ്റുന്നതിനുള്ള നടപടികളിലേക്ക് വനംവകുപ്പും അധികൃതരും കടന്നത്. ഈ നീക്കങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് അരിക്കൊമ്പനെ പിടികൂടി പെരിയാർ വനമേഖലയിലേക്ക് മാറ്റിയ നടപടിയായിരുന്നു. എന്നാൽ അതോടെ ചിന്നക്കനാലിലെ ആനശല്യത്തിന് പൂർണവിരാമമായില്ല. ഓരോ ആനയുടെയും സാന്നിധ്യവും നീക്കങ്ങളും നാട്ടുകാരിൽ ആശങ്കയും കൗതുകവും ഒരുപോലെ സൃഷ്ടിച്ചുകൊണ്ടിരുന്നു.
അന്ന് ഹീറോ ഇന്ന് വില്ലൻ
2023-ൽ ചിന്നക്കനാലിനെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പൻ ദൗത്യം ഇന്നും ആരും മറന്നിട്ടില്ല. ജനവാസമേഖലയിൽ ഭീതിവിതച്ച അരിക്കൊമ്പനെ പിടികൂടി പെരിയാർ കടുവാസങ്കേതത്തിലേക്ക് മാറ്റിയ ആ ദൗത്യത്തിൽ അപ്രതീക്ഷിതമായി നിർണായക സാന്നിധ്യമായത് മറ്റൊരു കാട്ടുകൊമ്പനായിരുന്നു ചക്കക്കൊമ്പൻ. അന്ന് മദപ്പാടിലായിരുന്ന ചക്കക്കൊമ്പനും അരിക്കൊമ്പനും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടൽ വനംവകുപ്പിന്റെ നീക്കങ്ങൾക്ക് ശക്തി പകർന്നിരുന്നു.
അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കുന്നതിൽ ഈ ഏറ്റുമുട്ടലിന് നിർണായക പങ്കുണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. കാലം മാറിയപ്പോൾ കഥയും മാറി. അന്ന് അരിക്കൊമ്പൻ ദൗത്യത്തിൽ ശ്രദ്ധേയനായ ചക്കക്കൊമ്പൻ ഇപ്പോൾ ജനവാസമേഖലകളിലെ സാന്നിധ്യവും നീക്കങ്ങളും കാരണം ആശങ്കയുടെ കേന്ദ്രമാണ്. ഒരിക്കൽ ദൗത്യത്തിന് വഴിയൊരുക്കിയ ആ കൊമ്പനെ പൂട്ടാനുള്ള നീക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ചക്ക കണ്ടാൽ വിടില്ല; പേരിൽ എല്ലാമുണ്ട്
പേരിൽ തന്നെയുണ്ട് ഈ കൊമ്പന്റെ ഇഷ്ടവും സ്വഭാവവും. ചക്കയോടുള്ള അടങ്ങാത്ത കൊതിയാണ് ചിന്നക്കനാലിലെ ഈ കാട്ടുകൊമ്പന് ചക്കക്കൊമ്പൻ എന്ന പേര് നേടിക്കൊടുത്തത്. ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും പതിവായി എത്തുന്ന ഇവൻ പ്ലാവുകളിലെ ചക്ക തേടിപ്പിടിച്ച് ഭക്ഷിക്കുന്നതിലൂടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആനയിറങ്കൽ, പൊന്നുസ്വാമി എസ്റ്റേറ്റ്, 80 ഏക്കർ കോളനി, 301 കോളനി തുടങ്ങിയ പ്രദേശങ്ങളാണ് ചക്കക്കൊമ്പന്റെ പ്രധാന സഞ്ചാരമേഖലകൾ.
പ്ലാവിന്റെ ഉയർന്ന കൊമ്പുകളിൽ നിൽക്കുന്ന ചക്ക പോലും പറിച്ചെടുക്കാൻ കൊമ്പന് പ്രത്യേക കഴിവുണ്ട്. തുമ്പിക്കൈ എത്തുന്ന ഉയരത്തിലാണെങ്കിൽ ചക്ക പറിച്ചെടുക്കും. അല്ലാത്തപക്ഷം പ്ലാവുകൾ കുത്തിമറിച്ചിട്ടാണ് ഇഷ്ടവിഭവം സ്വന്തമാക്കുന്നത്. പഴുത്ത ചക്കയെന്നോ മൂപ്പെത്താത്ത ചക്കയെന്നോ വേർതിരിവില്ല. കിട്ടുന്നതെല്ലാം അകത്താക്കും. ചക്ക തേടിയെത്തുന്ന ഈ ഒറ്റയാൻ പുരയിടങ്ങളിലെത്തിയാൽ കൃഷിക്ക് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.
ചക്ക മാത്രമല്ല, വാഴയും ചക്കക്കൊമ്പന്റെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ്. ചക്ക തേടി കൃഷിയിടങ്ങളിലെത്തുന്ന ആന മറ്റ് വിളകളും ചവിട്ടിമെതിക്കുന്നതും പതിവാണ്. ചിലപ്പോഴൊക്കെ വീടുകൾക്ക് നേരെയും ആക്രമണം നടത്താറുണ്ട്. ഇതിനിടെ രണ്ടുപേരും ഈ കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ കൊലക്കൊമ്പന്റെ സാന്നിധ്യം നാട്ടുകാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സുരക്ഷാപ്രശ്നമായതോടെയാണ് പിടികൂടി മാറ്റണമെന്ന ആവശ്യം ശക്തമായത്.
പേരുകൾക്കു പിന്നിൽ ഓരോ കഥകളുണ്ട്
ചിന്നക്കനാലിലെ കാട്ടാനകളുടെ പേരുകൾക്കും ഓരോ കഥകളുണ്ട്. ചക്കക്കൊമ്പന് ചക്കയോടുള്ള ഇഷ്ടമാണ് പേരിന് പിന്നിലെങ്കിൽ അരിക്കൊമ്പന്റെ കാര്യവും വ്യത്യസ്തമല്ല. ജനവാസമേഖലകളിലിറങ്ങി വീടുകളിലും റേഷൻകടകളിലും സൂക്ഷിച്ചിരുന്ന അരിയും ധാന്യങ്ങളും ഭക്ഷിക്കുന്നതായിരുന്നു അരിക്കൊമ്പന്റെ പ്രത്യേകത. അരിയോടുള്ള ഈ ഇഷ്ടമാണ് നാട്ടുകാർക്കിടയിൽ ആനയ്ക്ക് അരിക്കൊമ്പൻ എന്ന പേര് സമ്മാനിച്ചത്. അങ്ങനെ ഭക്ഷണശീലങ്ങൾ തന്നെ പേരുകളായി മാറിയ രണ്ട് കാട്ടുകൊമ്പന്മാർ ചിന്നക്കനാലിന്റെ വന്യജീവി ചരിത്രത്തിൽ ഇടംപിടിച്ചു.
എന്നാൽ പേരിലെ കൗതുകത്തിനപ്പുറം ഇരുവരുടെയും സാന്നിധ്യം ജനവാസമേഖലകളിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. അരിക്കൊമ്പനെ 2023-ൽ പിടികൂടി പെരിയാർ കടുവാസങ്കേതത്തിലേക്ക് മാറ്റിയെങ്കിലും ചിന്നക്കനാലിലെ ആനശല്യവും ആശങ്കകളും പൂർണമായി അവസാനിച്ചിട്ടില്ല. ഇപ്പോൾ ചക്കക്കൊമ്പനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങൾ വീണ്ടും പ്രദേശത്തെ ജനങ്ങളുടെയും വനംവകുപ്പിന്റെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.
ചക്കക്കൊമ്പനെ മാറ്റിയാൽ എന്ത് സംഭവിക്കും
അരിക്കൊമ്പനെ പിടികൂടി മാറ്റുകയും മുറിവാലൻ ചരിയുകയും ചെയ്തതോടെ ചിന്നക്കനാൽ മേഖലയിലെ പ്രായപൂർത്തിയായ ഏക കൊമ്പനെന്ന നിലയിൽ ചക്കക്കൊമ്പന്റെ സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതാണെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ഈ മേഖലയിൽ ഏകദേശം 20 കാട്ടാനകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചിന്നക്കനാലിലെ ഒരു പ്രശ്നക്കാരൻ എന്നതിലുപരി വലിയൊരു പാരിസ്ഥിതിക പ്രാധാന്യം കൂടി ചക്കക്കൊമ്പനുണ്ട്.
അരിക്കൊമ്പനെ പിടികൂടി മാറ്റിയതും സൂചിക്കൊമ്പനും മുറിവാലനും ചരിഞ്ഞതും മേഖലയിലെ ആനക്കൂട്ടത്തിന്റെ ഘടനയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാട്ടാനകളുടെ പ്രജനനശേഷി നിലനിർത്തുന്നതിൽ ചക്കക്കൊമ്പന് നിർണായക പങ്കുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതിനാൽ തന്നെ പരിമിതമായ എണ്ണം കാട്ടാനകൾ മാത്രമുള്ള ഒരു ആവാസവ്യവസ്ഥയിൽ പ്രായപൂർത്തിയായ കൊമ്പന്റെ സാന്നിധ്യത്തിന് വലിയ പ്രാധാന്യമുണ്ട്.
ഇതോടെയാണ് ചക്കക്കൊമ്പനെ പിടികൂടി മറ്റൊരു വനമേഖലയിലേക്ക് മാറ്റണമെന്ന ആവശ്യത്തിനൊപ്പം വ്യത്യസ്തമായ അഭിപ്രായങ്ങളും ഉയരുന്നത്. ജനവാസമേഖലകളിലെ സുരക്ഷയും കൃഷിനാശവും ഒരു വശത്ത് നിൽക്കുമ്പോൾ, ചിന്നക്കനാലിലെ ആനക്കൂട്ടത്തിന്റെ നിലനിൽപ്പും സ്വാഭാവിക പ്രജനനവും മറുവശത്തുണ്ട്. അതുകൊണ്ടുതന്നെ ചക്കക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം കേവലം ഒരു കാട്ടാനയെ പിടികൂടുന്നതിനപ്പുറം വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിർണായക വിഷയമായി മാറുകയാണ്.
Tags : Mission Chakkakomban Chakkakomban ChakkakombanMission Munnar Chinnakanal ElephantCapture ForestDepartment WildElephant HumanWildlifeConflict