ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഭാവി ഉടനിയാം. പ്രഖ്യാപിത പ്രതിഷേധത്തിനായി അദ്ദേഹം നാളെ ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ ഇറങ്ങുന്ന നിമിഷം തന്നെ താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് അഭിജീത് ദീപ്കെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ നാളെ നടക്കാനിരിക്കുന്ന വൻ പ്രക്ഷോഭത്തിന് മുന്നോടിയായി അഭിജീത് ദീപ്കെ നാളെ ഡൽഹിയിലെത്തുമ്പോൾ രാഷ്ട്രീയ വൃത്തങ്ങളും രാജ്യത്തെ യുവജനങ്ങളും കടുത്ത ആകാംക്ഷയിലാണ്. തനിക്കു വധഭീഷണികളുണ്ടെന്നും അറസ്റ്റിനെ ഭയമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ജനാധിപത്യം സംരക്ഷിക്കാൻ ജയിൽവാസത്തിനു വരെ തയാറാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ വൻ ജനക്കൂട്ടം എത്തിയാൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്നതിനാൽ തന്നെ സ്വീകരിക്കാൻ അണികൾ ആരും എത്തരുതെന്ന് അദ്ദേഹം പ്രത്യേകം അഭ്യർഥിച്ചിരുന്നു. ഇന്ത്യയിൽ കാലുകുത്തുന്ന അഭിജീതിനെ അധികൃതർ തടഞ്ഞുവയ്ക്കുമോ അതോ അറസ്റ്റ് രേഖപ്പെടുത്തുമോ എന്നതിനെ ആശ്രയിച്ചിരിക്കും കോക്രോച്ച് ജനതാ പാർട്ടിയുടെയും നാളത്തെ പ്രക്ഷോഭത്തിന്റെയും മുന്നോട്ടുള്ള ഭാവി.
Tags : Abhijeet Dipke Cockroach Janata Party Latest News