ന്യൂഡൽഹി: ലക്ഷദ്വീപിൽ മദ്യം വിൽക്കുന്നത് വിലക്കുന്ന 1979ലെ ലക്ഷദ്വീപ് നിരോധന നിയന്ത്രണ നിയമം കേന്ദ്ര സർക്കാർ പിൻവലിച്ചു. ലക്ഷദ്വീപിനെ ടൂറിസം ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണിത്.
ലക്ഷദ്വീപിലെ മദ്യവില്പനയിൽ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്ന ’ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ കഴിഞ്ഞ ദിവസം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തു.
പുതിയ നിയമമനുസരിച്ച് മദ്യത്തിന്റെ ഉത്പാദനവും ഇറക്കുമതിയും കയറ്റുമതിയും വില്പനയും ഉപഭോഗവും ഒരു ലൈസൻസിംഗ് സംവിധാനത്തിലൂടെയാണ് നടപ്പിലാക്കുക. സർക്കാർ ഉടമസ്ഥതയിലുള്ള കോർപറേഷനുകളും ഏജൻസികളും മദ്യത്തിന്റെ റീട്ടെയ്ൽ വിൽപനയ്ക്കായുള്ള ലൈസൻസുകൾ കരസ്ഥമാക്കാൻ അർഹരാണ്.
അനിയന്ത്രമായ മദ്യ വ്യാപാരം തുറന്നിടാതെ പുതിയ നിയമം കർശനമായ സർക്കാർ നിയന്ത്രണം നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. മദ്യം ലഭ്യമായ മാലദ്വീപ് പോലെയുള്ള ബീച്ച് ടൂറിസം പ്രദേശങ്ങളുടെ തലത്തിലേക്ക് ലക്ഷദ്വീപിനെയും ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എന്നാൽ മദ്യത്തിന്റെ എളുപ്പത്തിലുള്ള ലഭ്യത മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിലെ യുവാക്കളെ മദ്യാസക്തിയിലേക്കു തള്ളി വിടുമെന്നും ദ്വീപ് നിവാസികൾ ഇതുവരെ പിന്തുടർന്നുവന്നിരുന്ന സംസ്കാരത്തിനും ജീവിതരീതിക്കും മാറ്റംവരുമെന്നും വിമർശിക്കുന്നവരുണ്ട്.
Tags : liquor Lakshadweep ban lifted